| Friday, 23rd March 2018, 3:52 pm

ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട ദിവസങ്ങള്‍ ആരു തിരികെ തരും; ചെമ്പരിക്ക ഖാസിയുടെ മരണത്തില്‍ ആരോപണം നേരിട്ടയാളുടെ മകള്‍ ചോദിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസറഗോഡ്: കേരളത്തിലെ സുന്നി പണ്ഡിതരില്‍ പ്രമുഖനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും മംഗലാപുരം, കീഴൂര്‍ സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണത്തിന്റെ ദുരൂഹതകളവസാനിക്കുന്നുില്ല. മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനാകേണ്ടി വന്ന സ്വന്തം ഉപ്പയുടെ വേദനകളെ കുറിച്ചും അതിന് പിന്നാലെ തന്റെ കുടുംബം അനുഭവിക്കേണ്ടി വന്ന മാനസിക വ്യഥകളെ കുറിച്ചും യുവതി എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നു. അധ്യാപിക കൂടിയായ നസീറ സൈനബ മാങ്കുളത്താണ് ഫേസ്ബുക്കിലൂടെ ഇത്തരമൊരു കുറിപ്പ് പങ്കുവെച്ചത്.

ചെമ്പരിക്ക ഖാസിയായിരുന്ന സിഎം അബ്ദുള്ള മൗലവിയുടെ മരണത്തില്‍ നസീറയുടെ പിതാവിന് പങ്കുണ്ടെന്ന് നസീറയുടെ സഹോദരി ഭര്‍ത്താവ് അഷ്റഫാണ് ആദ്യം ആരോപിക്കുന്നത്. ഭാര്യാപിതാവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് അഷ്റഫ് ഇത്തരമൊരു ആരോപണം കാസര്‍കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നടത്തുന്നത്. തുടര്‍ന്ന് ഒരു കുടുംബത്തിന്റെ സ്വസ്ഥതയും സന്തോഷവും സമാധാനവും ഇല്ലാതാക്കിയ സംഭവങ്ങളെ കുറിച്ച് പറയുകയാണ് നസീറ.


Read Also : ബീഹാറും ബി.ജെ.പിയ്ക്ക് നഷ്ടപ്പെടുന്നു?; നിതീഷ് കുമാര്‍ എന്‍.ഡി.എ വിടുന്നതായി റിപ്പോര്‍ട്ടുകള്‍


2010 ഫെബ്രുവരി 15 നാണ് ചെമ്പരിക്ക കടല്‍ത്തിരത്ത് കടലിലേയ്ക്ക് ഇറങ്ങിയുള്ള പാറക്കെട്ടുകളില്‍ നിന്ന് അബ്ദുല്ല മൗലവിയുടെ മൃതദേഹം കണ്ടെത്തിയത്. കടല്‍ത്തീരത്തെ പാറക്കെട്ടില്‍ നിന്ന് ചാടി മൗലവി ആത്മഹത്യ ചെയ്തു എന്നായിരുന്നു സി.ബി.ഐ അടക്കമുള്ള വിവിധ അന്വഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. എന്നാല്‍ ഈ നിഗമനം അംഗീകരിക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. തുടര്‍ന്നാണ് കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് രണ്ടാം വട്ടവും അന്വഷണം സി.ബി.ഐ് ഏറ്റെടുക്കുന്നത്. ഈ അന്വഷണത്തിലും മൗലവിയുടെ മരണം ആത്മഹത്യ എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയത്. സി.ബി.ഐയുടെ അന്തിമ റിപ്പോര്‍ട്ട് കോടതി പരിഗണിക്കാനിരിക്കെയാണ് ഖാസിയുടെ മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നത്. സംഭവം നടക്കുമ്പോള്‍ നീലേശ്വരം മാര്‍ക്കറ്റിനടുത്ത് ഓട്ടോ ഓടിച്ചിരുന്ന അഷ്‌റഫ് എന്ന വ്യക്തിയുടെ ഫോണ്‍ സംഭാഷണമാണ് ഖാസി കേസ് വീണ്ടും ചര്‍ച്ചയാകുന്നത്.

“2010 ഇല്‍ ചെമ്പരിക്ക ഖാസി കൊല്ലപ്പെടുന്ന സമയത്ത് ഞാന്‍ (അതായത് അഷറഫ്) നീലേശ്വരം ടൗണില്‍ ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു. ഈ കാലത്ത് പലതവണ തെക്കു നിന്നു ട്രയിനില്‍വരുന്ന 2 ആളുകളെ എന്റെ ഭാര്യവീട്ടിലേക്കും അവിടെനിന്നു ചെമ്പരിക്കയിലേക്കും കൊണ്ടുപോകുകയും കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. ചെമ്പരിക്കയില്‍ ഖാസിയുടെ വീട്ടിലേക്കുള്ള വഴിയില്‍ ഇറക്കി വിടുകയും അവര്‍ തിരിച്ചു വരുന്നവരെ കാത്തു നില്‍ക്കുകയുമായിരുന്നു പതിവ്. ഒരു ദിവസം അവിടെ കൊണ്ടുചെന്നാക്കുമ്പോള്‍ ഇന്ന് തിരിച്ചു വരുന്നില്ല. പൊയ്‌ക്കോളൂ എന്നു പറഞ്ഞു തിരിച്ചയച്ചു. അന്ന് രാത്രിയാണ് ഖാസി കൊല്ലപ്പെട്ടത്. പിന്നീടാണ് എന്റെ ഭാര്യവീട്ടില്‍ വെച്ചാണ് ഖാസിയെ കൊല്ലാന്‍ ഗൂഡാലോചന നടന്നതെന്നും എന്റെ ഭാര്യയുടെ പിതാവ് സുലൈമാന്‍ വൈദ്യരാണ് കൊലയാളികളായ കൊട്ടേഷന്‍ സംഘത്തെ സപ്ലെ ചെയ്തതെന്നും അറിഞ്ഞത്. ആ വകുപ്പില്‍ അയാള്‍ 20 ലക്ഷം രൂപ കൈപ്പറ്റുന്നത് കണ്ടു. ആ പണം ഉപയോഗിച്ചു വീടും കാറും വാങ്ങി. സത്യങ്ങള്‍ മനസ്സിലാക്കിയ എന്നെ കൊന്നു കളയുമെന്നു സുലൈമാന്‍ വൈദ്യരും ഗുണ്ടകളും ഭീഷണിപ്പെടുത്തി. എന്റെ കാലും കയ്യും തല്ലി ഒടിക്കുകയും ഏക വരുമാന മാര്‍ഗമായ ഔട്ടോറിക്ഷ കത്തിക്കുകയും ചെയ്തു. ഭയം കൊണ്ടാണ് ഇത്രയും നാള്‍ ഒന്നും തുറന്നു പറയാതിരുന്നത്” എന്നായിരുന്നു അഷ്‌റഫിന്റെ ആരോപണം.


