ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിലെ തെറിവിളിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചേരിതിരിഞ്ഞ് തര്‍ക്കങ്ങള്‍ രൂപപ്പെട്ടു. കഴിഞ്ഞ ദിവസം സിനിമക്കെതിരെ തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിക്കും നടന്‍ ജോജു ജോര്‍ജിനും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.
അതേസമയം, തെറി വിറ്റ് കാശാക്കാനല്ല ‘ചുരുളി’ എന്ന സിനിമ എടുത്തതെന്നും ചിത്രത്തിന്റെ കഥ ആവശ്യപ്പെടുന്നതാണ് അതിലെ സംഭാഷണങ്ങള്‍ എന്നും പറയുകയാണ് നടന്‍ ചെമ്പന്‍ വിനോദ്. ദുബായില്‍ സിനിമയിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ആ സിനിമയിലെ കഥാപാത്രങ്ങള്‍ കുറ്റവാളികളാണ്. അവര്‍ പ്രാര്‍ത്ഥിച്ച് ഭക്ഷണം കഴിക്കുന്നവരായിരിക്കില്ല, അവര്‍ക്ക് അവരുടെതായ രീതിയുണ്ടാകും,’ ചെമ്പന്‍ വിനോദ് പറഞ്ഞു.
‘സിനിമ തുടങ്ങുമ്പോള്‍ തന്നെ അത് മുതിര്‍ന്നവര്‍ക്കുള്ളതാണെന്ന് എഴുതി കാണിക്കുന്നുണ്ടെന്നും കുട്ടികളെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ അത് വായിച്ച ശേഷമാണ് സിനിമ കാണേണ്ടതെന്നും ചെമ്പന്‍ വിനോദ് പറഞ്ഞു. വിരല്‍ തുമ്പില്‍ എല്ലാ കാഴ്ചകളും ലഭ്യമായ കാലമാണിത്. അപ്പോള്‍ ഈ തലമുറയെ ചുരുളിയെടുത്ത് നശിപ്പിക്കേണ്ട കാര്യമില്ല. അങ്ങനെ നശിക്കുകയുമില്ല. അങ്ങനെ നശിക്കുന്നവരാണെങ്കില്‍ ആ തലമുറയെ കൊണ്ട് പ്രയോജനമില്ലെന്നാണ് തോന്നുന്നത്. സിനിമ കാണാനും കാണാതിരിക്കാനും ഓപ്ഷനുണ്ട്. അശ്രദ്ധമായി കുടുംബത്തോടൊപ്പം സിനിമ കണ്ട് പ്രയാസപ്പെടുന്നവരുണ്ട് എന്നതില്‍ വിഷമമുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴി എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ചാണ് ചെമ്പന്‍ വിനോദ് ദുബായിലെത്തിയത്.
ദേരയിലെ അല്‍ ദുറൈര്‍ സെന്ററില്‍ നടന്ന പ്രദര്‍ശനത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സംവിധായകന്‍ അഷ്റഫ് ഹംസ, കുഞ്ചാക്കോ ബോബന്‍, ജിനു ജോസഫ് തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
അതേസമയം, ചുരുളിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ചുരുളിയിലെ ഭാഷാ പ്രയോഗം അതിഭീകരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ചിത്രത്തിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ജസ്റ്റിസ് എന്‍. നഗരേഷാണ് ഇക്കാര്യം പറഞ്ഞത്. ചുരുളി ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ നിന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷകയുടെ ഹരജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതി ചുരുളിയിലെ ഭാഷാപ്രയോഗത്തെ വിമര്‍ശിച്ചത്.