| Sunday, 2nd June 2019, 4:30 pm

കാന്‍സറില്ലാതെ കീമോതെറാപ്പി: അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി; കാന്‍സറുണ്ടെന്ന റിപ്പോര്‍ട്ട് നല്‍കിയ ഡയനോവ ലാബ് അടപ്പിച്ചു- വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കാന്‍സറില്ലാത്ത രോഗിക്ക് കീമോതെറാപ്പി നല്‍കിയ സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ. അതിനിടെ കാന്‍സര്‍ ഉണ്ടെന്ന റിപ്പോര്‍ട്ട് നല്‍കിയ കോട്ടയത്തെ ഡയനോവ ലബോറട്ടറി എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ഇന്ന് അടപ്പിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജിലാണ് സംഭവം. ആലപ്പുഴ കുടശനാട് സ്വദേശി രജനിക്കാണ്് കാന്‍സര്‍ സ്ഥിരീകരിക്കാതെ കീമോതെറാപ്പി നല്‍കിയത്. ഡയനോവ ലബോറട്ടറിയുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കീമോ തെറാപ്പി ആരംഭിച്ചത്.

നെഞ്ചില്‍ തടിപ്പ് കണ്ടതിനെത്തുടര്‍ന്നാണ് രജനി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തുന്നത്. സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മാമോഗ്രാം നിര്‍ദേശിച്ചു. മുഴയുള്ള ഭാഗത്തെ സാമ്പിളുകള്‍ ശേഖരിച്ച് ആശുപത്രി ലാബിലും ഡയനോവ ലാബിലും പരിശോധനക്കും നല്‍കി. ഇതില്‍ ഡയനോവയിലെ ഫലമാണ് ആദ്യം ലഭിച്ചത്. കാന്‍സര്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് വന്നതോടെ ചികിത്സ ആരംഭിക്കുകയായിരുന്നു. കീമോ ചികിത്സ തുടങ്ങിയതോടെ മുടി കൊഴിഞ്ഞ് ശരീരം കരിവാളിച്ചു. ഒപ്പം നിരവധി പാര്‍ശ്വഫലങ്ങളും ഉണ്ടായി.

പിന്നീട് പതോളജി ലാബിലെ ഫലം വന്നപ്പോള്‍ കാന്‍സര്‍ ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ആര്‍.സി.സിയിലെ പരിശോധനയിലും കാന്‍സര്‍ ഇല്ലെന്ന് തെളിഞ്ഞതോടെ മുഴ ശസ്ത്രക്രിയ ചെയ്ത് മാറ്റുകയായിരുന്നു. ്കോട്ടയം മെഡിക്കല്‍ കോളേജിലെയും തിരുവനന്തപുരം ആര്‍.സി.സിയിലെയും പരിശോധനയില്‍ കാന്‍സര്‍ ഇല്ലെന്ന് തെളിഞ്ഞതോടെ നിയമനടപടിക്കൊരുങ്ങുകയാണ് രജനി.

We use cookies to give you the best possible experience. Learn more