തന്റെ വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ട് മലയാളികൾക്കിടയിൽ വളരെ പെട്ടെന്ന് ശ്രദ്ധ നേടിയ നടനാണ് ചെമ്പൻ വിനോദ് ജോസ്.
ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നായകൻ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ മലയാള സിനിമയിൽ അരങ്ങേറുന്നത്. ശേഷം ലിജോയടക്കമുള്ള സംവിധായകരുടെ സിനിമകളിൽ വേറിട്ട വേഷ പകർച്ചകളിൽ താരം ബിഗ് സ്‌ക്രീനിൽ എത്തി.
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം പ്രേമത്തിലേക്ക് തന്നെ അഭിനയിക്കാൻ വിളിച്ചിരുന്നുവെന്ന് ചെമ്പൻ പറയുന്നു. ചിത്രത്തിൽ വിനയ് ഫോർട്ട് അവതരിപ്പിച്ച വിമൽ സാർ എന്ന വേഷമാണ് തനിക്ക് വന്നതെന്നും എന്നാൽ അതിനായി അവർ ഓഡിഷൻ നടത്തണമെന്ന് പറഞ്ഞപ്പോൾ തനിക്ക് കഴിയില്ലെന്ന് പറഞ്ഞെന്നും ചെമ്പൻ പറഞ്ഞു.
ഓഡിഷൻ തനിക്ക് ഒട്ടും കംഫർട്ടബിൾ അല്ലെന്നും തനിക്ക് അങ്ങനെയൊരു പ്രശ്നമുണ്ടെന്നും ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
‘പ്രേമത്തിൽ വിനയ് ഫോർട്ട് ചെയ്ത കഥാപാത്രത്തിലേക്ക് എന്നെ വിളിച്ചിരുന്നു. ഞാനന്ന് ഇയ്യോബിന്റെ പുസ്തകം ചെയ്ത് കൊണ്ടിരിക്കുകയാണ്. പക്ഷെ അവർ വിളിച്ചിട്ട് ഓഡിഷൻ വേണമെന്ന് പറഞ്ഞു.
പ്രേമത്തിന്റെ അസോസിയേറ്റാണ് വിളിക്കുന്നത്. ഓഡിഷനിൽ എനിക്കൊട്ടും കോൺഫിഡൻസില്ല, എനിക്കത് കഴിയില്ല. ഞാൻ പറഞ്ഞു, ഓഡിഷൻ എനിക്ക് പറ്റില്ലായെന്ന്. അവർ കരുതുന്ന കഥാപാത്രത്തിന് ഓഡിഷൻ എന്തായാലും വേണ്ടി വരും. കാരണം അവർ അങ്ങനെ ഡിസൈൻ ചെയ്തതായിരിക്കും.
പക്ഷെ ഞാൻ ഒട്ടും കംഫർട്ടബിൾ അല്ലാത്തത് കൊണ്ട് പറ്റില്ലായെന്ന് പറഞ്ഞു. പിന്നെ ഞാൻ ആലോചിച്ചിട്ടുണ്ട്,. ഇപ്പോഴും എന്നെ ഓഡിഷന് വേണ്ടി വലിച്ചാൽ എനിക്ക് ചെയ്യാൻ കഴിയില്ല. എനിക്കറിയില്ല. എനിക്ക് അങ്ങനെയൊരു പ്രശ്നമുണ്ട്. ഒരു ബ്ലോക്ക്. പലരോട് ചോദിച്ചപ്പോഴും അത് പറഞ്ഞിട്ടുമുണ്ട്. സുഹൃത്തുക്കളുടെ മുന്നിൽ നിന്നൊക്കെ പറയാൻ പറ്റുമായിരിക്കും. പക്ഷെ ഓഡിഷന് വേണ്ടി കഴിയില്ല,’ചേമ്പൻ വിനോദ് പറയുന്നു.
Content Highlight: Chemban Vinodh Jose Talk About Premam Movie