| Thursday, 9th May 2019, 12:23 pm

ചെമ്പിരിക്ക ഖാസി വധം: സമസ്ത ആരോടൊപ്പം?

കെ.പി.എസ് വിദ്യാനഗർ

മംഗലാപുരം ഖാസി കാസര്‍കോട് ചെമ്പരിക്ക സ്വദേശി സിഎം അബ്ദുല്ല മൗലവി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിട്ട് വര്‍ഷം 9 കഴിഞ്ഞു. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണം എങ്ങും എത്താതെ സി.ബി.ഐ കേസ് ഏറ്റെടുക്കുകയും ആത്മഹത്യ എന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.

എന്നാല്‍ പ്രഥമ ദൃഷ്ട്യാ ആത്മഹത്യ വാദം തെറ്റാണ് എന്ന വാദമുയര്‍ത്തി ആ റിപ്പോര്‍ട്ട് മൂന്നുവട്ടമാണ് കോടതി തള്ളിയത്. സാഹചര്യ തെളിവുകള്‍ കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുകയും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ആ വാദം ശരിവെക്കുകയും ചെയ്യുന്നു. സമസ്ത കേരള ജംഇത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണത്തില്‍ സമസ്ത കാണിക്കുന്ന നിലപാടുകള്‍ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ചോദ്യം ചെയ്യപ്പെടുന്ന രീതി പതിവാകുന്നു. ചിലപ്പോഴൊക്കെ അവ പരസ്യമായ പ്രതികരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ആദര്‍ശവും ആശയവും ചോദ്യം ചെയ്യാതെ ബഹുമാനം നിലനിര്‍ത്തി കൊണ്ട് തന്നെ ചോദിക്കട്ടെ. സി.എം ഉസ്താദ് കൊലപാതക വിഷയത്തില്‍ സമസ്ത ആരോടൊപ്പമാണ്. കൊല്ലപ്പെടുമ്പോള്‍ ഉപാധ്യക്ഷന്‍ ആയിരുന്നു ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവി. കൊലപാതകത്തില്‍ ഇടപെടലുകള്‍ പരക്കെ ചോദ്യം ചെയ്യപ്പെടുന്നുണ്ടങ്കിലും അതിവിടെ ഉന്നയിക്കുന്നില്ല. എന്നാല്‍ അതേ പദവിയില്‍ സമസ്ത ഇന്നിരുത്തിയിരിക്കുന്ന വ്യക്തി ഇതേ കൊലപാതക വിഷയത്തില്‍ ആരോപണ വിധേയനായ ആളാണ് എന്നതിലാണ് സമസ്തയുടെ നിലപാടുകള്‍ (ഇരട്ടത്താപ്പ്) ചോദ്യം ചെയ്യപ്പെടുന്നത്.

സി.എം ഉസ്താദ് കൊല്ലപ്പെട്ടു 9 വര്‍ഷം കഴിയുമ്പോഴും ആത്മഹത്യ വാദം മൂന്നുവട്ടം ഹൈക്കോടതി തള്ളുമ്പോഴും സമസ്തയുടെ നിര്‍ജീവമായ സമര മുഖങ്ങള്‍ കണ്ടു മടുത്ത പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നത് സ്വാഭാവികമാണ്. സമസ്ത ജില്ലാ ഘടകത്തിനെതിരെ സംസ്ഥാന നേതാവ് പോസ്റ്റിട്ടപ്പോഴോ കൊലപാതകമാണ് എന്ന അഭിപ്രായം നാട്ടിലില്ല എന്നു മലബാര്‍ നേതാവ് വിദേശത്തു പറഞ്ഞപ്പോഴോ സമര പരിപാടിക്ക് സമസ്ത നേതാവ് വിദ്യാര്‍ത്ഥികളെ അയക്കാതിരുന്നതിലോ ഒരു നടപടിയും സമസ്ത എടുത്തിട്ടില്ല.

കൊലപാതകം അന്വേഷിക്കാന്‍ സമസ്ത നിയോഗിച്ച ആലിബാബ കമ്മീഷന്‍ റിപ്പോര്‍ട്ട് 9 വര്‍ഷം കഴിഞ്ഞും എന്തു കൊണ്ടാണ് സമസ്ത പുറത്തു വിടാത്തത്?. മുതലക്കുളത്ത് പ്രഖ്യാപിച്ച സമരം എന്തായി എന്നറിയില്ല. സ്ത്രീകള്‍ അടക്കമുള്ളവര്‍ കാസര്‍കോട്ടെ സത്യാഗ്രഹ പന്തലില്‍ അണിനിരന്നു കഴിഞ്ഞു. ഏറ്റവും ഒടുവില്‍ സി.എം ഉസ്താദിന്റെ പേരാമക്കളായ സാബിര്‍, റാഷിദ് , സലീം ദേളി എന്നിവരടക്കമുള്ളവരെ പുറത്താക്കിയിരിക്കുകയാണ്.

മുതലക്കുളത്ത് നടന്ന പരിപാടിയില്‍ സി.എം ഉസ്താദ് കൊലപാതകത്തില്‍ ആരോപണ വിധേയനായ ആളെ വൈസ് പ്രസിഡന്റ് ആക്കിയതില്‍ പ്രതിഷേധിച്ചു അദ്ദേഹം സ്റ്റേജില്‍ കയറിയപ്പോള്‍ ചിലര്‍ ഗോബാക്ക് വിളിച്ചിരുന്നുവെത്രെ. അതാണ് സമസ്തയെ പ്രകോപിപ്പിച്ചത്. പ്രവാസിയായ സാബിര്‍ ആ പ്രതിഷേധത്തില്‍ ഭാഗമായിട്ടേയില്ല എന്നു പറയുന്നു. പിന്നെ എന്തിനു വേണ്ടിയാണ് ആര്‍ക്കു വേണ്ടിയാണ് സി.എം ഉസ്താദിന്റെ കുടുംബത്തെ പുറത്താക്കാന്‍ സമസ്ത താത്പര്യം കാണിക്കുന്നത്. കൊലപാതകികള്‍ക്കൊപ്പമോ അതോ സിഎം കുടുംബത്തിനൊപ്പമോ സമസ്ത നിലപാട് പ്രഖ്യാപിക്കണം

കെ.പി.എസ് വിദ്യാനഗർ

സാമൂഹിക പ്രവര്‍ത്തകനാണ്

Latest Stories

We use cookies to give you the best possible experience. Learn more