തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന മീനുകളില്‍ അപകടകാരികളായ രാസവസ്തുക്കള്‍ കൂടിയ അളവില്‍ അടങ്ങിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കുണ്ടാക്കുന്ന ഫോര്‍മലിന്‍, അമോണിയ, സോഡിയം ബെന്‍സോയറ്റ് എന്നീ രാസവസ്തുക്കളാണ് മീനുകള്‍ കേടാകാതിരിക്കാനായി ചേര്‍ക്കുന്നതെന്നാണ് പുതിയ വിവരം. മനുഷ്യശരീരത്തിലെ പ്രധാന ആന്തരികാവയവങ്ങളെ വളരെ ദോഷകരമായ രീതിയില്‍ ബാധിക്കുന്നവയാണ് ഇവ മൂന്നും. പാര്‍ക്കിന്‍സണും ജനിതകരോഗങ്ങളും വരെ ഇവയുടെ പാര്‍ശ്വഫലങ്ങളില്‍ ഉള്‍പ്പെടുന്നു.
ദിവസേനെ 150 ലോഡ് മത്സ്യമാണ് കേരളത്തിലെത്തുന്നത്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴ്നാട്, കര്‍ണ്ണാടകം, ഗോവ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന മീനുകളില്‍ ഭൂരിഭാഗവും രാസവസ്തുക്കള്‍ ചേര്‍ത്തവയാണ്.
സാധാരണ രീതിയില്‍ ഐസിട്ട് സൂക്ഷിക്കുന്ന മീനുകള്‍ മൂന്നു ദിവസമേ കേടാകാതിരിക്കു. പക്ഷെ കൂടിയ തോതിലുളള രാസവസ്തു ഉപയോഗം ഇവയെ ദിവസങ്ങളോളം ചീയാതെ സൂക്ഷിക്കും. അലിഞ്ഞുപോകാതിരിക്കാനായുള്ള രാസപദാര്‍ത്ഥങ്ങള്‍ ഐസില്‍ ചേര്‍ത്ത് അതില്‍ മീനിട്ട് സൂക്ഷിക്കുന്നതാണ് ഇപ്പോഴത്തെ രീതി. ദൂരെയുള്ള സ്ഥലങ്ങളിലേക്ക് മത്സ്യം കൊണ്ടുപോകുന്നതിനു ഒട്ടുമിക്കയിടങ്ങളിലും ഈ രീതിയാണ് പിന്തുടരുന്നത്. വാണിജ്യനേട്ടത്തിനു വേണ്ടി നടപ്പാക്കുന്ന ഇത്തരം പ്രവണതകള്‍ ഉപഭോക്താക്കളിലുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചെറുതല്ല.
പക്ഷെ ഫിഷറീസ് വകുപ്പ് നടത്തിവരുന്ന പരിശോധനകളിലൊന്നും ഇത്തരമൊരു പ്രശ്നം കണ്ടെത്താനായില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഡൂള്‍ന്യൂസിനോട് പറഞ്ഞു. “മാര്‍ക്കറ്റുകളില്‍ കൃത്യമായ പരിശോധന നടത്തിവരുന്നുണ്ട്. മുന്‍കാലങ്ങളില്‍ ഇത്തരത്തില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും അടുത്ത കാലത്തൊന്നും റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.”-മന്ത്രി പറഞ്ഞു. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി(സിഫ്റ്റ്) വികസിപ്പിച്ചെടുത്ത പേപ്പര്‍ കിറ്റുകള്‍ പരിശോധനക്കായി ഉപയോഗിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ മത്സ്യവിപണനരംഗത്ത് ഇതാദ്യമായല്ല രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തുന്നത്. മുന്‍പും ഇത്തരം പരാതികളുയരുകയും റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും ചെയ്തിട്ടുണ്ട്. തുടര്‍ന്നു ആരംഭിക്കുന്ന പരിശോധനകള്‍ കുറച്ചു നാളത്തേക്കു മാത്രമായി ചുരുങ്ങുന്നതാണ് പതിവ്. കഴിഞ്ഞ വര്‍ഷം കേരളത്തിലെത്തിയ നാനൂറോളം സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് മത്സ്യവിഭവങ്ങളില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റു ചികിത്സ തേടേണ്ടിവന്നിരുന്നു.
ചെക്ക് പോസ്റ്റുകളില്‍ കൃത്യമായ പരിശോധന നടത്തിയാല്‍ തന്നെ മായം കലര്‍ന്ന മത്സ്യം നാട്ടിലെത്തുന്നത് ഒരു പരിധി വരെ തടയാനാകും. പൂവാര്‍, വാളയാര്‍, അമരവിള, കാസര്‍കോട്, തിരുവനന്തപുരം എന്നീ ചെക്ക് പോസ്റ്റുകള്‍ വഴിയാണ് കേരളത്തിലെ തീന്‍മേശകളിലേക്ക് മീനെത്തുന്നത്. ഇവിടങ്ങളില്‍ മുന്‍പ് നടത്തിയ പരിശോധനയില്‍ മീനില്‍ ഫോര്‍മലിന്റെയും അമോണിയുടെയും സാന്നിധ്യം കണ്ടെത്തിയിരുന്നു. കരള്‍, വൃക്ക, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കാന്‍ ശേഷിയുള്ളതാണ് ഈ രാസപദാര്‍ത്ഥങ്ങളെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു. ഇതില്‍ തന്നെ സോഡിയം ബെന്‍സോയറ്റ് കോശങ്ങളുടെ നാശം, അകാല വാര്‍ദ്ധക്യം, കാന്‍സര്‍ എന്നിവക്കു കാരണമാകും.
ഈ മാസം 10 മുതല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ട്രോളിങ് നിരോധനം മുന്നില്‍ കണ്ടുകൊണ്ടാണ് മത്സ്യവിപണിയില്‍ രാസവസ്തുക്കള്‍ വ്യാപകമാകുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സിഫ്റ്റ് നിര്‍മ്മിച്ച പേപ്പര്‍ കിറ്റുകളുടെ ഉപയോഗം വ്യാപകമാക്കുന്നത് അനധികൃതമായി ചേര്‍ക്കുന്ന രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം തിരിച്ചറിയാനും വേണ്ട നടപടികള്‍ സ്വീകരിക്കാനും സഹായകമായേക്കാം.
“സാധാരണക്കാര്‍ക്കു വരെ ഉപയോഗിക്കാന്‍ കഴിയുന്നതും 25 രൂപ മാത്രം വില വരുന്നതുമാണ് പുതിയ കിറ്റുകള്‍. നിമിഷനേരം കൊണ്ടു രാസവസ്തുക്കളുടെ സാന്നിധ്യം അറിയാനും സാധിക്കും. ലാബുകള്‍ വഴിയുള്ള പരിശോധനക്കെടുക്കുന്ന കാലതാമസവും ഇതോടെ ഒഴിവാകും.” സിഫ്റ്റിന്റെ ക്വാളിറ്റി അഷുറന്‍സ് വകുപ്പ് മേധാവിയും ശാസ്ത്രജ്ഞനുമായ സൈനുദ്ദീന്‍ എ.എ ഡൂള്‍ന്യൂസിനോട് പറഞ്ഞു. പേപ്പര്‍ കിറ്റുകള്‍ എത്രയും വേഗം വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു.