വൈകിയതിനാല്‍ ശ്രീറാമിന്റെ രക്ത പരിശോധനാ ഫലം നെഗറ്റീവാകാന്‍ സാധ്യതയുണ്ടെന്ന് കെമിക്കല്‍ എക്സാമിനര്‍ പൊലീസിനെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്
Kerala News
വൈകിയതിനാല്‍ ശ്രീറാമിന്റെ രക്ത പരിശോധനാ ഫലം നെഗറ്റീവാകാന്‍ സാധ്യതയുണ്ടെന്ന് കെമിക്കല്‍ എക്സാമിനര്‍ പൊലീസിനെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th August 2019, 9:44 pm

തിരുവനന്തപുരം: ഒമ്പത് മണിക്കൂര്‍ കഴിഞ്ഞതിന് ശേഷം ശേഖരിച്ച ശ്രീറാം വെങ്കിട്ടരാമന്റെ രക്ത സാമ്പിള്‍ നെഗറ്റീവാകാന്‍ സാധ്യതയുണ്ടെന്ന് പരിശോധനയ്ക്കായി എത്തിക്കുമ്പോള്‍ തന്നെ കെമിക്കല്‍ എക്‌സാമിനര്‍ പൊലീസിനോട് പറഞ്ഞിരുന്നതായി റിപ്പോര്‍ട്ട്.

ഇപ്പോള്‍ പുറത്തു വന്ന തിരുവനന്തപുരം കെമിക്കല്‍ ലാബിലെ പരിശോധനാ ഫല പ്രകാരം മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ല.

അപകടം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷമാണ് ശ്രീറാമിന്റെ രക്ത സാമ്പിളെടുത്തിരുന്നത്. നിയമം തെറ്റിച്ച് കൊണ്ട് സ്വകാര്യ ആശുപത്രിയിലെ സൂപ്പര്‍ ഡിലക്‌സ് റൂമില്‍ ശ്രീറാം ചികിത്സ തേടിയത് രക്തത്തിലെ ആല്‍ക്കഹോളിന്റെ സാന്നിധ്യം കുറയ്ക്കാനാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് ഫലം വന്നിരിക്കുന്നത്. ശ്രീറാം മദ്യപിച്ചിരുന്നതായി സംഭവ സ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികളും ആദ്യം അദ്ദേഹത്തെ കൊണ്ട് പോയ ജനറല്‍ ആശുപത്രിയിലെ ഡോക്ടറും പൊലീസ് ഉദ്യോഗസ്ഥനും കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസും പറഞ്ഞിരുന്നു.

അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാന്‍ സാധിക്കാത്ത പക്ഷം സ്റ്റേഷന്‍ ജാമ്യം കിട്ടുന്ന മനപൂര്‍വ്വമല്ലാത്ത നരഹത്യ മാത്രമായിരിക്കും ശ്രീറാമിന്റെ പേരില്‍ നിലനില്‍ക്കുന്ന കുറ്റം.

ആദ്യം വൈദ്യ പരിശോധന നടത്തിയ ഡോക്ടര്‍ സ്‌മെല്‍ ഓഫ് ആല്‍ക്കഹോള്‍ എന്നെഴുതിയിരുന്നു. അപകട സമയത്ത് ശ്രീറാം വെങ്കിട്ടറാം മദ്യപിച്ചെന്ന് ബോധ്യമുള്ളത് കൊണ്ടാണ് സ്റ്റേഷനില്‍ എത്തിച്ചതെന്ന് മ്യൂസിയം സ്റ്റേഷനിലെ എസ് ഐ ജയപ്രകാശ് പറയുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ശ്രീറാം നല്ലരീതിയില്‍ മദ്യപിച്ചശേഷമാണ് എത്തിയതെന്നും താന്‍ ഡ്രൈവ് ചെയ്യാമെന്നു പറഞ്ഞിട്ടും ശ്രീറാം കാര്‍ ഓടിക്കുകയായിരുന്നു എന്നാണ് വഫ ഫിറോസ് മൊഴി നല്‍കിയിരുന്നത്.

അപകടത്തില്‍പ്പെട്ട വാഹനം ഓടിച്ചയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനൊപ്പം മെഡിക്കല്‍ പരിശോധനയ്ക്കും രക്തപരിശോധനയ്ക്കും പോലീസ് ആവശ്യപ്പെടണം (പ്രത്യേകിച്ച് മദ്യപിച്ച് എന്ന് സംശയം ഉണ്ടെങ്കില്‍) എന്നതാണ് നിയമം.ശ്രീറാം മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. തന്നെ പറയുന്നുണ്ടെങ്കിലും രക്തപരിശോധന ആവശ്യപ്പെട്ടില്ല. മദ്യത്തിന്റെ മണമുണ്ടെന്ന് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിട്ടും പോലീസ് രക്തപരിശോധന നിര്‍ദേശിച്ചില്ലെന്നത് പൊലീസ് ഒത്തു കളിച്ചത് കൊണ്ടാണെന്ന് ആരോപണമുണ്ടായിരുന്നു.