| Tuesday, 10th August 2021, 6:06 pm

'പ്രേതങ്ങള്‍ എന്തിനാണ് ഉപദ്രവിക്കുന്നത്, എനിക്കിഷ്ടം സ്‌നേഹിക്കുന്ന പ്രേതങ്ങളെയാണ്'; ചിരിപ്പിക്കുന്ന അനുഭവവുമായി ചെമ്പന്‍ വിനോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് പ്രേക്ഷക പ്രശംസ നേടിയ നടനാണ് ചെമ്പന്‍ വിനോദ്. ഇപ്പോഴിതാ ഒരഭിമുഖത്തിനിടയില്‍ ചെമ്പന്‍ വിനോദ് പറയുന്ന രസകരമായ കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

പ്രേതങ്ങളില്‍ വിശ്വാസമുണ്ടോ എന്ന ചോദ്യത്തിനാണ് ചെമ്പന്‍ വിനോദ് മറുപടി പറയുന്നത്. അന്യഗ്രഹജീവികളില്‍ വിശ്വാസമുണ്ടെന്നും എന്നാല്‍ പ്രേതത്തില്‍ വിശ്വാസമില്ലെന്നുമാണ് ചെമ്പന്‍ വിനോദ് പറയുന്നത്.

പ്രേതത്തെ കാണാന്‍ വേണ്ടി പലപ്പോഴും ഇറങ്ങി പുറപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെയും കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും ചെമ്പന്‍ വിനോദ് പറയുന്നു.

‘പ്രത്യേക രാശിയില്‍ ജനിച്ചവര്‍ക്കേ പ്രേതത്തിനെ കാണാന്‍ കഴിയൂ എന്നാണ് ചിലര്‍ പറയുന്നത്. ഞാന്‍ കുറേ ട്രൈ ചെയ്തിട്ടുണ്ട്. പ്രേതത്തിനെ കാണാന്‍ വേണ്ടി തന്നെ ഒരിക്കല്‍ ഗൂഡല്ലൂരില്‍ നിന്ന് ഊട്ടിയിലേക്ക് ഒറ്റക്ക് ഡ്രൈവ് ചെയ്ത് പോയിട്ടുണ്ട് ഞാന്‍. ഓരോ വളവ് വളയുമ്പോഴും എന്തെങ്കിലും കാണുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു.

എന്നാല്‍ ഒരു മുയലിനെ പോലും കണ്ടില്ലെന്നതാണ് സത്യം. ഞാന്‍ പ്രേത സിനിമകള്‍ കാണാറില്ല. പ്രേതം ഉണ്ടോ ഇല്ലയോ എന്നറിയില്ലെങ്കിലും പ്രേതത്തിനെ കണ്ടാല്‍ സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ്. കണ്ടുകഴിഞ്ഞാല്‍ സുഹൃത്തേ നമ്മള്‍ തമ്മില്‍ എന്തിനാണ് പ്രശ്‌നം എന്ന് ഞാന്‍ ചോദിക്കും,’ ചെമ്പന്‍ വിനോദ് പറഞ്ഞു.

എന്തിനാണ് പ്രേതങ്ങള്‍ ഉപദ്രവിക്കുന്നത് എന്ന് താന്‍ ചിന്തിച്ചിട്ടുണ്ടെന്നും ചെമ്പന്‍ വിനോദ് പറഞ്ഞു. മാത്രമല്ല ഉപദ്രവിക്കുന്ന പ്രേതത്തെയല്ല മറിച്ച് സ്‌നേഹിക്കുന്ന പ്രേതത്തെയാണ് തനിക്ക് ഇഷ്ടമെന്നും അഭിമുഖത്തില്‍ ചെമ്പന്‍ വിനോദ് കൂട്ടിച്ചേര്‍ത്തു.

ഏഷ്യാവില്‍ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചെമ്പന്‍ വിനോദ് സംസാരിച്ചത്.

ട്രാന്‍സ് ആണ് ചെമ്പന്‍ വിനോദിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചുരുളി, അജഗജാന്തരം, പത്തൊന്‍പതാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Chemban Vinod says about his believes

We use cookies to give you the best possible experience. Learn more