ഇസ്‌ലാമാബാദ്: ബലാത്സംഗക്കേസുകളിലെ പ്രതികളെ വന്ധ്യംകരണം ചെയ്യാനുള്ള നിയമനിര്‍മ്മാണത്തിന് തത്ത്വത്തില്‍ അംഗീകാരം നല്‍കി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ലൈംഗികാതിക്രമകേസുകളുടെ വിചാരണ വേഗത്തിലാക്കാനും തീരുമാനമായതായി മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ലൈംഗികാതിക്രമം തടയാനായി പാകിസ്താന്‍ നിയമമന്ത്രാലയം തയ്യാറാക്കിയ കരട് രേഖ കാബിനറ്റ് മീറ്റിംഗില്‍ അവതരിപ്പിക്കുകയും ചെയ്തതായി ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഇതേപ്പറ്റി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. ബലാത്സംഗകേസുകളിലെ വിചാരണ വേഗത്തിലാക്കുക, സാക്ഷികളുടെ സംരക്ഷണം എന്നിവ കരട് രേഖയില്‍ ഉള്‍പ്പെട്ടതായാണ് സൂചന.
അതേസമയം പൗരന്‍മാര്‍ക്ക് സുരക്ഷിതമായ ജീവിതാന്തരീക്ഷം ഉറപ്പാക്കേണ്ടതുണ്ടെന്നും ഇവയെല്ലാം തന്നെ വളരെ ഗൗരവത്തോടെ പരിശോധിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
വ്യക്തവും സുതാര്യവും കര്‍ശനവുമായ രീതിയില്‍ തന്നെ നിയമനിര്‍മ്മാണം നടപ്പാക്കും. ബലാത്സംഗത്തിനിരയായവര്‍ക്ക് യാതൊരു ഭയവുമില്ലാതെ ഉപദ്രവിച്ചവര്‍ക്കെതിരെ പരാതി നല്‍കാനുള്ള സാഹചര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബലാത്സംഗകേസുകളിലെ പ്രതികളെ പരസ്യമായി തൂക്കിക്കൊല്ലാന്‍ കാബിനറ്റ് മീറ്റിംഗിനിടെ ചില മന്ത്രിമാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വന്ധ്യംകരണം അതിന് തുടക്കമാകട്ടെയെന്നായിരുന്നു ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.
പീഡനകേസുകളിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കാനും ഇന്ന് നടന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായതായാണ് റിപ്പോര്‍ട്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക