ഡ്രഗ്സ് ഉപയോഗിച്ച് വരുന്ന നടന്മാരെയൊന്നും താൻ പ്രൊഡ്യൂസ് ചെയ്ത സിനിമയുടെ ലൊക്കേഷനിൽ കണ്ടിട്ടില്ലെന്ന് നടനും നിർമാതാവും തിരക്കഥാകൃത്തുമായ ചെമ്പൻ വിനോദ്. അങ്കമാലി ഡയറീസ് മുതൽ താൻ പ്രൊഡക്ഷനിൽ ഉണ്ടെന്നും എന്നാൽ ഇന്നുവരെ താൻ ചെയ്ത സിനിമകളിൽ അത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും ചെമ്പൻ പറയുന്നുണ്ട്. വൈകി വരുന്നവരോട് പേഴ്സണലായിട്ട് കാര്യങ്ങൾ പറയാറുണ്ടെന്നും ചെമ്പൻ വിനോദ് കൂട്ടിച്ചേർത്തു. ബിഹൈൻഡ്‌വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
ഡ്രഗ്സ് ഉപയോഗിച്ച് ആർട്ടിസ്റ്റുകൾ ലൊക്കേഷനിലേക്ക് വരുന്നുണ്ടെന്നും നേരം വൈകി വരുന്നുണ്ടെന്നും പല നിർമാതാക്കളും ആരോപിച്ച് രംഗത്ത് വന്നിരുന്നു, ഒരു പ്രൊഡ്യൂസർ എന്ന നിലക്ക് തന്റെ അഭിപ്രായം എന്താണെന്ന ചോദ്യത്തിന് തന്റെ ലൊക്കേഷനിൽ അങ്ങനെ കണ്ടിട്ടില്ല എന്നായിരുന്നു ചെമ്പൻ വിനോദിന്റെ മറുപടി.
‘ഞാൻ പ്രൊഡ്യൂസ് ചെയ്ത സിനിമ ലൊക്കേഷനിൽ ഞാൻ അങ്ങനെയുള്ള കാര്യങ്ങൾ കണ്ടിട്ടില്ല. അവർ ഡ്രഗ്സ് ഉപയോഗിച്ചാണോ വരുന്നതെന്ന് എനിക്കറിയില്ല. എന്റെ കൺമുമ്പിൽ ഞാനത് കണ്ടിട്ടില്ല. ചിലർ മദ്യപിച്ചിട്ട് ഒക്കെ വരാറുണ്ട്. അതുകൊണ്ട് എനിക്കോ എന്റെ ഡയറക്ടറിനോ പ്രൊഡക്ഷൻ ഹൗസിനോ ഒരു പ്രശ്നവും ഉണ്ടാവാറില്ല. വൈകിയതിന് നമ്മൾ പേഴ്സണൽ ആയിട്ട് പോയി പറയാറുണ്ട്. അവര് ലഹരി ഉപയോഗിച്ചിട്ട് നേരം വൈകി വരുന്നതാണോ എനിക്കറിയില്ല.
‘നാളെ വരുമ്പോൾ നേരത്തെ വരണം, നമ്മൾ ഷൂട്ട് ഇങ്ങനെയാണ് പ്ലാൻ ചെയ്തിരിക്കുന്നത്’ എന്ന് പറയും. ഞാൻ ലിജോയുടെ കൂടെയാണ് സിനിമ ചെയ്തു തുടങ്ങിയത്. അങ്കമാലി ഡയറീസ് മുതൽ ഞാൻ പ്രൊഡക്ഷനിൽ ഉണ്ട്. ഞങ്ങൾ ഇന്ന് വരെ ചെയ്തു വന്നതിൽ എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. ഡ്രഗ്സിന്റെ ഉപയോഗം എന്റെ മുൻപിൽ ഞാൻ കണ്ടിട്ടില്ല. പുകവലിക്കുന്നത് അനാരോഗ്യകരമായിട്ടുള്ള കാര്യമാണെന്നും ചുമച്ചുപിടിച്ച് ക്യാൻസർ വന്ന് മരിക്കുകയുള്ളൂ എന്നും നമുക്ക് വ്യക്തമായിട്ട് അറിയാം. എന്നിട്ടും ആളുകൾ വലിക്കുന്നുണ്ട്.
ഡ്രഗ്സ് ഉപയോഗിക്കുന്നത് നമ്മുടെ രാജ്യത്ത് നിയമത്തിനെതിരായി ചെയ്യുന്ന കാര്യമാണ്. അതിന്റെ പരിണിതഫലം ഏറ്റെടുക്കാൻ തയ്യാറായിട്ടായിരിക്കും അവരിത് ഉപയോഗിക്കുന്നത്. ഒരു പ്രൊഡ്യൂസർ എന്ന നിലക്ക് എനിക്ക് അത്തരത്തിലുള്ള ഒരു ബുദ്ധിമുട്ടും ഇതുവരെ ഉണ്ടായിട്ടില്ല. ഡ്രഗ്സിന്റേത് ഇതുവരെ നേരിട്ട് കണ്ടിട്ടില്ല, അങ്ങനെ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല,’ ചെമ്പൻ വിനോദ് പറയുന്നു.
Content Highlight: Chemban Vinod on artistes arriving late at his location