Read Also :യു.പിയില്‍ കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെ മരത്തില്‍ കെട്ടിയിട്ട് ലെതര്‍ ബെല്‍റ്റു കൊണ്ടടിച്ച് നാട്ടുകൂട്ടം (വീഡിയോ)


ഇതോടെ തന്റെ പിതാവും കുടുംബവും പ്രതിക്കൂട്ടിലായെന്നും ഇതിലൂടെ നിരവധി പ്രശനങ്ങള്‍ നേരിടേണ്ടി വന്നുവെന്നും നസീറ പറയുന്നു. മാസങ്ങളായി ഞങ്ങള്‍ ഭയന്നാണ് ജീവിക്കുന്നത്. കേരളത്തിലെ ഒരു പ്രബല സമുദായത്തിലെ ആത്മീയ നേതാവിനെ കൊന്ന കേസിലാണ് പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും ഒരു ആക്രമണം ഉണ്ടായെക്കുമോ എന്ന ഭയം. വീടിന്റെ പരിസരത്തു സംശയാസ്പദമായി കറങ്ങുന്ന അപരിചിതര്‍. ഭയം കാരണം വീട്ടില്‍ കിടന്നുറങ്ങാന്‍ വയ്യാതെ മൂത്ത ചേച്ചിയുടെ 20 ദിവസം മാത്രം പ്രായമായ കുഞ്ഞിനെയുമെടുത്തുകൊണ്ടു ബന്ധു വീടുകളില്‍ അഭയം തേടുകയായിരുന്നു പല ദിവസങ്ങളില്‍.. ഇതിനൊക്കെ ഒപ്പം ബാപ്പയെ ആരെങ്കിലും അപായപ്പെടുത്തുമോ എന്ന ആധി” നസീറ പറയുന്നു.

എന്നാല്‍ അഷ്റഫിന്‍റെ മൊഴി അടിമുടി തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച സി ബി ഐ അതിലെ വൈരുധ്യങ്ങളെ മുഴുവന്‍ അക്കമിട്ടു നിരത്തി അയാളെ വെള്ളം കുടിപ്പിച്ചു.ഒരു പഴുതുമില്ലാതെ ഇതു ഒരു കള്ളക്കേസ് ആണെന്ന് റിപ്പോര്‍ട്ട് എഴുതി. പേടിച്ചു വിറച്ചു നില വിളിക്കുന്ന അഷ്‌റഫിനോട് പണമുണ്ടാക്കാനും വ്യക്തി വൈരാഗ്യം തീര്‍ക്കാനും വേണ്ടി കെട്ടിച്ചമച്ച കള്ളക്കഥയാണിതെന്നു ബാപ്പയുടെ സാന്നിധ്യത്തില്‍ എഴുതി വാങ്ങിയെന്നും നസീറ പറഞ്ഞു.

പെട്ടെന്ന് പണമുണ്ടാക്കാന്‍ അയാളുടെ കൂടെക്കൂടി ഒരു കുടുംബത്തിന്റെ ജീവിതം താറുമാറാക്കിയ പി.ഡി.പി നേതാവ് ഉമര്‍ ഫാറൂഖ് തങ്ങളും ഒരു കള്ളന്റെ വാക്ക് കേട്ടു അതിന്റെ സത്യാവസ്ഥയെ കുറിച്ചു അല്‍പ്പം പോലും ആലോചിക്കാതെ സി.ബി.ഐ.ക്കുകേസ് കൊടുക്കാന്‍ ഒത്താശ ചെയ്ത സമസ്തകേരള ജമ്മിയ്യത്തുല്‍ ഉലമയും അതിന്റെ പി.ആര്‍.ഒ മുഹമ്മദ് സ്വയ്യിബ് ഖുദവിയും ബിഗ് 14 ഉം ആദി സൂര്യനും മറുപടി പറയണമെന്നും നസീറ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സുഹൃത്തുക്കളേ ഒരുപാട് നാളുകളായി ഞങ്ങളുടെ കുടുംബത്തിന്റെ സ്വസ്ഥതയും സന്തോഷവും സമാധാനവും ഇല്ലാതാക്കിയ ഒരു വലിയ സംഭവത്തിന് അവസാനമായ ദിവസമാണിന്ന്. ഞാന്‍ അതു പറഞ്ഞു തുടങ്ങുമ്പോള്‍ അത് കേള്‍ക്കാന്‍ കാസര്‍കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഗ്14 എന്ന ഓണ്‌ലൈന് പോര്‍ട്ടലിന്റെ എന്തോ കുണസാണ്ടറായ ആദി സൂര്യന്‍എന്നവനെ ഇതു കേള്‍ക്കാന്‍ ക്ഷണിക്കുകയാണ്. കാരണം പബ്ലിസിറ്റിക്ക് വേണ്ടി ഒരു അടിസ്ഥാനവുമില്ലാത്ത പച്ചക്കള്ളം പ്രചരിപ്പിച്ചു ഞങ്ങളുടെ ജീവിതം കുറച്ചു കാലത്തേക്കെങ്കിലും താറുമാറാക്കിക്കളയാന്‍ കൂട്ടു നിന്ന ചാനലാണ് ബിഗ് 14.

