കാസര്‍കോട്: സമസ്ത കേരളം ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷനും കാസര്‍കോട് ചെമ്പരിക്ക ഖാസിയുമായിരുന്ന ചെമ്പരിക്ക ഖാസി അബ്ദുള്ള മൗലവിയുടെ ദുരൂഹമരണത്തില്‍ സി.ബി.ഐ അന്വേഷണം പ്രഹസനമാകുകയാണെന്ന ആരോപണവുമായി കുടുംബം.
അദ്ദേഹത്തിന്റെ മരണം ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് നല്‍കിയ സി.ബി.ഐ ആത്മഹത്യയല്ലെന്ന സൈക്കോളജിക്കല്‍ ഓട്ടോപ്‌സി റിപ്പോര്‍ട്ട് വന്നതോടെ കുടുങ്ങിയിരിക്കുകയാണെന്നും കുടുംബം ആരോപിച്ചു.
മരിച്ചയാളുമായി അടുത്ത പരിചയമുള്ളവരുമായി സംസാരിച്ച് മരിച്ചയാളുടെ മനോനില മനസിലാക്കുന്ന രീതിയാണ് സൈക്കോളജിക്കല്‍ ഓട്ടോപ്‌സി. കോടതി നിര്‍ദേശ പ്രകാരമാണ് അബ്ദുള്ള മൗലവിയുടെ മരണത്തില്‍ സൈക്കോളജിക്കല്‍ ഓട്ടോപ്‌സി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കേസന്വേഷിച്ച സി.ബി.ഐ എറണാകുളം സി.ജെ.എം കോടതിയില്‍ രണ്ട് തവണയും മൗലവിയുടെ മരണം ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് തള്ളിയ കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ആദ്യഘട്ടത്തില്‍ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. പിന്നീട് സി.ബി.ഐ കേസ് ഏറ്റെടുക്കുകയായിരുന്നു.
പുതുച്ചേരി ജിപ്മറിലെ മനോവിദഗ്ധരാണ് അന്വേഷണം നടത്തിയത്. നവംബര്‍ ഏഴിനാണ് ഇവര്‍ സി.ബി.ഐക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സി.ബി.ഐ മുന്‍പ് ഉയര്‍ത്തിയ വാദങ്ങളെ നിരാകരിക്കുന്നതായിരുന്നു ജിപ്മര്‍ റിപ്പോര്‍ട്ട്. സി.എം അബ്ദുള്ള മൗലവി ആത്മഹത്യ ചെയ്യാനുള്ള സാധ്യത വളരെക്കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അദ്ദേഹവുമായി ഇടപഴകിയവരുമായി സംസാരിച്ചപ്പോള്‍ ആത്മഹത്യ ചെയ്യുന്നവരില്‍ സാധാരണയായി കണ്ടുവരുന്ന മാനസിക അവസ്ഥ അദ്ദേഹത്തിനുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ജിപ്മര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മരണം സംഭവിച്ച് പത്ത് വര്‍ഷം പിന്നിടുമ്പോഴും ആത്മഹത്യയ്ക്ക് കാരണമായ ഒന്നും തന്നെ സി.ബി.ഐക്ക് കണ്ടെത്താനായിട്ടില്ല.
കേസന്വേഷണം അവസാനിപ്പിക്കാനുള്ള സി.ബി.ഐ നീക്കത്തിനെതിരെ അദ്ദേഹത്തിന്റെ കുടുംബം നേരത്തെയും രംഗത്തെത്തിയിരുന്നു. എഫ്.ഐ.ആര്‍ റദ്ദാക്കരുതെന്ന് കുടുംബം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കേസ് ഡിസംബര്‍ നാലിനാണ് കോടതി വീണ്ടും പരിഗണിക്കുക.
2010 ഫെബ്രുവരി അഞ്ചിനാണ് സി.എം. അബ്ദുള്ള മൗലവിയെ ചെമ്പരിക്ക കടുക്കക്കല്ല് കടപ്പുറത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.
മൗലവിയുടെ മൃതദേഹത്തിലോ താമസിച്ചിരുന്ന വീട്ടിലോ ആക്രമണം നടന്നതിന്റെ ഒരു ലക്ഷണവുമില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍, വിദഗ്ദരുടെ നിരീക്ഷണങ്ങള്‍ തുടങ്ങിയവ മുന്‍നിര്‍ത്തി പരിശോധിക്കുമ്പോള്‍ കൊലപാതകത്തിനോ ആത്മഹത്യക്കോ ഉള്ള തെളിവുകള്‍ ലഭിക്കുന്നില്ലെന്ന് സി.ബി.ഐ പറഞ്ഞിരുന്നു.
മതനിഷ്ഠയില്‍ ജീവിക്കുന്ന മൗലവി ആത്മഹത്യ ചെയ്യില്ലെന്ന ഹരജിയിലെ വാദം കണക്കിലെടുത്താണ് കോടതി പല തവണ തുടരന്വേഷണത്തിനു നിര്‍ദേശം നല്‍കിയത്. മംഗലാപുരം കാസര്‍കോട് മേഖലകളിലെ 140 ഓളം മഹല്ലുകളുടെ ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവി കാന്‍സര്‍ ബാധിതനായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Chemberika Quazi’s death psychological autopsy reports say he won’t suicide;