| Friday, 9th November 2018, 2:24 pm

ചെമ്പരിക്ക ഖാസി മരണത്തിന് പിന്നില്‍ സമസ്ത നേതാവ്; നേതൃത്വം സംരക്ഷണം നല്‍കുന്നു: ഇ.കെ സമസ്തയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ വധക്കേസില്‍ ഇ.കെ വിഭാഗം സമസ്തയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. പ്രതികളാണെന്ന് സംശയിക്കുന്ന ചിലര്‍ സമസ്തയുടെ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയിലും മുസ്‌ലിം ലീഗിലുമാണെന്നും അവരെ സമസ്തയുടെ നേതൃത്വം സംരക്ഷിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു.

മരണം നടന്ന ആദ്യമണിക്കൂറില്‍ തന്നെ കേസ് സി.ബി.ഐയ്ക്ക് വിടാന്‍ വേണ്ടിയുള്ള ശ്രമങ്ങളുണ്ടായെന്നും അതിന് യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തെ ചിലമന്ത്രിമാര്‍ കൂട്ടുനിന്നെന്നും സി.എം മൗലവിയുടെ പേരമകന്‍ റാഷിദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

എം.ഐ.സി സ്ഥാപനത്തിന്റേയും സമസ്തയുടെയും ജില്ലാ സെക്രട്ടറിയായ യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ക്ക് കൊലപാതകത്തില്‍ വ്യക്തമായ പങ്കുണ്ടെന്നും കേസ് അട്ടിമറിക്കാന്‍ ആദ്യം മുതലേ ശ്രമിച്ചത് ഇയാളെന്നും കുടുംബം ആരോപിക്കുന്നു.

Read Also : “അല്ലാഹുവിന്റെ അടുക്കല്‍ അമുസ്‌ലീങ്ങള്‍ക്ക് സ്ഥാനമില്ല”; കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത് ഈ ലഘുലേഖ കാരണം

“ലോക്കല്‍ പൊലീസിന് ഏല്‍പ്പിക്കുന്നതിന് മുമ്പ് തന്നെ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു. പിന്നീട് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും സമസ്ത നേതാക്കള്‍ ഇടപെട്ട് കേരള നിയമസഭ വഴി കേസ് സി.ബി.ഐയ്ക്ക് വിടുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കുടുംബം തൃപ്തരായിട്ടും അണികളെ കൊണ്ട് സമരം ചെയ്യിപ്പിച്ചാണ് കേസ് സി.ബി.ഐയ്ക്ക് കൈമാറിയത്” റാഷിദ് പറയുന്നു.

2010 ഫെബ്രുവരി 15-നാണ് ഇ.കെ വിഭാഗം സമസ്ത വൈസ് പ്രസിഡന്റും ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം മൗലവിയെ മരിച്ച നിലയില്‍ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിനു സമീപം കണ്ടത്. മൗലവിയുടേത് കൊലപാതകമാണോ എന്ന കുടുംബത്തിന്റെ സംശയത്തെ തുടര്‍ന്നാണ് കേസ് വിവാദമായത്. എന്നാല്‍, ഖാസിയുടെ ശരീരത്തിലോ താമസിച്ചിരുന്ന വീട്ടിലോ കൊലപാതകത്തിന്റെ തെളിവു കണ്ടെത്താന്‍ സി.ബി.ഐ.യ്ക്ക് കഴിഞ്ഞില്ല. അതിനെ തുടര്‍ന്ന് മൗലവി ആത്മഹത്യ ചെയ്യുകയായിരന്നു എന്നാണ് സി.ബി.ഐ റിപ്പോര്‍ട്ട്. 2017 ജനുവരിയില്‍ അന്വേഷണം അവസാനിപ്പിച്ച കേസില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം സി.ബി.ഐ. തുടരന്വേഷണം നടത്തുകയായിരുന്നു. കേസില്‍ നവംബര്‍ 16 നാണ് കോടതി അന്തിമ വാദം പറയും.

സമസ്തയുടെ വിദ്യാര്‍ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന നേതൃത്വം പ്രക്ഷോഭത്തിന് തയ്യാറായെങ്കിലും അവരെ സമസ്ത നേതാവ് പിന്തിരിപ്പിച്ചുവെന്നും നിയമപരമായി കേസിനെ നേരിടാന്‍ സമസ്ത മുന്‍കൈ എടുത്തിട്ടില്ലെന്നും റാഷിദ് പറയുന്നു.

“സമസ്ത ജില്ലാ നേതൃത്വം ഇന്നേവരെ പ്രക്ഷോഭങ്ങള്‍ക്ക് താല്‍പര്യം കാണിച്ചിട്ടില്ല. സമരങ്ങള്‍ക്കും മുന്നിട്ടിറങ്ങിയ വിദ്യാര്‍ത്ഥി സംഘടനയെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. ഹൈദരലി ശിഹാബ് തങ്ങളും ജിഫ്രി തങ്ങളും ആലിക്കുട്ടി മുസ്ല്യാരും പ്രഖ്യാപിച്ച സമരപോരാട്ടങ്ങള്‍ കടലാസിലൊതുങ്ങി. കാസര്‍ഗോഡ് ജില്ലാ സമസ്ത കൃത്യമായി മുശാവറ കൂടുകയോ ഈ കേസ് വിശദമായി ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല. ഒരു അനുശോചനയോഗം പോലും മിനുട്‌സിലില്ല”. റാഷിദ് ആരോപിക്കുന്നു.

സംസ്ഥാന നേതൃത്വത്തിന് മകനയച്ച മൂന്നു കത്തിനും മറുപടി നല്‍കിയിട്ടില്ലെന്നും ഉന്നയിക്കപ്പെട്ട ഒരു വിഷയത്തിനും സമസ്തയ്ക്ക് കൃത്യമായ മറുപടിയില്ലെന്നും റാഷിദ് കൂട്ടിച്ചേര്‍ത്തു. ഞാന്‍ പഠിച്ചത് ചെമ്പരിക്ക ഖാസിയുടെ അതേ സ്ഥാപനത്തിലായിരുന്നെന്നും അതിനകത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് നല്ലപോലെ എനിക്കറിയാമെന്നും റാഷിദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

We use cookies to give you the best possible experience. Learn more