ഇതു ഇത്തിരി നീണ്ട കഥയാണ്. പലതുകൊണ്ടും ഇതിവിടെപറയേണ്ടത് ആവശ്യമാണെന്ന് തോന്നിയതിനാലാണ് പറയുന്നത്.
എന്റെ ബാപ്പക്കും ഉമ്മക്കും ഞങ്ങള്‍ 3 പെണ്മക്കളാണുള്ളത്. കഷ്ടപ്പെട്ട് വൈദ്യവൃത്തിയും കാലി വളര്‍ത്തലും ചെയ്ത്, ബന്ധുക്കളുടെയും നാട്ടുകാരുടെയും നിരന്തര പരിഹാസവും കേട്ടാണ് ഞങ്ങള്‍ മൂന്നു പേരെയും മാതാപിതാക്കള്‍ പഠിപ്പിച്ചത്. ശെരിക്കും പറഞ്ഞാല്‍ ഞങ്ങള്‍ 5 പേര് ചേര്‍ന്ന് എല്ലു മുറിയെ പണിയെടുത്തിട്ടാണ് പകുതി ദാരിദ്ര്യത്തിലും ഞങ്ങള്‍ പഠിച്ച്ഉയര്‍ന്ന ബിരുദങ്ങള്‍ നേടിയത്.

വിവാഹം.
*********
ജീവിതത്തിലെ മറ്റു ചില നിയോഗങ്ങളാല്‍ ജനിച്ച നാട് വിട്ട് പാലായനം ചെയ്ത് വടക്കു നാട്ടില്‍ വര്‍ഷങ്ങള്‍ കൊണ്ടു വേര്പിടിച്ചു പറ്റുന്നത്ര വിദ്യാഭ്യാസം ചെയ്ത് വന്നപ്പോഴേക്കും ഞങ്ങള്‍ മൂന്നു പേര്‍ക്കും നാട്ടു നടപ്പ് അനുസരിച്ചുള്ള വിവാഹപ്രായം കഴിഞ്ഞിരുന്നു. കാണാന്‍സുന്ദരികളല്ല, പഠിപ്പ് കൂടിപ്പോയി, പ്രായം 20 മേല്‍ ആയി, സ്ത്രീധനം കൊടുക്കാന്‍ ഇല്ല തുടങ്ങി പല കാരണങ്ങളാല്‍ എന്റെ ചേച്ചിമാരുടെ വിവാഹം നിരന്തരം മുടങ്ങിക്കൊണ്ടിരുന്നു.
അങ്ങനെയിരിക്കെയാണ് കാസര്‍കോട്ട് പരപ്പ സ്വദേശിയായ അഷറഫ് മൗലവി എന്ന ആള്‍ അറബിക്കോളേജില്‍ പഠിച്ച എന്റെ രണ്ടാമത്തെ ചേച്ചിയെ വിവാഹം ചെയ്തു തരുമോ എന്നു ചോദിച്ചു വന്നത്. മൂത്ത ചേച്ചിയുടെ വിവാഹം കഴിയാത്തതിനാലും ഇദ്ദേഹം ഒരു മതപണ്ഡിതനും പ്രസംഗകനും ആകയാലും ഞങ്ങള്‍ വിവാഹത്തിന് താത്പര്യം പ്രകടിപ്പിച്ചില്ല. എന്നാല്‍ 3 പെണ്കുട്ടികള്‍ ഒരുപോലെ പ്രായം തികഞ്ഞു നില്‍ക്കുന്നതിന്റെ വീര്‍പ്പുമുട്ടലും ബന്ധുക്കളുടെയും നാട്ടുകാരുടെയും ഉപദേശവും സ്ത്രീധനം വേണ്ട എന്ന പ്രലോഭനവും അയാളുടെയും സുഹൃത്തുക്കളുടെയും നിരന്തര സമര്‍ദ്ദവും കൊണ്ട് ഒടുവില്‍ എന്റെ ചേച്ചിയെ അയാള്‍ക്ക് വിവാഹം ചെയ്തു കൊടുത്തു. മുജാഹിദ് പ്രസ്ഥാനത്തില്‍ വിശ്വസിക്കുകയും മത പ്രഭാഷണം നടത്തുകയും മദ്രസയില്‍ കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്ന ആളായിരുന്നു അയാള്‍.

