| Thursday, 13th June 2019, 11:43 am

കാന്‍സറില്ലാതെ കീമോതെറാപ്പി: 'ഡോക്ടറുടേത് അനാവശ്യ തിടുക്കം, രജനിയുടെ തുടര്‍ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും'- മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാന്‍സറില്ലാതെ കീമോതെറാപ്പി ചെയ്ത സംഭവത്തില്‍ ആലപ്പുഴ സ്വദേശിനിയായ രജനിയുടെ തുടര്‍ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും. കീമോതെറാപ്പിക്കു വിധേയയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് അനാവശ്യമായ തിടുക്കമുണ്ടായെന്നും നിര്‍ഭാഗ്യകരകരമായ സംഭവമാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആശുപത്രിയിലെ ചികിത്സാ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും ബോധ്യപ്പെട്ട ശേഷമേ ഡോക്ടര്‍മാര്‍ ചികിത്സ നടത്താവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് രജനി മുഖ്യമന്ത്രിയെ കണ്ടിരുന്നു. തുടര്‍ചികിത്സയും സര്‍ക്കാര്‍ ജോലിയും വേണമെന്നായിരുന്നു ആവശ്യം. തിരുവനന്തപുരത്തെത്തിയാണ് മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രി കെ.കെ ശൈലജയെയും കണ്ടത്. പൂര്‍ണസഹായം ഇരുവരും ഉറപ്പ് നല്‍കിയതായും രജനി പറഞ്ഞിരുന്നു.

കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് നിരന്തരമായി പ്രശ്‌നങ്ങളുണ്ടെന്ന് പറയാനാകില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞിരുന്നു. മെഡിക്കല്‍ കോളേജിന് മുന്നില്‍ പ്രവര്‍ത്തിക്കുന്ന സി.എം.സി കാന്‍സര്‍ സെന്ററില്‍ നടത്തിയ മാമോഗ്രാമിലും ഡയനോവ ലാബിലെ ബയോപ്‌സിയിലും രജനിക്ക് കാന്‍സറുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡോ. സുരേഷ് കുമാര്‍ കീമോ ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്.

മാര്‍ച്ച് നാലിനാണ് കുടശനാട് സ്വദേശി രജനി മെഡിക്കല്‍ കോളേജില്‍ ചികിത്സയ്‌ക്കെത്തുന്നത്. മെഡിക്കല്‍ കോളേജിലെ ലാബില്‍ ബയോപ്‌സി ചെയ്യുന്നതിനൊപ്പം സ്വകാര്യ ലാബിലും ടെസ്റ്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. സ്വകാര്യ ലാബായ ഡയനോവയിലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കീമോ തുടങ്ങി. എന്നാല്‍, മെഡിക്കല്‍ കോളേജിലെ റിപ്പോര്‍ട്ടില്‍ രജനിക്ക് കാന്‍സറില്ലെന്ന് കണ്ടെത്തുകയായിരുന്നു.

സംഭവം അന്വേഷിക്കാന്‍ സര്‍ജന്‍, റേഡിയോ തെറാപ്പിസ്റ്റ്, പത്തോളജിസ്റ്റ് എന്നിവര്‍ അടങ്ങിയ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മറ്റ് മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള വിദഗ്ധര്‍ ആകും സംഘത്തില്‍ ഉണ്ടാകുക.

കേസില്‍ കോട്ടയം ഗാന്ധിനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാക്കെതിരെയും രണ്ട് സ്വകാര്യ ലാബുകള്‍ക്കും എതിരെയാണ് രജനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്.

We use cookies to give you the best possible experience. Learn more