| Sunday, 14th May 2023, 7:09 pm

ഒരു പ്രമുഖ മാധ്യമം കൊടുത്ത തലക്കെട്ട് ഞങ്ങളുടെ പ്രായവ്യത്യാസമാണ്, അവര്‍ക്ക് വേറെ എന്തൊക്കെ കൊടുക്കാം: ചെമ്പന്‍ വിനോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ രണ്ടാം വിവാഹത്തോടുള്ള സോഷ്യല്‍ മീഡിയ പ്രതികരണങ്ങളെ പറ്റിയും മാധ്യമ വാര്‍ത്തകളെ പറ്റിയും സംസാരിച്ച് ചെമ്പന്‍ വിനോദ്. ആളുകള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ഒന്നും തോന്നാറില്ലെന്നും ഇതിനോടൊന്നും താന്‍ പ്രതികരിക്കാറില്ലെന്നും ചെമ്പന്‍ വിനോദ് പറഞ്ഞു.

എന്നാല്‍ ഒരു പ്രമുഖ മാധ്യമം കൊടുത്ത തലക്കെട്ട് തന്റെയും ഭാര്യയുടെയും പ്രായവ്യത്യാസം പറഞ്ഞാണെന്നും ഇവിടുത്തെ ജനങ്ങള്‍ അര്‍ഹിക്കുന്നതാണ് അവര്‍ കൊടുക്കുന്നതെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ചെമ്പന്‍ വിനോദ് പറഞ്ഞു.

‘എന്റെ ഭാര്യയും ഞാനും തമ്മില്‍ 18 വയസിന്റെ വ്യത്യാസമുണ്ട്. 43 കാരന്‍ ചെമ്പന് 23കാരി മറിയം വധു എന്നാണ് ഒരു പ്രമുഖ മാധ്യമം തലക്കെട്ട് കൊടുത്തത്. വേറെ എന്തൊക്കെ ഹെഡ് അതിന് കൊടുക്കാം. മാധ്യമങ്ങള്‍ അങ്ങനെയാണ്. സമൂഹം ആഗ്രഹിക്കുന്ന മാധ്യമമാണല്ലോ ഇവിടെ ഉള്ളത്.

ആളുകള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്കൊന്നും തോന്നില്ല. ഇവരുടെ ജീവിതവും എന്റെ ജീവിതവും എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഞാന്‍ സന്തോഷകരമായ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്.

എന്നാല്‍ ആ പ്രമുഖ മാധ്യമം കൊടുത്ത ഹെഡാണ് ഞാന്‍ ആലോചിച്ചത്. ചെമ്പന്റെ രണ്ടാം വിവാഹമെന്നോ അല്ലെങ്കില്‍ ചെമ്പന്‍ കല്യാണം കഴിച്ചെന്നോ എന്തൊക്കെ കൊടുക്കാം. ഒരു ജനതക്ക് കൊടുക്കേണ്ടത് എന്താണെന്ന് അവര്‍ക്ക് അറിയാം. ജനത അര്‍ഹിക്കുന്ന കാര്യങ്ങളൊക്കെ തന്നെയാണ് കൊടുക്കുന്നത്, ഞാനുള്‍പ്പെടുന്ന ജനത.

ഇതിനോടൊന്നും പ്രതികരിക്കണമെന്ന് തോന്നാറില്ല. അതിന് ആഴത്തിലുള്ള അറിവ് വേണം. എനിക്കതിനുള്ള അറിവ് ഇല്ല. പുറമേയുള്ള കാര്യങ്ങള്‍ ചിന്തിക്കുമ്പോള്‍ പ്രതികരിക്കണമെന്ന് തോന്നിയിട്ടില്ല,’ ചെമ്പന്‍ വിനോദ് പറഞ്ഞു.

Content Highlight: Chemban Vinod talks about social media reactions to his second marriage 

We use cookies to give you the best possible experience. Learn more