ഞങ്ങളുടെ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ വിഡ്ഡിത്തമായിരുന്നു ആ വിവാഹം.
കഴിഞ്ഞ 13 വര്‍ഷങ്ങളായി ഞങ്ങള്‍ അനുഭവിച്ചുപോരുന്ന ദുരന്തമാണ് അയാള്‍.
കനലില്‍ ചവുട്ടിയാണ് എന്റെ ചേച്ചി ഈ കാലമത്രയും ജീവിച്ചത്. പറഞ്ഞറിയിക്കാന്‍ വയ്യാത്തത്ര സങ്കടങ്ങള്‍ ഞങ്ങള്‍ താണ്ടി. ഒടുവില്‍ അയാള്‍ ഏറ്റവും ക്രൂരമായ രീതിയില്‍ ഞങ്ങളുടെ കുടുംബത്തെ അടിമുടി തകര്‍ക്കാന്‍ പോന്ന ഒരു കാര്യം ചെയ്തു.
പലതവണ സമവായ ചര്‍ച്ചകള്‍ നടത്തിയത്തിന്റെയും ചേച്ചിയുടെ പേരിലുള്ള വണ്ടിയുമായി വീട്ടില്‍ നിന്ന് കടന്നു കളഞ്ഞിട്ട് കാണാതായപ്പോള്‍ പോലീസില്‍ പരാതിപ്പെട്ടത്തിന്റെയും പക തീര്‍ക്കാനും പെട്ടെന്ന് പണക്കാരനാകാനും വേണ്ടി പ്രമാദമായ ഒരു കേസിലെ കുറ്റവാളിയാണ് എന്റെ ബാപ്പ എന്ന ഒരു കഥ കെട്ടിച്ചമച്ചു.

കേസ്
*******
2010 ലാണ് ചെമ്പരിക്ക ഖാസിയായിരുന്ന
സി എം അബ്ദുള്ള മൗലവിയെ ചെമ്പരിക്കയില്‍ കടപ്പുറത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. പ്രാഥമിക അന്വേഷണത്തില്‍ കൊലപാതകം നടന്നതിന് തെളിവുകള്‍ കിട്ടാതെ ആത്മഹത്യയാണെന്നു ലോക്കല്‍ പൊലീസ് റിപ്പോര്‍ട് ചെയ്തു. ആത്മഹത്യ നിഷിദ്ധമായ മുസ്ലിം സമൂഹത്തിന്റെ ആത്മീയാചാര്യനും പണ്ഡിതനും വാഗ്മിയും എഴുത്തുകാരനും സര്‍വ്വോപരി സാത്വികനും എല്ലാ വിഭാഗക്കാര്‍ക്കും സ്വീകാര്യനും കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ പുരോഗതിയില്‍ വലിയ പങ്കു വഹിച്ച ആളുമായ ഖാസിയുടെ മരണം ഒരിക്കലും ആത്മഹത്യ ആകാന്‍ വഴിയില്ല എന്നും അതിലെ ദുരൂഹത അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടു സമസ്തകേരള ജമിയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ കാലങ്ങളായി സമരം തുടര്‍ന്ന് വരികയാണ്. ഈ കാലയളവിനുള്ളില്‍ ഒരു തവണ ക്രൈം ബ്രാഞ്ചും രണ്ടു തവണ സി ബി ഐ യും ഈ കേസ് അന്വേഷിച്ചു. പക്ഷെ കൊലപാതകത്തിനുള്ള തെളിവുകള്‍ കിട്ടാതെ കേസ് ക്ലോസ് ചെയ്യാന്‍ തുടങ്ങുന്ന സന്ദര്‍ഭത്തിലാണ് ഉമര്‍ ഫാറൂഖ് തങ്ങള്‍ എന്ന പി ഡി പി നേതാവിനോടൊപ്പം ചേര്‍ന്നു എന്റെ ജേഷ്ട്യത്തിയുടെ ഭര്‍ത്താവ് അഷറഫ് ഒരു കള്ളക്കഥ ചമക്കുന്നത്. ഇതു ബിഗ് 14 എന്ന ന്യൂസ് പോര്‍ട്ടാലാണ് ഒരു ഓഡിയോ ക്ലിപ്പ് ആയി ആദ്യം പുറത്തു വിട്ടത്. അഷറഫ് മൗലവി സ്വന്തം ശബ്ദത്തില്‍ റെക്കോര്ഡ് ചെയ്തതായിരുന്നു ഈ ഓഡിയോ.

കഥ
*****
2010 ഇല്‍ ചെമ്പരിക്ക ഖാസി കൊല്ലപ്പെടുന്ന സമയത്ത് ഞാന്‍ (അതായത് അഷറഫ്) നീലേശ്വരം ടൗണില്‍ ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു. ഈ കാലത്ത് പലതവണ തെക്കു നിന്നു ട്രയിനില്‍വരുന്ന 2 ആളുകളെ എന്റെ ഭാര്യവീട്ടിലേക്കും അവിടെനിന്നു ചെമ്പരിക്കയിലേക്കും കൊണ്ടുപോകുകയും കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. ചെമ്പരിക്കയില്‍ ഖാസിയുടെ വീട്ടിലേക്കുള്ള വഴിയില്‍ ഇറക്കി വിടുകയും അവര്‍ തിരിച്ചു വരുന്നവരെ കാത്തു നില്‍ക്കുകയുമായിരുന്നു പതിവ്. ഒരു ദിവസം അവിടെ കൊണ്ടുചെന്നാക്കുമ്പോള്‍ ഇന്ന് തിരിച്ചു വരുന്നില്ല. പൊയ്‌ക്കോളൂ എന്നു പറഞ്ഞു തിരിച്ചയച്ചു. അന്ന് രാത്രിയാണ് ഖാസി കൊല്ലപ്പെട്ടത്. പിന്നീടാണ് എന്റെ ഭാര്യവീട്ടില്‍ വെച്ചാണ് ഖാസിയെ കൊല്ലാന്‍ ഗൂഡാലോചന നടന്നതെന്നും എന്റെ ഭാര്യയുടെ പിതാവ് സുലൈമാന്‍ വൈദ്യരാണ് കൊലയാളികളായ കൊട്ടേഷന്‍ സംഘത്തെ സപ്ലെ ചെയ്തതെന്നും അറിഞ്ഞത്. ആ വകുപ്പില്‍ അയാള്‍ 20 ലക്ഷം രൂപ കൈപ്പറ്റുന്നത് കണ്ടു. ആ പണം ഉപയോഗിച്ചു വീടും കാറും വാങ്ങി. സത്യങ്ങള്‍ മനസ്സിലാക്കിയ എന്നെ കൊന്നു കളയുമെന്നു സുലൈമാന്‍ വൈദ്യരും ഗുണ്ടകളും ഭീഷണിപ്പെടുത്തി. എന്റെ കാലും കയ്യും തല്ലി ഒടിക്കുകയും ഏക വരുമാന മാര്‍ഗമായ ഔട്ടോറിക്ഷ കത്തിക്കുകയും ചെയ്തു. ഭയം കൊണ്ടാണ് ഇത്രയും നാള്‍ ഒന്നും തുറന്നു പറയാതിരുന്നത്.

