| Sunday, 30th October 2022, 12:56 pm

ബീഫ് കഴിക്കാന്‍ സമ്മതിക്കാത്ത രാജേഷും സ്ത്രീകളെ ഭക്തിയും സംസ്‌കാരവും പഠിപ്പിക്കുന്ന അനിയണ്ണനും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

Spoiler Alert

ബേസില്‍ ജോസഫ് നായകനായ ജയ ജയ ജയ ജയഹേ എന്ന ചിത്രം ഒക്ടോബര്‍ 30നാണ് റിലീസ് ചെയ്തത്. കേരളത്തില്‍ ഇന്നും നോര്‍മലായി തന്നെ മിക്ക കുടുംബങ്ങളിലും കാണുന്ന ഗാര്‍ഹിക പീഡനവും വിവേചനവും ഹാസ്യത്തിലൂടെ തുറന്ന് കാണിക്കുകയാണ് ചിത്രത്തിലൂടെ.

പാട്രിയാര്‍ക്കല്‍ സമൂഹത്തിലെ എല്ലാ അധികാര ഭാവങ്ങളുമുള്ള ആണ്‍സമൂഹത്തിന്റെ പ്രതിനിധിയാണ് ബേസില്‍ ജോസഫ് അവതരിപ്പിക്കുന്ന രാജേഷ്. പെണ്ണുകാണാന്‍ വരുമ്പോള്‍ ജയക്ക് തുടര്‍ന്നും പഠിക്കാനും ജോലി ചെയ്യാനുമാണ് താല്‍പര്യമെന്ന് വീട്ടുകാര്‍ പറയുമ്പോള്‍ തന്നെ രാജേഷിന്റെ മുഖം മാറുന്നുണ്ട്.

പ്രേക്ഷകര്‍ ശ്രദ്ധിക്കുന്ന ചില പ്രത്യേകതകളും രാജേഷിനുണ്ട്. അയാള്‍ക്ക് ബീഫ് ഇഷ്ടമല്ല. കോഴി ഫാം നടത്തുന്ന രാജേഷിന് ചിക്കന്‍ കഴിക്കാനാണ് താല്‍പര്യം. ഭാര്യക്ക് ബീഫ് വേണമെങ്കിലും അയാള്‍ അതിന് സമ്മതിക്കില്ല. ഭാര്യയായ ജയയെക്കൊണ്ടും ചിക്കന്‍ കഴിപ്പിക്കും.

ചിത്രത്തില്‍ രാജേഷിനെപ്പോഴും കൂട്ടായി വരുന്നത് അനിയണ്ണനാണ്. രാജേഷിന്റെ പിതൃസഹോദരന്റെ മകനാണ് അനി. ഭാര്യയുമായി വേര്‍പിരിഞ്ഞ അനിയണ്ണനാണ് രാജേഷിന് ഉപദേശങ്ങള്‍ നല്‍കുന്നത്. നെറ്റിയില്‍ ഒരു കുറി തൊട്ട് കയ്യില്‍ ചരട് കെട്ടി അയ്യപ്പസാമിയുടെ ലോക്കറ്റുള്ള മാലയിട്ടാണ് അനിയണ്ണനെ ചിത്രത്തില്‍ കാണുന്നത്.

സ്ത്രീകള്‍ക്ക് കുടുംബജീവിതത്തില്‍ വേണ്ടതെന്തെന്ന ചോദ്യത്തിന് സംസ്‌കാരം, ഭക്തി, കുട്ടികള്‍ എന്നാണ് അനിയണ്ണന്റെ ഉത്തരം. അനുസരണ, പാചകം, കൈപ്പുണ്യം എന്നാണ് ഈ ചോദ്യത്തിനുള്ള രാജേഷിന്റെ ഉത്തരം.

അനിയണ്ണനും രാജേഷുമായി മികച്ച പ്രകടനമാണ് അസീസ് നെടുമങ്ങാടും ബേസില്‍ ജോസഫും പുറത്തെടുത്തത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും വര്‍ക്കൗട്ടായി. ഒപ്പം അസീസിന്റെ ചില മൈന്യൂട്ട് എക്‌സ്പ്രഷനുകളൊക്കെ ചിരി ഉളവാക്കുന്നതായിരുന്നു.

Content Highlight: chemistry of rajesh and aniyannan in jaya jaya jaya jayahey

We use cookies to give you the best possible experience. Learn more