| Tuesday, 12th September 2023, 7:56 am

പെണ്‍പ്രേതം നേരില്‍ വന്നാല്‍ ശാരീരികമായി ബന്ധപ്പെട്ടാല്‍ കൊള്ളാമെന്നുണ്ടെന്ന് പറയും: ചെമ്പന്‍ വിനോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേത സങ്കല്‍പത്തെ പറ്റിയുള്ള തന്റെ കാഴ്ചപ്പാടിനെ പറ്റി പറയുകയാണ് ചെമ്പന്‍ വിനോദ്. പ്രേതം എന്ന് പറയുമ്പോള്‍ തനിക്ക് ഒരു കൗതുകമാണെന്നും പെണ്‍കുട്ടികള്‍ പ്രേതമായി വന്നാല്‍ ശാരീരികമായി ബന്ധപ്പെട്ടാലോ എന്ന് ചോദിക്കുമെന്നും ചെമ്പന്‍ വിനോദ് പറഞ്ഞു. താന്‍ ഉപദ്രവിക്കാത്ത ഒരാള്‍ മരിച്ചാല്‍ പ്രേതമായി വന്ന് തന്നെ പേടിപ്പിക്കില്ലെന്നാണ് വിശ്വാസമെന്നും ചെമ്പന്‍ വിനോദ് പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി എടുത്ത രോമാഞ്ചം എന്ന ചിത്രത്തിലെ പ്രേതമായ അനാമികയില്‍ വിശ്വാസമുണ്ടോ എന്ന ചോദ്യത്തിന് താന്‍ ദൈവവിശ്വാസിയാണ് എന്നാണ് ചെമ്പന്‍ വിനോദ് പറഞ്ഞത്.

‘പ്രേതങ്ങള്‍ എന്ന് പറയുമ്പോള്‍ എനിക്ക് എപ്പോഴും ഒരു കൗതുകമുണ്ട്. നേരില്‍ കണ്ടാല്‍ എങ്ങനെയാണ് മരിച്ചത് എന്നൊക്കെ ചോദിക്കണമെന്നുണ്ട്. പെണ്‍കുട്ടികള്‍ എങ്ങാനും പ്രേതമായി വന്നാല്‍ ശാരീരികമായി ബന്ധപ്പെട്ടാല്‍ കൊള്ളാമെന്നുണ്ട് എന്ന് ചോദിക്കും. അതിന് ഭാര്യയും ചിലപ്പോള്‍ വഴക്ക് പറയില്ലായിരിക്കും. കാരണം ആളില്ലല്ലോ, പ്രേതമല്ലേ, അവര്‍ പിന്നെ ഒരു ബാധ്യതയായി വരില്ല. ഞാന്‍ സീരിയസായി പറഞ്ഞതാണ്. എനിക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ട്.

വണ്ടി ഇടിച്ച് മരിച്ച ഒരാള്‍ എന്തിനാണ് നമ്മുടെ മുമ്പില്‍ പ്രേതമായി വന്ന് നില്‍ക്കുന്നത്. നമ്മള്‍ എന്ത് ചെയ്തിട്ടാണ്, പ്രേതത്തിന് ഒരു കാരണം വേണ്ടേ. ഒന്നുങ്കില്‍ നമ്മള്‍ കൊല്ലണം. അല്ലെങ്കില്‍ വെറുതെ വന്ന് പേടിപ്പിക്കുന്നത് എന്തിനാണ്?

അല്ലെങ്കില്‍ ഒരു റൂമില്‍ കിടക്കാന്‍ ചെല്ലുന്നു. അവിടെ ചിലപ്പോള്‍ ഒരാള്‍ തൂങ്ങിമരിച്ചിട്ടുണ്ടാവാം. അയാള്‍ തൂങ്ങിമരിച്ചതാണെന്ന് നമുക്ക് അറിയില്ലല്ലോ. മരിച്ചിട്ട് പിന്നെ എന്തിനാണ് ഇവിടെ നില്‍ക്കുന്നത്, സ്വര്‍ഗത്തിലോ നരകത്തിലോ എവിടേക്കെങ്കിലും പോ. നമ്മളെ പേടിപ്പിക്കുന്നത് എന്തിനാണ്. അങ്ങനെ പേടിപ്പിക്കില്ലായിരിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ ചെമ്പന്‍ വിനോദ് പറഞ്ഞു.

രോമാഞ്ചത്തിലെ തന്റെ കഥാപാത്രമായി സയിദിനെ പറ്റിയും ചെമ്പന്‍ വിനോദ് സംസാരിച്ചു. ‘രോമാഞ്ചത്തിലേക്ക് നിര്‍മാതാവ് ഗിരീഷ് ഗംഗാധരനാണ് എന്നെ വിളിച്ചത്. അവര്‍ ഷൂട്ട് ചെയ്യുന്നതിനിടയില്‍ തന്നെ എന്നെ വിളിക്കുകയായിരുന്നു. ഗസ്റ്റ് അപ്പ്യറന്‍സാണെന്ന് പറഞ്ഞപ്പോള്‍ പിന്നെന്താടാ വരാം, പ്ലാന്‍ ചെയ്‌തോളാന്‍ പറഞ്ഞു. ഒരു മണിക്കൂറിന്റെ പരിപാടിയാണെന്നാണ് വിചാരിച്ചത്.

ഗിരീഷ് ഈ രംഗത്തെ പറ്റി പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ ചിരിച്ചിരുന്നു. പിന്നെ ലൊക്കേഷനില്‍ പോയി. കഥാപാത്രം എന്താണെന്ന് എനിക്ക് അറിയാമായിരുന്നു. പിന്നെ കഥാപാത്രത്തിന്റെ ബിഹേവിയര്‍ എന്തായിരിക്കണമെന്നൊക്കെ സംവിധായകനോട് ചോദിച്ചു. അവനും ബെംഗളൂരുവില്‍ ഉണ്ടായിരുന്നതാണ്. അപ്പോള്‍ ഈസി ആയി കണക്ടായി.

റിയല്‍ ലൈഫ് കഥാപാത്രമാണ് സയിദ്. പൂര്‍ണമായും സിനിമയില്‍ കാണിച്ചിരിക്കുന്നത് പോലെയല്ലെങ്കിലും ഒരു 80 ശതമാനം ശരിക്കും സംഭവിച്ചതാണെന്നാണ് പറയുന്നത്,’ ചെമ്പന്‍ വിനോദ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Chemban Vinod talks about his perspective on the ghost concept

We use cookies to give you the best possible experience. Learn more