അന്വേഷണം
************
ഈ ആരോപണത്തിന്മേല്‍ പ്രാഥമിക അന്വേഷണങ്ങള്‍ നടന്നു. ഞങ്ങള്‍ നിരന്തരമായി നിരീക്ഷിക്കപ്പെട്ടു. വീടിന്റെ പരിസരങ്ങളില്‍ പോലീസ് മഫ്ടിയില്‍ സഞ്ചരിച്ചു. പോലീസും സി ബി ഐ യും പലതവണ വീട്ടില്‍ വന്നു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതിനിടെ സുലൈമാന്‍ വൈദ്യര്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചു. പോലീസ് സംരക്ഷണം വേണം എന്ന് ആവശ്യപ്പെട്ടു ഉമര്‍ ഫാറൂഖ് തങ്ങള്‍ ( പി.ഡി.പി) ഹൈക്കോടതിയെ സമീപിച്ചു. ആ നിലക്കും അന്വേഷണം വന്നു. ഹൈക്കോടതിയില്‍ വക്കീലിനെ വെച്ചു വാദിക്കേണ്ടി വന്നു. ആരോപണത്തില്‍ കഴമ്പില്ലെന്ന് തെളിഞ്ഞതിനാല്‍ ആ കേസ് തള്ളി. പ്രാഥമിക വിവരശേഖരണത്തില്‍ ഇതു കള്ളക്കേസാണെന്നു തോന്നുകയാല്‍ സി ബി ഐ മാറിനിന്നു.
തത്കാലം കേസില്‍ നിന്ന് ഞങ്ങള്‍ ഒഴിവായി എന്നു ആശ്വസിച്ചു.

സമാധാനം തകരുന്നു.
*********************
രണ്ടു മാസങ്ങള്‍ വലിയ പ്രശ്‌നമില്ലാതെ പോയി. പെട്ടെന്ന് ഒരു ദിവസം മനോരമ അടക്കമുള്ള ചാനലുകളില്‍ ഈ വാര്‍ത്ത വീണ്ടും പ്രത്യക്ഷപ്പെട്ടു. ഖാസി വധം അഷറഫ് മൗലവി സി ബി ഐ ക്ക് പരാതി കൊടുത്തു എന്നായിരുന്നു അത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പി.ആര്‍.ഒ.ആയ മുഹമ്മദ് സ്വയ്യിബ് ഖുദവിയുടെ സഹത്തോടെയായൊരുന്നു ഇത്. ഖുദവിയുടെ സാന്നിധ്യത്തില്‍ ഇയാള്‍ സി.ബി.ഐ.ക്കു മൊഴി കൊടുക്കുന്നതിന്റെ വാര്‍ത്തയും ചാനലുകളില്‍ വന്നു. സി.ബി.ഐ അന്വേഷണം ആരംഭിച്ചു. പല തവണ ഉദ്യോഗസ്ഥര്‍ വീട്ടില്‍ വന്നു ഞങ്ങളെ മാറി മാറി ചോദ്യം ചെയ്തു. ആദ്യമാദ്യം അനുനയത്തിന്റെ രീതിയിലും പിന്നീട് കര്ശനമായും ചിലപ്പോള്‍ സൗമ്യമായും ചിലപ്പോള്‍ ഭയപ്പെടുത്തിയും മണിക്കൂറുകളോളം ഒരേ കാര്യങ്ങള്‍ പല സാഹചര്യത്തില്‍ പലരീതിയില്‍ തിരിച്ചും മറിച്ചും അവര്‍ ചോദിച്ചു. ബാപ്പയെ പല തവണ സി ബി ഐ ഓഫീസിലേക്ക് വിളിപ്പിച്ചു. ചുഴിഞ്ഞു ചോദ്യം ചെയ്തു. ഞങ്ങളുടെ കാറും വീടും വാങ്ങിയതിന്റെ കാശു വന്നവഴി തെളിയിക്കാന്‍ മൂത്ത ചേച്ചിയുടെ ഭര്‍ത്താവിന്റെ ഖത്തറിലെ സാലറി സര്‍ട്ടിഫിക്കറ്റ് മുതല്‍ എനിക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഫെല്ലോഷിപ്പ് കിട്ടിയതിന്റെ ഡീറ്റയില്‍സു വരെ ഹാജരാക്കി. ആശ്രഫിന്റെ കഥയില്‍ പരാമര്‍ശിച്ച ഏകദേശം പത്ത് ആളുകളുമായുള്ള പരിചയവും ബന്ധവും തെളിയില്ലാന്‍ ഞങ്ങള്‍ പരക്കം പാഞ്ഞു. അതില്‍ ഒരാള്‍ മരിച്ചു പോയിരുന്നതിനാല്‍ അയാളെക്കുറിച്ചു അന്വേഷിക്കാന്‍ ഏറെ പണിപ്പെട്ടു. ആ കാലയളവിലെ മുഴുവന്‍ പണ മിടപാടുകളുടെയും ബാങ്ക് സ്റ്റേറ്റുമെന്റ് ഹാജരാക്കി. ആ കാലഘട്ടത്തില്‍ വൈദ്യ സ്ഥാപനം നടത്തിയ മലപ്പുറത്തു നിന്നു തെളിവ് ഹാജരാക്കി. കത്തിച്ചു എന്നു പറഞ്ഞതടക്കം 3 വണ്ടികളുടെ വിവരങ്ങള്‍ തേടി അലഞ്ഞു. ഇതിനിടയില്‍ അയാള്‍ കൊണ്ടു കടന്ന ഓമ്‌നി വാനിന്റെ ലോണ് അടക്കുന്നതുമായി ബന്ധപ്പെട്ട് അനേകം ബുദ്ധിമുട്ടുകള്‍ സഹിച്ചു. ഇപ്പോഴും അവര്‍ നിരന്തരം വിളിച്ചു ശല്യം ചെയ്തുകൊണ്ടിരിക്കുന്നു. കഴിഞ്ഞ മൂന്നു നാലു മാസമായി കാലു വെന്ത നായെപ്പോലെ ബാപ്പ കേരളം മുഴുവന്‍ കേസിന്റെ പല കാര്യങ്ങള്‍ക്കുമായി ഓടിക്കൊണ്ടിരിക്കുന്നു.

