| Friday, 20th August 2021, 10:04 am

'തങ്ക'ത്തിളക്കമുളള ഓര്‍മകള്‍ പങ്കുവെച്ച് കറുത്തമ്മയുടെ കൂട്ടുകാരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന സിനിമയാണ് ചെമ്മീന്‍. തകഴി ശിവശങ്കരപ്പിളളയുടെ കഥയും രാമു കാര്യാട്ടിന്റെ സംവിധാനവും ഒത്തു ചേര്‍ന്നപ്പോള്‍ മലയാളികള്‍ക്ക് ഒരു ദൃശ്യ വിരുന്നായി മാറുകയായിരുന്നു ഈ സിനിമ.

ചെമ്മീന്‍ സിനിമയായി ഇറങ്ങിയിട്ട് ഇന്നേക്ക് 56 വര്‍ഷം പിന്നിട്ടു കഴിഞ്ഞു. കറുത്തമ്മയും പരീക്കുട്ടിയും കൊച്ചു മുതലാളിയുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. എന്നാല്‍ കറുത്തമ്മയുടെ കൂട്ടുകാരിയായി അഭിനയിച്ച തങ്കം വര്‍ഷങ്ങള്‍ക്കിപ്പുറം ഓര്‍മകള്‍ പങ്കിടുകയാണ്.

അന്നത്തെ പതിനാലു വയസുകാരി ഇപ്പോള്‍ ചേര്‍ത്തലയിലാണ് താമസം. ചേര്‍ത്തലക്കാരി തങ്കത്തിന്റെ രണ്ടാമത്തെ സിനിമയായിരുന്നു ചെമ്മീന്‍. സത്യന്‍ നായകനായ കടലമ്മയായിരുന്നു അവരുടെ ആദ്യ ചിത്രം.

കറുത്തമ്മയുടെ കൂട്ടുകാരിയാവാന്‍ പറ്റിയ മുഖമന്വോഷിച്ച് നടന്ന തകഴിക്ക് ആലപ്പുഴയിലെ സ്വര്‍ണ വ്യാപാരി ചെമ്പക മണിയാണ് തങ്കത്തിനെ പരിചയപ്പെടുത്തുന്നത്.

ഈ സിനിമയാണ് തന്റെ ജിവിതത്തിലെ വഴിത്തിരിവായതെന്ന് തങ്കം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പുന്നപ്രയിലും മാള കടപ്പുറത്തുമായിരുന്ന ലൊക്കേഷന്‍ ഒരുപാട് ആസ്വദിച്ചെന്ന് തങ്കം പറയുന്നുണ്ട്.

കറുത്തമ്മയുടെ കൂടെ അഭിനയിച്ച പെണ്ണാളേ…പെണ്ണാളേ…കരിമീന്‍ കണ്ണാളേ…എന്നു തുടങ്ങുന്ന ഗാനരംഗത്തിന്റെ ഓര്‍മകളും മനസില്‍ ഇന്നും മായാതെ സൂക്ഷിക്കുകയാണ് തങ്കം.

സത്യന്‍, മധു, ഷീല തുടങ്ങിയ പ്രഗത്ഭരുടെ കൂടെ അഭിനയിക്കാന്‍ ലഭിച്ച അവസരവും വലിയ ഭാഗ്യമായാണ് കരുതുന്നതെന്ന് അവര്‍ പറയുന്നു.

ചെമ്മീന്‍ സിനിമയിലെ ഓരോ രംഗവും മലയാളിക്ക് ഇന്നും അതിശയം സമ്മാനിക്കുന്നവയാണ്.

പുതിയ ആകാശം പുതിയ ഭൂമി, കല്യാണ ഫോട്ടോ, അനുഭവങ്ങള്‍ പാളിച്ചകള്‍, കണ്ണപ്പനുണ്ണി, തച്ചോളി അമ്പു, കടത്തനാട്ട് മാക്കം, ചൂള, പിച്ചിപ്പൂ, നീലപ്പൊന്‍മാന്‍, തീനാളങ്ങള്‍, ഇത്തിക്കരപ്പക്കി, വല്ലാത്ത പഹയന്‍, മാണിക്യ കൊട്ടാരം എന്നിവയാണ് ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച തങ്കത്തിന്റെ സിനിമകള്‍.

ബഹദൂറിന്റേയും ആലുംമൂടന്റേയും ജോഡിയായിട്ടാണ് പല സിനിമകളിലും അഭിനയിച്ചത്. നിത്യവസന്തം എന്ന സിനിമയില്‍ ഡാന്‍സ് മാസ്റ്റര്‍ പാര്‍തഥസാരഥിയുടെ സഹായിയായും പ്രവര്‍ത്തിച്ചിരുന്നു.

സംഗീതവും കഥകളിയും ഫോക്ക് ഡാന്‍സും തന്റെ മേഖലയായി കൊണ്ടു നടന്നിരുന്നു. മമ്മൂട്ടി നായകനായ മകന്‍ എന്റെ മകന്‍ എന്ന സിനിമയാണ് തങ്കം അഭിനയിച്ച അവസാന ചിത്രം.

നഗരസഭാ ജീവനക്കാരിയായി ജോലി ലഭിച്ചതോടെ തങ്കം അഭിനയ ജീവിതം അവസാനിപ്പിച്ചു. പ്രശസ്ത കാഥികനും ആത്മീയ പ്രഭാഷകനുമായ മുതുകുളം സോമനാഥാണ് ഭര്‍ത്താവ്. മകന്‍ സേതു അറിയപ്പെടുന്ന ഗായകനുമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Chemmeen movie actress Thankam share her experiance

Latest Stories

We use cookies to give you the best possible experience. Learn more