| Sunday, 14th May 2023, 6:47 pm

ആ കഥാപാത്രം അത്രയേറെ സ്വീകരിക്കപ്പെട്ടപ്പോള്‍ ചെറിയ വിഷമം തോന്നി, ഞാന്‍ ചെയ്താല്‍ മതിയായിരുന്നു : ചെമ്പന്‍ വിനോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭീമന്റെ വഴിയിലെ ജിനുജോസഫ് അവതരിപ്പിച്ച കൊസ്‌തേപ്പ് എന്ന കഥാപാത്രം താന്‍ ചെയ്യാന്‍ തീരുമാനിച്ചതായിരുന്നു എന്ന് നടനും എഴുത്തുകാരനും നിര്‍മാതാവുമായ ചെമ്പന്‍ വിനോദ്. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആ കഥാപാത്രം ഞാന്‍ ചെയ്യാന്‍ വെച്ചതായിരുന്നു. ജിനുവും ഞാനും സുഹൃത്തുക്കളാണ്. ഒരു ഘട്ടത്തില്‍ ഞാന്‍ ആലോചിച്ചു, ജിനുവിനെ നമ്മള്‍ എപ്പോഴും വളരെ പോളിഷ്ഡായ വേഷങ്ങളിലാണ് കണ്ടിട്ടുള്ളത്. ഈ സിനിമയില്‍ സുന്ദരനായിട്ടുള്ളൊരു നായകനാണുള്ളത്. എന്ത് കൊണ്ട് സുന്ദരനായിട്ടുള്ള ഒരു വില്ലനായിക്കൂടാ എന്ന ചിന്തയില്‍ നിന്നാണ് കൊസ്‌തേപ്പ് ചെയ്യാന്‍ ജിനുവിനെ തീരുമാനിച്ചത്. വേറൊരു താളത്തില്‍ അത് ചെയ്യണമെന്ന് തോന്നി. ജിനുവിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹവും തയ്യാറായി. പിന്നെ നമുക്കും ഹെല്‍പ് ചെയ്യാന്‍ പറ്റുമായിരുന്നു. ഞാനും അഷ്‌റഫുമൊക്കെ ഉണ്ടായിരുന്നല്ലോ അവിടെ. അങ്ങനെ ജിനു വന്നു ആ ദൗത്യം ഏറ്റെടുത്തു, വളരെ ഗംഭീരമായി അത് ചെയ്യുകയും ചെയ്തു.

പക്ഷെ, ആ കഥാപാത്രം അത്ര സ്വീകരിക്കപ്പെട്ടപ്പോള്‍ എനിക്ക് ചെറിയൊരു വിഷമം തോന്നി. എനിക്ക് തന്നെ ചെയ്താല്‍ മതിയായിരുന്നു എന്ന് തോന്നി. അതൊരു സാധാരണ മനുഷ്യനുണ്ടാകുന്ന സ്വഭാവമായി കണ്ടാല്‍ മതി. ജിനു തന്നെയായിരുന്നു ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത്. ഞാനൊന്നും ചെയ്താല്‍ അതിന്റത്രയും വരില്ല,’ ചെമ്പന്‍ വിനോദ് പറഞ്ഞു.

നല്ല നിലാവുള്ള രാത്രിയാണ് ചെമ്പന്‍ വിനോദിന്റെ അടുത്തതായി റിലീസിനൊരുങ്ങുന്ന സിനിമ. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്നു നിര്‍മിക്കുന്ന സിനിമ നവാഗതനായ മര്‍ഫി ദേവസിയാണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഒഫീഷ്യല്‍ ട്രെയ്ലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. മാസ് ആക്ഷന്‍ ത്രില്ലര്‍ ആയിട്ട് ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ ചെമ്പന്‍ വിനോദിന് പുറമെ, ബാബുരാജ്, ജിനു ജോസഫ്, ബിനു പാപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ മര്‍ഫി ദേവസ്സിയും പ്രഫുല്‍ സുരേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം കൂടിയാണ് ‘നല്ല നിലാവുള്ള രാത്രി’. അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ശ്യാം ശശിധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡേവിഡ്സണ്‍ സി. ജെ, ക്രിയേറ്റിവ് ഹെഡ് ഗോപികാ റാണി, സംഗീത സംവിധാനം കൈലാസ് മേനോന്‍, ആക്ഷന്‍ കൊറിയോഗ്രഫി രാജശേഖരന്‍, കലാസംവിധാനം ത്യാഗു തവനൂര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് അമല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, മാര്‍ക്കറ്റിങ് പ്ലാനിങ് ഒബ്സ്‌ക്യുറ എന്റര്‍ടൈന്‍മെന്റ്, ഡിസൈന്‍ യെല്ലോടൂത്ത്, പി.ആര്‍.ഒ. സീതലക്ഷ്മി പപ്പറ്റ് മീഡിയ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

content highlight: Chemban Vinod on the kosthep character in Bheemante vazhi

Latest Stories

We use cookies to give you the best possible experience. Learn more