ബിഗ് 14ചെയ്തത്.
******************
ഈ വാര്‍ത്ത ആദ്യം തന്നേ എകസ്‌ക്ലുസിവ് ആയി പബ്ലിഷ് ചെയ്ത ബിഗ് 14 കാര്‍ അതേ ആഴ്ചയില്‍ തന്നെ വീട്ടില്‍ വന്ന് മണിക്കൂറുകള്‍ സംസാരിക്കുകയും ഈ കേസ് അടിസ്ഥാനം ഇല്ലാത്തതാണ് എന്നു സമ്മതിക്കുകയും ബാപ്പയുടെ അഭിമുഖം എടുക്കുകയും എത്രയും വേഗം പബ്ലിഷ് ചെയ്തു ഞങള്‍ മൂലമുണ്ടായ നാണക്കേട് പരിഹരിക്കാം എന്നു പറയുകയും ചെയ്തു പോയി. എന്നാല്‍ പിന്നീടു് ഈ വിഷയത്തില്‍ നിരന്തരമായി അയാള്‍ പറഞ്ഞ് കൊണ്ടിരുന്ന കള്ളങ്ങള്‍ ആവര്‍ത്തിച്ചു പ്രചരിപ്പിക്കുകയാണ് അവര്‍ ചെയ്തത്.
എക്‌സ്‌ക്ലുസീവ് ന്യൂസിന് വേണ്ടി ഞങ്ങളുടെ സത്യങ്ങള്‍ അറിഞ്ഞു കൊണ്ട് കളളത്തരത്തിന് കൂട്ടു നില്‍ക്കുകയായിരുന്നു ആദി സൂര്യന്‍ എന്ന പ്രിന്‌സിന്റെ ന്യൂസ് പോര്‍ട്ടല്‍. അവരുടെ വീഡിയോകളും ഓടിയോകളുമാണ് ഖാസിയുടെ കൊലപാതകികളെ അറസ്‌റ് ചെയ്യുക എന്ന ആവശ്യം ഉന്നയിച്ചുള്ള സമരത്തിന് ആക്കം കൂട്ടിയത്.

സമരം
******
ഖാസിയുടെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തുടര്‍ച്ചയായ സമരങ്ങള്‍ നടന്നു. ഒരു ജാഥ ഞങ്ങളുടെ വീടിന് മുന്നിലെ റോഡില്‍ നിന്നാണ് ആരംഭിച്ചത്. പലപ്പോഴും ഞങ്ങള്‍ പുറത്തിറങ്ങാന്‍ തന്നെ ഭയന്നു. ( എന്നാല്‍ സമസ്തയുടെ സമരങ്ങള്‍ ഒന്നും ഞങ്ങളെ നേരിട്ടു ബാധിച്ചിട്ടില്ല എന്നു എടുത്തു പറയട്ടെ. കരുവാച്ചേരിയില്‍ നിന്നു ജാഥ ആരംഭിക്കുമ്പോള്‍ ഞങ്ങള്‍ ഭയന്നെങ്കിലും ആരും ഞങ്ങളെ ഉപദ്രവിക്കാന്‍ തുനിഞ്ഞില്ല.)

