ഇങ്ങനെയൊരു സാഹചര്യമൊന്നും മലയാളത്തിൽ മുമ്പുട്ടായിട്ടില്ല: ചെമ്പൻ വിനോദ്
Entertainment
ഇങ്ങനെയൊരു സാഹചര്യമൊന്നും മലയാളത്തിൽ മുമ്പുട്ടായിട്ടില്ല: ചെമ്പൻ വിനോദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 12th March 2024, 11:27 am

മലയാള സിനിമ ഏറ്റവും നല്ല സമയത്തിലൂടെയാണ് കടന്ന് പോയികൊണ്ടിരിക്കുന്നത്. 2024 തുടക്കത്തിൽ തന്നെ മികച്ച ആരംഭമാണ് മലയാളത്തിന് ലഭിച്ചത്. കഴിഞ്ഞ മാസം ഇറങ്ങിയ സിനിമകളെല്ലാം ബോക്സ്‌ ഓഫീസിനെ പിടിച്ചു കുലുക്കിയ കാഴ്ച്ചയാണ് കണ്ടത്.

യുവ താരങ്ങൾ അണിനിരന്ന റോം കോം ചിത്രം പ്രേമലു അപ്രതീക്ഷിത മുന്നേറ്റം ബോക്സ്‌ ഓഫീസിൽ നടത്തിയിരുന്നു. സിനിമ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടതോടെ തെലുങ്കിലും റിലീസ് ചെയ്തിരുന്നു.

ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഭ്രമയുഗവും മലയാളികൾ ആഘോഷമാക്കി. വർഷങ്ങൾക്ക് ശേഷം പൂർണമായി ബ്ലാക്ക് ആൻഡ്‌ വൈറ്റിൽ എത്തിയ ചിത്രം വലിയ വിജയമായി. ഏറ്റവും ഒടുവിൽ ഇറങ്ങിയ മഞ്ഞുമ്മൽ ബോയ്സാണ് ശരിക്കും മലയാള സിനിമയുടെ സീൻ മാറ്റിയത്.

യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ പോലെ തമിഴിലും ഗംഭീരമായി സ്വീകരിക്കപ്പെട്ടു. കമൽഹാസൻ, ഉദയനിധി സ്റ്റാലിൻ, അനുരാഗ് കശ്യപ് തുടങ്ങിയ പ്രമുഖർ ചിത്രത്തിന് പ്രശംസയുമായി മുന്നോട്ട് വന്നിരിന്നു. അങ്ങനെ മലയാള സിനിമ ഏറ്റവും ഉയർച്ചയിലുള്ള സമയമാണ്.

മലയാള സിനിയുടെ ഈ ഉയർച്ചയെ ഓർത്ത് അഭിമാനമുണ്ടെന്ന് ചെമ്പൻ വിനോദ് പറയുന്നു. ഇത്തരമൊരു സാഹചര്യം മലയാളത്തിൽ ആദ്യമാണെന്നും ഈ ട്രെൻഡുള്ളപ്പോൾ ഞങ്ങളുടെ സിനിമയുമായി വരാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും പുതിയ ചിത്രം അഞ്ചക്കള്ളകോക്കാൻ സിനിമയെ കുറിച്ചും താരം പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു ചെമ്പൻ.

‘നൂറ് ശതമാനം അഭിമാനമുള്ള കാര്യമാണ്. അതിൽ എന്താണ് സംശയം. കാരണം മൂന്ന് സിനിമകളാണ് ഇപ്പോൾ ഒരുപോലെ സൂപ്പർ ഹിറ്റായത്. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്. അങ്ങനെയൊരു സാഹചര്യമൊന്നും മലയാള സിനിമയിൽ മുമ്പ് ഉണ്ടായിട്ടില്ല. ഒരു സിനിമ ഇറങ്ങി ഹിറ്റായി അടുത്തത് വരും അങ്ങനെയായിരുന്നു. ഇതിപ്പോൾ മൂന്നും ഒരുപോലെ സൂപ്പർ ഹിറ്റാണ്.

അങ്ങനെയൊരു ട്രെൻഡ് ഉള്ളപ്പോൾ തന്നെ ഞങ്ങളുടെ സിനിമയുമായി വരാൻ കഴിയുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ഒരുപാട് അഭിമാനമുണ്ട്. നമ്മൾ ഇനി ഒന്നുകൂടി തലയുയർത്തിയെ നടക്കുകയുള്ളൂ.

എത്രകാലമായി മമ്മൂക്കയെ നമ്മൾ കാണുന്നു. അദ്ദേഹം ഇപ്പോഴും നമ്മളെ അതിശയിപ്പിക്കുന്നുണ്ടെങ്കിൽ അതൊരു വലിയ കാര്യമാണ്. അതുപോലെ സിദ്ധുവിന്റെ (സിദ്ധാർത്ഥ് ഭരതൻ) ഭ്രമയുഗത്തിലെ പ്രകടനം അതൊക്കെ ഗംഭീരമാണ്.

പ്രേമലുവിപ്പോൾ തെലുങ്കിൽ രാജമൗലി ഏറ്റെടുത്ത് ചെയ്യുന്നു. അങ്ങനെ മൊത്തം ഫിലിം ഇൻഡസ്ട്രിയും മലയാള സിനിമയിലേക്ക് ഉറ്റുനോക്കുകയാണ്. എന്റെ അടുത്ത സിനിമയിൽ ഇൻവെസ്റ്റ്‌ ചെയ്തിരിക്കുന്നത് ബോംബെയിലുള്ള ഒരാളാണ്.

അപ്പോൾ അങ്ങനെ ഒരാൾ ഇങ്ങോട്ട് വരുന്നുണ്ടെങ്കിൽ ഇവിടെ എന്തോ ഉള്ളത് കൊണ്ടല്ലേ. അതുകൊണ്ട് തന്നെ വലിയ അഭിമാനമുണ്ട്,’ചെമ്പൻ പറയുന്നു.

Content Highlight: Chemban Vinodh Jose Talk About Growth Of Malayalam Cinema