| Tuesday, 12th March 2024, 7:51 pm

അന്ന് പ്രേമത്തിലെ ആ റോളിലേക്ക് വിളിച്ചു; ഒഡീഷന് വരാനാവില്ലെന്ന് പറഞ്ഞതോടെ ആ സിനിമ നഷ്ടമായി: ചെമ്പന്‍ വിനോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ തന്റെ സാനിധ്യമറിയിച്ച വ്യക്തിയാണ് ചെമ്പന്‍ വിനോദ്. തനിക്ക് ഒഡീഷന് പങ്കെടുക്കുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് പറയുകയാണ് താരം. നിവിന്‍ പോളി ചിത്രമായ പ്രേമത്തിലേക്ക് തന്നെ ഒഡീഷന് വിളിച്ചതിനെ കുറിച്ചും ചെമ്പന്‍ വിനോദ് പറയുന്നു.

തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടൈയ്‌മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. പ്രേമത്തില്‍ വിനയ് ഫോര്‍ട്ട് ചെയ്ത കഥാപാത്രത്തിലേക്കായിരുന്നു തന്നെ വിളിച്ചതെന്നും അതിനായി ഒഡീഷന് വരാന്‍ പറഞ്ഞുവെന്നും ചെമ്പന്‍ വിനോദ് പറഞ്ഞു.

തനിക്ക് ഒഡീഷന് കോണ്‍ഫിഡന്‍സില്ലാത്തത് കൊണ്ട് ഒഡീഷന്‍ പറ്റില്ലെന്ന് പറയുകയായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. തനിക്ക് ഇപ്പോഴും ഒഡീഷന് പോകാന്‍ പറ്റില്ലെന്നും ചെമ്പന്‍ വിനോദ് അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘എനിക്ക് ഒഡീഷന് പങ്കെടുക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. പ്രേമത്തില്‍ എന്നെ വിളിച്ചിരുന്നു. വിനയ് ഫോര്‍ട്ട് ചെയ്ത കഥാപാത്രം ചെയ്യാന്‍ വേണ്ടിയായിരുന്നു വിളിച്ചതെന്ന് തോന്നുന്നു. അവര് വിളിച്ചിട്ട് ഒഡീഷന് വരാന്‍ പറഞ്ഞു.

സിനിമയുടെ അസോസിയേറ്റായിരുന്നു വിളിച്ചത്. എനിക്ക് സത്യം പറഞ്ഞാല്‍ ഒഡീഷന് ഒരു കോണ്‍ഫിഡന്‍സുമില്ല. അതുകൊണ്ട് ഞാന്‍ ഒഡീഷന്‍ പറ്റില്ലെന്ന് പറഞ്ഞു. അവര്‍ അത്തരത്തില്‍ ഡിസൈന്‍ ചെയ്ത പടമായത് കൊണ്ട് സ്‌ക്രീന്‍ ടെസ്റ്റില്ലാതെ പറ്റില്ലായിരുന്നു.

ഞാന്‍ അതില്‍ കംഫര്‍ട്ടല്ലെന്ന് പറഞ്ഞത് കൊണ്ട് ആ സിനിമ നഷ്ടമായി. ഇപ്പോഴും ഒഡീഷന് പോകാന്‍ പറ്റില്ല. എന്താണെന്ന് അറിയില്ല. എനിക്ക് ഒഡീഷന്റെ കാര്യത്തില്‍ എന്തോ ഒരു ബ്ലോക്കുണ്ട്. പലര്‍ക്കും അതേ പ്രശ്‌നമുണ്ട്,’ ചെമ്പന്‍ വിനോദ് പറഞ്ഞു.

അതേസമയം ചെമ്പന്‍ വിനോദ് നിര്‍മിക്കുന്ന പുതിയ ചിത്രമാണ് അഞ്ചക്കള്ളക്കോക്കാന്‍. ചെമ്പന്‍ വിനോദ്, ലുക്മാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മാര്‍ച്ച് 15 ന് തീയേറ്ററുകളില്‍ എത്തും. ചെമ്പന്‍ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായാണ് ഉല്ലാസ് സിനിമാ രംഗത്തെത്തുന്നത്.


Content Highlight: Chemban Vinod Talks About Premam Movie

Latest Stories

We use cookies to give you the best possible experience. Learn more