ഭയം
*****
മാസങ്ങളായി ഞങ്ങള്‍ ഭയന്നാണ് ജീവിക്കുന്നത്. കേരളത്തിലെ ഒരു പ്രബല സമുദായത്തിലെ ആത്മീയ നേതാവിനെ കൊന്ന കേസിലാണ് പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും ഒരു ആക്രമണം ഉണ്ടായെക്കുമോ എന്ന ഭയം.
വീടിന്റെ പരിസരത്തു സംശയാസ്പദമായി കറങ്ങുന്ന അപരിചിതര്‍. ഭയം കാരണം വീട്ടില്‍ കിടന്നുറങ്ങാന്‍ വയ്യാതെ മൂത്ത ചേച്ചിയുടെ 20 ദിവസം മാത്രം പ്രായമായ കുഞ്ഞിനെയുമെടുത്തുകൊണ്ടു ബന്ധു വീടുകളില്‍ അഭയം തേടുകയായിരുന്നു പല ദിവസങ്ങളില്‍.. ഇതിനൊക്കെ ഒപ്പം ബാപ്പയെ ആരെങ്കിലും അപായപ്പെടുത്തുമോ എന്ന ആധി

ഇന്ന് സംഭവിച്ചത്.
***************
ആശ്രഫിന്റെ മൊഴി അടിമുടി തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച സി ബി ഐ
അതിലെ വൈരുധ്യങ്ങളെ മുഴുവന്‍ അക്കമിട്ടു നിരത്തി അയാളെ വെള്ളം കുടിപ്പിച്ചു.
ഒരു്പഴുതുമില്ലാതെ ഇതു ഒരു കള്ളക്കേസ് ആണെന്ന് റിപ്പോര്‍ട്ട് എഴുതി. പേടിച്ചു വിറച്ചു നില വിളിക്കുന്ന അഷ്‌റഫിനോട് പണമുണ്ടാക്കാനും വ്യക്തി വൈരാഗ്യം തീര്‍ക്കാനും വേണ്ടി കെട്ടിച്ചമച്ച കള്ളക്കഥയാണിതെന്നു ബാപ്പയുടെ സാന്നിധ്യത്തില്‍ എഴുതി വാങ്ങി.
പ്രതിയെ അറസ്റ്റ് ചെയ്യുന്നതു കാണാന്‍ വന്ന ഖുദവിയും മറ്റു സമസ്തക്കാരും ഇളിഭ്യരായി മടങ്ങി.

ഞങ്ങള്‍ അനുഭവിച്ചത്.
**********************
ഒരടിസ്ഥാനവും ഇല്ലാത്ത ഈ കേസിന്റെ പേരില്‍ ഞങ്ങള്‍ അനുഭവിച്ച ഭയവും കഷ്ടപ്പാടുകളും ഭീകരമാണ്.
* മാസങ്ങളായി സമാധാനമായി ഉറങ്ങിയിട്ട്.
*അയാള്‍ ഉപേക്ഷിച്ചു പോയ 12 ഉം 6ഉം വയസ്സുള്ള രണ്ടു കുട്ടികള്‍ ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ അനുഭവിച്ച അരക്ഷിതാവസ്ഥ വലുതാണ്.
*എന്റെ ചേച്ചി സങ്കടവും അപമാനവും കൊണ്ടു ജീവച്ഛവമായി.( അപകീര്‍ത്തികരമായ ഒരുപാട് ആരോപണങ്ങള്‍ അയാള്‍ ഉന്നയിച്ചിരുന്നു.)
* പത്തു പേര് കേള്‍ക്കുമ്പോള്‍ ഒരാള്‍ എന്ന നിലക്ക് ഈ കള്ളക്കഥ വിശ്വസിച്ചു ഞങ്ങളെപ്പറ്റി കുറേപേര് അവര്‍ക്ക് കഴിയുന്ന തരത്തില്‍ കഥകള്‍ ഉണ്ടാക്കി പ്രചരിപ്പിച്ചു.
* സി ബി ഐ യുടെ പ്രത്യേക തരത്തിലുള്ള നിരന്തരമായ ചോദ്യം ചെയ്യലുകള്‍ ഞങ്ങളെ തളര്‍ത്തി.
* കേസിനു പിന്നാലെ നില്‍ക്കപ്പറുതിയില്ലാതെ ഓടിയോടി ഷുഗര്‍ ഉള്ള ബാപ്പ ആരോഗ്യം കെട്ടു പകുതിയായി.

* ഒരിടത്തു ഉറച്ചുനിന്നു ജോലി ചെയ്യാന്‍ കഴിയാതെ ബാപ്പയുടെ വരുമാനം നിലച്ചു.
* കേസുകള്‍ ഒന്നിന് പിറകെ ഒന്നായി വന്നപ്പോള്‍ കാശു ധാരാളം വേണ്ടി വന്നു .എന്റെ ചെറിയ വരുമാനം കൊണ്ടു വീട് മുഴുവന്‍ പുലര്‍ത്തേണ്ടി വന്നു.
* സെക്കന്‍ഡറി ആര്‍ത്തെറൈറ്റിസ് ഉള്ള ചേച്ചിക്കു കാലു വേദന കൂടി ജോലിക്കു പോകാന്‍ കഴിയാതായതോടെ കാര്യങ്ങള്‍ കുഴ മറിഞ്ഞു.
* രണ്ടു കൊച്ചു കുഞ്ഞുങ്ങള്‍ ഉള്ള വീട് പട്ടിണിയാകുന്ന നില വരെ എത്തി.

