ചിന്നുവിനെ പോലെ ഒരാളെയല്ല ആദ്യം ഭീമന്റെ വഴിയിലെ നായികയായി കരുതിയിരുന്നതെന്ന് നടനും നിര്‍മാതാവും എഴുത്തുകാരനുമായ ചെമ്പന്‍ വിനോദ് ജോസ്. ചില സിനിമാറ്റിക് എലമെന്റുകള്‍ക്ക് വേണ്ടിയാണ് ചിന്നുവിനെ നായികയാക്കിയതെന്നും ബിഹെന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയുടെ എഴുത്തുകാരന്‍ കൂടിയായ ചെമ്പന്‍ വിനോദ് പറയുന്നു.
‘ഭീമന്റെ വഴി എഴുതുമ്പോള്‍ ചിന്നുവിനെ പോലുള്ള ഒരാളെ ആയിരുന്നില്ല ആ സീനിലേക്ക് ആദ്യം കരുതിയിരുന്നത്. ഒരു സാധാരണ ആളെയായിരുന്നു ഉദ്ദേശിച്ചത്. ഞങ്ങളുടെ വീടിനടുത്ത് ഒരു ചേച്ചിയിട്ടുണ്ട്. അവര്‍ ആയോധന കലകള്‍ പഠിപ്പിക്കുന്നുണ്ട്. കാണാന്‍ സാധാരണ ലുക്കുള്ള ഒരു സ്ത്രീയാണ്. അങ്ങനെ ഒരു സ്ത്രീയെയാണ് ഞാന്‍ ഉദ്ദേശിച്ചിരുന്നത്.
പക്ഷെ കുറച്ചൂടെ സിനിമാറ്റിക്കായി ചിന്തിക്കുമ്പോള്‍ ഹീറോയും ഇവരുമായി എന്തെങ്കിലുമൊരു ബന്ധം വേണം. കാരണം അവസാന സീനില്‍ ഹീറോ അവിടെ വെറുതെ നോക്കി നില്‍ക്കുകയാണ്. എഴുത്തുകാരനെന്ന നിലയില്‍ ഹീറോയെ മറ്റേ പെണ്‍കുട്ടിയെ കൊണ്ട് കല്യാണം കഴിപ്പിക്കുന്നതില്‍ എനിക്ക് താല്‍പര്യവുമില്ല. അങ്ങനെ ചിന്തിച്ചതാണ്, അവസാന സീനീലെ ആ അടിക്കുന്നതീലൂടെ ഒരു ഹീറോയിനായി മാറാം എന്നത്. അതാണ് നല്ലത് എന്നും എനിക്ക് തോന്നി.
കാരണം, നമുക്കറിയാം ഭീമന്‍ തരികിടയാണ്, കോഴിയാണ് എന്നൊക്കെ. അതുകൊണ്ട് തന്നെ ഇവളാണ് അവനെ കെട്ടുന്നതെങ്കില്‍ ഇനി അവന്റെ ഒരു അഭ്യാസവും നടക്കില്ല. ആ ഒരു ഉറപ്പ് പ്രേക്ഷകന് കൊടുക്കണം. ആ ഒരു ചിന്തയില്‍ നിന്നാണ് ചിന്നുവിനെ ഹീറോയിനായി കണ്ടത്. അല്ലെങ്കില്‍ വളരെ നോര്‍മലായിട്ടുള്ള ഒരാള്‍ അവസാന സീനില്‍ കൊസ്‌തേപ്പിനെ എടുത്ത് അടിക്കുക എന്നുള്ളതായിരുന്നു എന്റെ പദ്ധതി,’ ചെമ്പന്‍ വിനോദ് പറഞ്ഞു.
CONTENT HIGHLIGHT: Chemban Vinod on Chinnu’s character in Bhimante vazhi