|

പ്രേമത്തിൽ വിമൽ സാർ ആകേണ്ടിയിരുന്നത് ഞാൻ, എന്നാൽ ചെയ്യാത്തതിന് ഒരു കാരണമുണ്ട്: ചെമ്പൻ വിനോദ് ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകൻ എന്ന മലയാളസിനിമയിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് ചെമ്പൻ വിനോദ് ജോസ്. പിന്നീട് ഒരുപാട് മലയാള സിനിമയുടെ ഭാഗമായി ചെമ്പൻ വിനോദ്. 2010ൽ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ത്രില്ലർ ചിത്രത്തിൻ്റെ സഹനിർമാതാവുമാണ് ചെമ്പൻ വിനോദ് ജോസ്. ഈ.മ.യൗ എന്ന ചിത്രത്തിലെ വേഷത്തിന് 49ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ചെമ്പൻ വിനോദ് ജോസ് സ്വന്തമാക്കി.

ഇപ്പോൾ പ്രേമത്തിലെ വിനയ് ഫോർട്ട് ചെയ്ത കഥാപാത്രം താൻ ചെയ്യേണ്ടിയിരുന്നതായിരുന്നെന്നും, ആ സമയത്ത് താൻ ഇയ്യോബിൻ്റെ പുസ്തകം ചെയ്യുകയായിരുന്നുവെന്നും പറയുകയാണ് ചെമ്പൻ വിനോദ് ജോസ്. എന്നാൽ തനിക്ക് ഓഡീഷന് പോകാനുള്ള കോൺഫിഡൻസ് ഇല്ലായിരുന്നുവെന്നും അതുകൊണ്ട് പോയില്ലെന്നും ചെമ്പൻ വിനോദ് ജോസ് പറയുന്നു.

എന്നാൽ പ്രേമം അത്തരത്തിൽ ഡിസൈൻ ചെയ്ത സിനിമയായിരുന്നെന്നും ഓഡീഷൻ ഇല്ലാതെ കാസ്റ്റ് ചെയ്യാൻ പ്രേമത്തിൻ്റെ അണിയറപ്രവർത്തകർക്ക് സാധിക്കില്ലായിരുന്നെന്നും ചെമ്പൻ വിനോദ് ജോസ് പറയുന്നു. ഇപ്പോഴും ഓഡീഷന് വിളിച്ചു കഴിഞ്ഞാൽ തനിക്ക് ചെയ്യാൻ പറ്റില്ലെന്നും തനിക്ക് അങ്ങനെ ഒരു പ്രശ്നം ഉണ്ടെന്നും ചെമ്പൻ വിനോദ് ജോസ് കൂട്ടിച്ചേർത്തു.

ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു ചെമ്പൻ വിനോദ്.

‘പ്രേമത്തിൽ വിനയ് ഫോർട്ട് ചെയ്ത കഥാപാത്രമാണെന്ന് തോന്നുന്നു എന്നെ വിളിച്ചതാണ്. ഞാൻ ഇയ്യോബിൻ്റെ പുസ്തകം ചെയ്ത് കൊണ്ടിരുന്നപ്പോൾ ആയിരുന്നു അത്. പക്ഷെ അവര് വിളിച്ചിട്ട് ഓഡീഷൻ വേണമെന്ന് പറഞ്ഞു. അതിൻ്റെ അസോസിയേറ്റ് ആണെന്നെ വിളിക്കുന്നത്.

എന്നാൽ എനിക്ക് ഓഡീഷന് പോകാനുള്ള കോൺഫിഡൻസ് ഇല്ല. അതുകൊണ്ട് ഞാൻ പറഞ്ഞു ഓഡീഷൻ എനിക്ക് പറ്റില്ലെന്ന്. എന്നാൽ അവർ അങ്ങനെ ഡിസൈൻ ചെയ്ത സിനിമയായിരുന്നു പ്രേമം. അതുകൊണ്ട് ഓഡീഷൻ ഇല്ലാതെ കാസ്റ്റ് ചെയ്യാൻ പറ്റില്ലായിരുന്നു. ഇപ്പോഴും ഓഡീഷന് വിളിച്ചു കഴിഞ്ഞാൽ എനിക്ക് ചെയ്യാൻ പറ്റില്ല. എനിക്കങ്ങനെയൊരു പ്രശ്നമുണ്ട്,’ ചെമ്പൻ വിനോദ് ജോസ് പറയുന്നു.

Content Highlight: Chemban Vinod Jose Talking about Premam Character