ജനങ്ങളുടെ പൈസ അല്ലേ?; ബസ് സ്റ്റോപ്പ് ഏത് എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും എടുത്തതാണെന്ന് ഞാനെന്തിനറിയണം: ചെമ്പന്‍ വിനോദ്
Entertainment news
ജനങ്ങളുടെ പൈസ അല്ലേ?; ബസ് സ്റ്റോപ്പ് ഏത് എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും എടുത്തതാണെന്ന് ഞാനെന്തിനറിയണം: ചെമ്പന്‍ വിനോദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd November 2023, 4:07 pm

ഗവൺമെന്റ് നിർമിച്ച ചില ബസ്റ്റോപ്പുകളുടെ മുൻപിൽ അത് നിർമിച്ച എം.എൽ.എയുടെ പേരെഴുതുന്നതിനെ വിമർശിക്കുകയാണ് നടനും നിർമാതാവും തിരക്കഥാകൃത്തുമായ ചെമ്പൻ വിനോദ്. ആ ഒരു ബോർഡിൽ പേരെഴുതാൻ വേണ്ടി മാത്രം 2000 രൂപയെങ്കിലും ചെലവഴിക്കണമെന്നും അത് ജനങ്ങളുടെ പൈസയാണെന്നും ചെമ്പൻ വിനോദ് പറയുന്നുണ്ട്.

ഒരു ബസ് സ്റ്റോപ്പ് കണ്ടാൽ അത് ഗവൺമെന്റ് ഉണ്ടാക്കിയതാണെന്ന് എല്ലാവർക്കും മനസിലാവുമെന്നും അത് എഴുതി വെക്കേണ്ട കാര്യമൊന്നുമില്ലെന്നും ചെമ്പൻ കൂട്ടിച്ചേർത്തു. ഈ 2000 രൂപയിൽ ഒരു രൂപയെങ്കിലും താൻ നൽകുന്ന ടാക്സിൽ നിന്നും പോയിട്ടുണ്ടാകുമല്ലോയെന്നും ചെമ്പൻ പറയുന്നുണ്ട്. ബിഹൈൻഡ്‌വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

 

‘ഞാൻ വണ്ടി ഓടിച്ചു പോകുമ്പോൾ ചില ബസ്റ്റോപ്പിന്റെ മുൻപിൽ സൊ ആൻഡ് സൊ ആളുകൾ ഇന്ന എം.എൽ.എയുടെ ഫണ്ടിൽ നിന്ന് എടുത്ത് നിർമിച്ച ബസ്റ്റോപ്പ് എന്ന് എഴുതിവെച്ചത് കണ്ടിട്ടുണ്ട്. അത് എഴുതിവെക്കാൻ ആയിട്ട് മിനിമം 2000 രൂപയെങ്കിലും ചെലവഴിക്കണം. അത് ജനങ്ങളുടെ പൈസ അല്ലേ?.അത് ആരുടെ ഫണ്ടിൽ നിന്നും എടുത്തതാണെന്ന് ജനങ്ങൾ എന്തിന് അറിയണം.

നമ്മൾക്കറിയാം അവിടെ ഒരു ബസ് സ്റ്റോപ്പ് ഉണ്ടെങ്കിൽ അത് ഗവൺമെന്റ് ആണ് ഉണ്ടാക്കിയതെന്ന്. അതുപോലെ ആളുകൾ ടാക്സ് അടച്ചിട്ടാണ് ആ ഫണ്ട് ഉണ്ടാകുന്നത്. ആ ടാക്സിൽ നിന്നാണ് അത് ഉണ്ടായിരിക്കുന്നത് അത് എഴുതി വെക്കേണ്ട കാര്യമൊന്നുമില്ല. എഴുതിവെക്കാൻ ആയിട്ട് 2000 രൂപ ചിലവ് ആയിട്ടുണ്ടാകും.

ഈ 2000 രൂപയിൽ ഒരു രൂപയെങ്കിലും ഞാൻ നൽകുന്ന ടാക്സിൽ നിന്നും പോയിട്ടുണ്ടാകുമല്ലോ. നമ്മൾ പറഞ്ഞുകഴിഞ്ഞാൽ നമ്മൾ എല്ലാവരുടെയും ശത്രുവായിട്ട് മാറും. എനിക്കങ്ങനെ തോന്നാറുണ്ട്, ഞാൻ പറയാറില്ല. അങ്ങനെ ഒരുപാട് കാര്യങ്ങൾ നമുക്ക് തോന്നും. ചിലപ്പോൾ അത് എഴുതി വെക്കണമെന്ന് നിയമം ഉണ്ടാവും. ഞാനത് പറഞ്ഞു കഴിഞ്ഞാൽ അത് എഴുതി വെക്കണമെന്ന് നിയമം ഉണ്ടെങ്കിൽ എന്റെ സ്റ്റേറ്റ്മെൻറ് റോങ്ങ് ആയിപ്പോകും,’ ചെമ്പൻ പറയുന്നു.

Content Highlight: Chemban Vinod about writing the name of the person who built it in front of the bus stop