| Tuesday, 15th December 2020, 11:38 pm

പാകിസ്താനില്‍ ബലാത്സംഗക്കേസുകളിലെ പ്രതികളെ വന്ധ്യംകരണം ചെയ്യാന്‍ അനുമതി; ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാഹോര്‍: പാകിസ്താനില്‍ ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് കനത്ത ശിക്ഷ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി. പുതുതായി അവതരിപ്പിച്ച ബലാത്സംഗ വിരുദ്ധ ഓര്‍ഡിനന്‍സിന് പ്രസിഡന്റ് ആരിഫ് ആല്‍വി അംഗീകാരം നല്‍കിയിരിക്കുകയാണ്.

പുതിയ നിയമപ്രകാരം ബലാത്സംഗ കേസുകളില്‍ കുറ്റക്കാരനാണെന്ന് പലതവണ കണ്ടെത്തുന്നവരെ രാസവസ്തുക്കള്‍ ഉപയോഗിച്ച് വന്ധ്യംകരണം നടത്താന്‍ അനുമതി നല്‍കുന്നുണ്ട്. പ്രസ്തുത ഓര്‍ഡിനന്‍സിന് പാകിസ്താന്‍ മന്ത്രിസഭ കഴിഞ്ഞ മാസം തത്ത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ബലാത്സംഗ കേസുകളുടെ വിചാരണ വേഗത്തിലാക്കുമെന്നും ഇതിനായി പ്രത്യേക കോടതികള്‍ സ്ഥാപിക്കുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. നാല് മാസത്തിനുള്ളില്‍ കേസുകളുടെ വിചാരണ തീര്‍പ്പാക്കണമെന്നും പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ലൈംഗികാതിക്രമം നേരിട്ട ഇരകളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ലെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇത്തരം വെളിപ്പെടുത്തല്‍ നടത്തുന്നവര്‍ക്ക് കനത്ത ശിക്ഷ ഏര്‍പ്പെടുത്തുമെന്നും ഓര്‍ഡിനന്‍സില്‍ പറയുന്നു. കേസുകള്‍ അന്വേഷിക്കുന്നതില്‍ അശ്രദ്ധ കാണിക്കുന്ന പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മൂന്ന് വര്‍ഷം തടവും പിഴയും ഏര്‍പ്പെടുത്തും.

നേരത്തെ ബലാത്സംഗക്കേസുകളിലെ പ്രതികളെ വന്ധ്യംകരണം ചെയ്യാനുള്ള നിയമനിര്‍മ്മാണത്തിന് തത്ത്വത്തില്‍ അംഗീകാരം നല്‍കിയതായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

ലൈംഗികാതിക്രമം തടയാനായി പാകിസ്താന്‍ നിയമമന്ത്രാലയം തയ്യാറാക്കിയ കരട് രേഖ കാബിനറ്റ് മീറ്റിംഗില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പൗരന്‍മാര്‍ക്ക് സുരക്ഷിതമായ ജീവിതാന്തരീക്ഷം ഉറപ്പാക്കേണ്ടതുണ്ടെന്നും ഇവയെല്ലാം തന്നെ വളരെ ഗൗരവത്തോടെ പരിശോധിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

വ്യക്തവും സുതാര്യവും കര്‍ശനവുമായ രീതിയില്‍ തന്നെ നിയമനിര്‍മ്മാണം നടപ്പാക്കും. ബലാത്സംഗത്തിനിരയായവര്‍ക്ക് യാതൊരു ഭയവുമില്ലാതെ ഉപദ്രവിച്ചവര്‍ക്കെതിരെ പരാതി നല്‍കാനുള്ള സാഹചര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ബലാത്സംഗകേസുകളിലെ പ്രതികളെ പരസ്യമായി തൂക്കിക്കൊല്ലാന്‍ കാബിനറ്റ് മീറ്റിംഗിനിടെ ചില മന്ത്രിമാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വന്ധ്യംകരണം അതിന് തുടക്കമാകട്ടെയെന്നായിരുന്നു ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Chemical Castration Ordinance Passed In Pakistan

We use cookies to give you the best possible experience. Learn more