| Friday, 15th March 2024, 7:57 am

റമ്പാന്‍ ഒരു ടോട്ടല്‍ ഫിക്ഷന്‍; അങ്ങനെയൊരു കഥ എവിടെയും നടന്നിട്ടില്ല; അതിലെ കഥാപാത്രങ്ങള്‍ എവിടെയുമില്ല: ചെമ്പന്‍ വിനോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ ആരാധകര്‍ ഇപ്പോള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് റമ്പാന്‍. ലൈല ഒ ലൈല എന്ന സിനിമക്ക് ശേഷം മോഹന്‍ലാലും സംവിധായകന്‍ ജോഷിയും ഒന്നിക്കുന്ന ചിത്രം കൂടെയാണ് ഇത്.

അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങള്‍ക്കുശേഷം ചെമ്പന്‍ വിനോദ് ജോസ് കഥയെഴുതുന്ന സിനിമയെന്ന പ്രത്യേകത കൂടെ റമ്പാനുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വന്നിരുന്നത്.

ഇപ്പോള്‍ റമ്പാനെ കുറിച്ച് പറയുകയാണ് ചെമ്പന്‍ വിനോദ്. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

റമ്പാന്‍ സിനിമയുടെ കഥ എഴുതി കഴിഞ്ഞതാണെന്ന് പറയുന്ന ചെമ്പന്‍ അങ്കമാലി ഡയറീസും ഭീമന്റെ വഴിയും യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നുള്ള പ്രചോദനത്തിലാണ് എഴുതിയതെന്നും കൂട്ടിച്ചേര്‍ത്തു. ആ രീതി മാറ്റണമെന്ന തോന്നലില്‍ നിന്നാണ് റമ്പാന്‍ സിനിമയിലേക്ക് എത്തിയതെന്നും ചെമ്പന്‍ വിനോദ് പറഞ്ഞു.

‘റമ്പാന്റെ എഴുത്തൊക്കെ കഴിഞ്ഞതാണ്. ഞാന്‍ ഭീമന്റെ വഴി സിനിമ എഴുതുമ്പോള്‍ ആ വഴി ഉണ്ടായ കഥ എന്റെ സുഹൃത്തിന്റെ സുഹൃത്ത് വഴി ഉണ്ടാക്കിയ കഥയാണ്. ഞാന്‍ പറയുന്നത് അതിലെ പേഴ്‌സണല്‍ ലൈഫല്ല. വഴി ഉണ്ടാക്കിയ കഥ മാത്രം. അതില്‍ നിന്നും ഇന്‍സ്പയറായിട്ടാണ് ആ സിനിമക്ക് കഥ എഴുതുന്നത്.

അതുപോലെ അങ്കമാലി ഡയറീസിലെ അഞ്ചോ ആറോ സംഭവങ്ങള്‍ റിയല്‍ നടന്നതാണ്. അത്തരത്തില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് ഇന്‍സ്പയറായി കഥ എഴുതുന്ന രീതി മാറ്റണമെന്ന് എനിക്ക് തന്നെ തോന്നുകയായിരുന്നു. അങ്ങനെയാണ് റമ്പാന്‍ സിനിമയിലേക്ക് എത്തുന്നത്.

ആ സിനിമ ടോട്ടല്‍ ഫിക്ഷനാണ്. അങ്ങനെയൊരു കഥ എവിടെയും നടന്നിട്ടില്ല. അതിലെ കഥാപാത്രങ്ങള്‍ എവിടെയുമില്ല. എന്നെ തന്നെ ചാലഞ്ച് ചെയ്ത് എഴുതുന്ന സിനിമയാണ് റമ്പാന്‍. റിയല്‍ ലൈഫുമായി അതിന് ഒരു ബന്ധവുമില്ല,’ ചെമ്പന്‍ വിനോദ് പറഞ്ഞു.

ചെംബോസ്‌കി മോഷന്‍ പിക്‌ചേഴ്‌സ്, ഐന്‍സ്റ്റിന്‍ മീഡിയ, നെക്സ്റ്റല്‍ സ്റ്റുഡിയോ എന്നിവയുടെ ബാനറില്‍ ചെമ്പന്‍ വിനോദ് ജോസ്, ഐന്‍സ്റ്റിന്‍ സാക്ക് പോള്‍, ശൈലേഷ് ആര്‍. സിങ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

സമീര്‍ താഹിര്‍, വിവേക് ഹര്‍ഷന്‍, വിഷ്ണു വിജയ് തുടങ്ങി അണിയറ പ്രവര്‍ത്തകരെല്ലാം ഇന്‍ഡസ്ട്രിയില്‍ കളം നിറഞ്ഞു നില്‍ക്കുന്നവരാണ് എന്നതും ചിത്രത്തിലുള്ള പ്രതീക്ഷ കൂട്ടുന്ന ഘടകമാണ്.


Content Highlight: Chemban Vinod Says Rambaan Movie Is Total Fiction

We use cookies to give you the best possible experience. Learn more