എന്നെ വിളിച്ചത് ലോകേഷാണ്, അതിന്റെ ഭാഗമാകാൻ സാധിച്ചത് എന്റെ ഭാഗ്യമാണ്: ചെമ്പൻ വിനോദ് ജോസ്
Entertainment
എന്നെ വിളിച്ചത് ലോകേഷാണ്, അതിന്റെ ഭാഗമാകാൻ സാധിച്ചത് എന്റെ ഭാഗ്യമാണ്: ചെമ്പൻ വിനോദ് ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th May 2023, 7:39 pm

വിക്രം എന്ന ചിത്രത്തിൽ തനിക്ക് പകരം മറ്റൊരാളായിരുന്നു അഭിനയിക്കേണ്ടിയിരുന്നതെന്ന് ചെമ്പൻ വിനോദ്. ചിത്രത്തിന്റെ ഭാഗമാകൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ബിഹൈന്‍ഡ്‌വുഡ്‌സ്‌ ഐസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘ഞാൻ ഇതിനുമുൻപ് ഒരു തമിഴ് സിനിമയിൽ വില്ലൻ വേഷം ചെയ്തിരുന്നു. അതങ്ങനെ ശ്രദ്ധിക്കപ്പെട്ടില്ല. വിക്രം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ടൈറ്റിൽ പോസ്റ്റർ വന്നപ്പോൾ അഭിനയിക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള ചിത്രങ്ങളിലാണ് അഭിനയിക്കേണ്ടതെന്ന് എനിക്ക് തോന്നി.

ഒരു ദിവസം ലോകേഷിന്റെ ചിത്രത്തിൽ ഒരു വേഷമുണ്ടെന്നും, അത് വേറെ ആരെയോ ആണ് അവർ കാസറ്റ് ചെയ്തതെന്നും പറഞ്ഞെന്നെ സുഹൃത്ത് ഗിരീഷ് വിളിച്ചു. ആരായിരുന്നു ആ സ്ഥാനത്തെന്ന് ഞാൻ അന്വേഷിച്ചില്ല.
അവർ വിളിക്കും നീ ഫോൺ എടുക്കണമെന്നും അവൻ പറഞ്ഞു.

ഏതൊരു ആക്ടര്ക്കും വലിയൊരു പ്രൊജക്റ്റ് വരുമ്പോൾ എത്ര ഈഗോയിസ്റ്റിക്ക് ആണെങ്കിൽ പോലും അതിൽ അഭിനയിക്കണമല്ലോ എന്നൊരു ആഗ്രഹം വരും. അതിവിടെ സംഭവിക്കുകയാണ്. അതും ചെറിയൊരു കഥാപാത്രത്തിനല്ല. എന്നെ വിളിക്കുന്നത് ലോകേഷാണ്. ലോകേഷ് വിളിച്ചിട്ട് കാര്യങ്ങളൊക്ക പറഞ്ഞു. പ്രൊഡക്ഷനിൽ നിന്ന് വിളിക്കുമെന്നും ഡേറ്റൊക്കെ പറഞ്ഞുതരുമെന്നും പറഞ്ഞു.

അതൊരു വലിയ പ്രൊജക്റ്റ് ആണ്. അതിന്റെ ഭാഗമാകാൻ കഴിഞ്ഞത്തിൽ എനിക്ക് വളരെ സന്തോഷം.
പുറത്തുനിന്ന് ആക്ടേഴ്‌സ് അഭിനയിക്കാൻ ചെല്ലുമ്പോൾ എഗ്രിമെന്റ് വാക്കുമല്ലോ. എന്റെ കയ്യിൽ ആ എഗ്രിമെന്റുണ്ട്, അതിൽ ഒരു ഒപ്പിട്ടിരിക്കുന്നത് ഞാനും, മറ്റൊന്ന് കമൽ ഹാസൻ സാറുമാണ്. എന്നെ സംബന്ധിച്ചെടുത്തോളം അത് വളരെ വലിയൊരു അച്ചീവ്മെന്റാണ്.
അതുപോലെ, ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യത്തെ വിക്രം റിലീസ് ആകുന്നത്. അതിൽ ‘വിക്രം’ എന്ന പാട്ടുണ്ട്. ഞാൻ അതിങ്ങനെ പാടിക്കൊണ്ട് നടക്കും. അതുകൊണ്ട് എനിക്ക് വിക്രം എന്ന കളിപ്പേര്‌ വീണു,’ വിനോദ് പറഞ്ഞു.

നവാഗതനായ മർഫി ദേവസി സംവിധാനം ചെയ്ത് സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറിൽ സാന്ദ്ര തോമസും വിത്സൺ തോമസും നിർമിക്കുന്ന നല്ല നിലാവുള്ള രാത്രിയാണ് ചെമ്പൻ വിനോദിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ബാബുരാജ്, ബിനു പപ്പു, ജിനു ജോസ്, റോണി ഡേവിഡ് തുടങ്ങിയ നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്.

Content Highlights: Chemban Vinod Jose on Vikram movie