ഞങ്ങള്‍ അതിജീവിച്ചു , പക്ഷേ….
**************************************
*ഞങ്ങളുടെ കുഞ്ഞുങ്ങള്‍ ഭയന്നും സങ്കടപ്പെട്ടും നിലവിളിച്ചും ഉറക്കം ഞെട്ടിയതിന് ആരു സമാധാനം പറയും .
* ഞങ്ങളുടെ തകര്‍ന്ന സാമ്പത്തിക ജീവിതം ആരു ശരിയാക്കും?
* ഞങ്ങടെ കടങ്ങള്‍ ആരു വീട്ടും??
* ഞങ്ങളുടെ ജീവിതത്തില്‍ നിന്ന് മുറിഞ്ഞു പോയ ദിവസങ്ങള്‍ ആരു തിരികെ തരും.
* എന്റെ ബാപ്പയുടെ ആരോഗ്യം ആരു നേരെയാക്കും.
* ഏറ്റവുമടുത്ത കുടുംബ സുഹൃത്തുക്കളടക്കം പലരും വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാതായി.
* സുലൈമാന്‍ വൈദ്യര്‍ കൊലയാളിയാണ് എന്ന് എവിടെ നിന്നൊക്കെയോ മുറുമുറുപ്പുകള്‍ കേട്ട് ഞങ്ങളുടെ ഹൃദയം തകര്‍ന്നു.
*കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങളായി കേരളത്തിലെ പാരമ്പര്യ വൈദ്യന്മാര്‍ക്കു ചികില്‍സിക്കാനുള്ള അവകാശം സ്ഥാപിച്ചു കിട്ടാനായി സമരം ചെയ്യുന്ന എന്റെ ബാപ്പ വര്‍ഷങ്ങല്‍ കൊണ്ട് ഉണ്ടാക്കി എടുത്ത പ്രസ്ഥാനത്തിനകത്തു നിന്നു പോലും എതിരഭിപ്രായങ്ങള്‍ കേട്ടു ഞങ്ങള്‍ മരിച്ചവരെപ്പോലെയായി.

അഷറഫ് മനുഷ്യനല്ല
**********************
അയാളോട് ചോദിച്ചിട്ട് കാര്യമില്ല.

* പെട്ടെന്ന് പണമുണ്ടാക്കാന്‍ അയാളുടെ കൂടെക്കൂടി ഒരു കുടുംബത്തിന്റെ ജീവിതം താറുമാറാക്കിയ പി ഡി പി നേതാവ് ഉമര്‍ ഫാറൂഖ് തങ്ങള്‍ മറുപടി പറയണം…
* കേട്ട പാതി കേള്‍ക്കാത്ത പാതി എക്‌സ്‌ക്ലൂസിവിന് വേണ്ടി ഓടി നടന്നു ചീപ്പ് പബ്ലിസിറ്റി ഉണ്ടാക്കാന്‍ ശ്രമിക്കുകയും വീട്ടില്‍ വന്നു വാക്ക് തന്നു പോയിട്ടു ചതിക്കുകയും ചെയ്ത ബിഗ് 14 ഉം ആദി സൂര്യനും ഉത്തരം പറയണം.
* ഒരു കള്ളന്റെ വാക്ക് കേട്ടു അതിന്റെ സത്യാവസ്ഥയെ കുറിച്ചു അല്‍പ്പം പോലും ആലോചിക്കാതെ സി ബി ഐ ക്കു കേസ് കൊടുക്കാന്‍ ഒത്താശ ചെയ്ത സമസ്തകേരള ജമ്മിയ്യത്തുല്‍ ഉലമയും അതിന്റെ പി ആര്‍ ഒ മുഹമ്മദ് സ്വയ്യിബ് ഖുദവിയും മറുപടി പറയണം.

*കാസര്‍ഗോഡ് വാര്‍ത്ത
മലബാര്‍ വാര്‍ത്ത
കാരവല്‍
ലേറ്റസ്റ്റ്
സുപ്രഭാതം
തുടങ്ങിയ പത്രങ്ങളേ ,നിങ്ങളുടെ നിലവാരത്തെക്കുറി ച്ച് ഞാന്‍ ഒന്നും പറയുന്നില്ല. പക്ഷെ ഈ കേസുമായി ബന്ധപ്പെട്ട് അഷറഫ് പറഞ്ഞ നുണകളും ഇതുമായി ബന്ധമുള്ളതും ഇല്ലാത്തതുമായ കെട്ടുകഥകളും പൊലിപ്പിച്ചു നിരന്തരം പ്രസിദ്ധീകരിച്ച് ഞങ്ങളെ അപകീര്‍ത്തിപ്പെടുത്തിയത്തിന് നിങ്ങളും മറുപടി പറയണം.

നന്ദി
*****
*ഏതു വിധേനയും പ്രതിയെ കണ്ടെത്താന്‍ നിരന്തര സമരങ്ങളും സമ്മര്‍ദ്ദങ്ങളും ഉള്ള ഒരു കേസില്‍ ഒരു സമ്മര്‍ദ്ദങ്ങള്‍ക്കും അടിപ്പെടാതെ തികച്ചും നീതിയുക്തമായി തെളിവുകള്‍ ശേഖരിച്ചു സത്യം കണ്ടെത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയ സി ബി ഐ ഉദ്യോഗസ്ഥര്‍ക്ക് അകമഴിഞ്ഞ നന്ദി.

* പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ പല അടുത്ത കുടുംബ സുഹൃത്തുക്കള്‍ അടക്കം പേടിച്ച് ഫോണ് പോലും എടുക്കാതെയിരുന്നപ്പോള്‍ ധൈര്യം തന്നു കൂടെ നിന്ന ബന്ധുക്കള്‍ക്ക്, സുഹൃത്തുക്കള്‍ക്ക്, അയല്‍ക്കാര്‍ക്ക് , വിശ്വസിച്ച മഹല്ല് കമ്മിറ്റിക്കാര്‍ക്ക്, സഹായങ്ങള്‍ ചെയ്ത നീലേശ്വരം സി ഐ ഹനീഫ സാറിന് നന്ദി.

Latest Stories

We use cookies to give you the best possible experience. Learn more