| Wednesday, 1st November 2023, 5:26 pm

വന്‍ പരിപാടിയാണ്; ആ എഗ്രിമെന്റില്‍ ഒരൊപ്പ് എന്റേതും മറ്റേത് കമൽ ഹാസന്റേയും: ചെമ്പന്‍ വിനോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിക്രം സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് നടനും നിർമാതാവും തിരക്കഥാകൃത്തുമായ ചെമ്പൻ വിനോദ്. ഗോലി സോഡാ റ്റു എന്ന തമിഴ് സിനിമയിൽ താൻ അഭിയനയിച്ചിട്ടുണ്ടെന്നും എന്നാൽ അത് പ്രതീക്ഷിച്ച അത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്നും ചെമ്പൻ പറഞ്ഞു. വിക്രം സിനിമയുടെ ടൈറ്റിൽ പോസ്റ്റർ കണ്ടപ്പോൾ ഇങ്ങനെയൊരു സിനിമയിൽ അഭിനയിക്കണമെന്ന് കരുതിയിരുന്നെന്നും ചെമ്പൻ കൂട്ടിച്ചേർത്തു.

വിക്രം സിനിമയിലെ തന്റെ കഥാപാത്രത്തിന് വേറെ ഒരാളെ കാസറ്റ് ചെയ്തിരുന്നെന്നും എന്നാൽ അയാൾക്കെന്തോ അസൗകര്യം വന്നപ്പോഴാണ് തനിക്ക് വിളി വന്നതെന്നും അത് താൻ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും ചെമ്പൻ പറയുന്നുണ്ട്. താൻ അഭിനയിക്കാൻ വന്നപ്പോഴുള്ള എഗ്രിമെന്റിൽ ഒരൊപ്പ് തന്റെതും മറ്റേത് കമൽ ഹാസന്റേതുമാണെന്ന് ചെമ്പൻ പറയുന്നുണ്ട്. ബിഹൈൻഡ്‌വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഗോലി സോഡ റ്റു എന്ന തമിഴ് സിനിമയിൽ വില്ലനായിട്ട് അഭിനയിച്ചിട്ടുണ്ട്. പക്ഷേ അത് അങ്ങനെ ശ്രദ്ധിക്കപ്പെട്ടിട്ടൊന്നുമില്ല. വിക്രം എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ വന്നപ്പോൾ, അഭിനയിക്കുകയാണെങ്കിൽ ഇങ്ങനെയൊരു സിനിമയിൽ അഭിനയിക്കണം എന്ന് വെറുതെ തോന്നി. ഫഹദ് ഫാസിൽ, ലോകേഷ് കനകരാജ്, വിജയ് സേതുപതി തുടങ്ങിയ വൻ പരിപാടി.
ലേറ്റ് നൈറ്റ് ഷൂട്ട് കഴിഞ്ഞ് ഞാൻ കിടന്നുറങ്ങുകയായിരുന്നു. എന്റെ ഭാര്യ വന്ന് ഉറക്കത്തിൽ നിന്ന് വിളിച്ച് എഴുന്നേൽപ്പിച്ചു. പൊതുവേ ഞാൻ ഉറങ്ങുകയാണെങ്കിൽ അത്യാവശ്യമില്ലാതെ എന്നെ ഉണർത്താറില്ല. ഞാൻ എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ ‘ഗിരീഷ് കുറെ പ്രാവശ്യം വിളിച്ചിരുന്നു. നിങ്ങളുടെ ഫോൺ ഓഫ് ആയിരുന്നു,പിന്നെ എന്നെ വിളിച്ചു’ എന്ന് വൈഫ് പറഞ്ഞു. എന്നോട് ഗിരീഷിനെ വിളിക്കാൻ പറഞ്ഞു.

‘ലോകേഷിന്റെ പടത്തിൽ ഇങ്ങനെ ഒരു പരിപാടിയുണ്ട് അവർ വേറെ ആരെയോ കാസ്റ്റ് ചെയ്തതാണ്, അയാൾക്ക് എന്തോ അസൗകര്യം വന്നു നിനക്ക് പറ്റുമോ’ എന്ന് ചോദിച്ചു. എനിക്ക് കുഴപ്പം വരില്ല പ്ലാൻ ചെയ്യാൻ പറ്റും എന്ന് പറഞ്ഞു. ‘അവർ നിന്നെ വിളിക്കും ഫോൺ ഓൺ ചെയ്തുവെക്ക്’ എന്ന് പറഞ്ഞു. അങ്ങനെ ഞാൻ ഫോൺ ഓൺ ചെയ്തു വെക്കുന്നു അവർ വിളിക്കുന്നു.

നേരത്തെ പറഞ്ഞ ഒരു കുളിരാണ് ശരിക്കും വന്നത്. ഒരു പോസ്റ്റർ ഇറങ്ങുമ്പോൾ നമ്മൾ അതിനെ നോക്കി കാണുന്നത് അതിൽ അഭിനയിച്ചിരുന്നെങ്കിൽ എന്ന ആഗ്രഹത്തോടെയാണ്. എത്ര ഈഗോയിസ്റ്റിക് ആയ ആളാണെങ്കിലും ഒരു ആർട്ടിസ്റ്റിന് അങ്ങനെയൊരു പടം വരുമ്പോൾ അതിൽ അഭിനയിക്കണം എന്ന് തോന്നും. ഞാൻ അങ്ങനെയുള്ള ഒരാളാണ്.

അത് സംഭവിക്കുകയാണ്, അതും ഒരു ചെറിയ ക്യാരക്ടറിനല്ല. എന്നെ ആദ്യം വിളിക്കുന്നത് ലോകേഷാണ്. ‘ഈ രീതിയിലുള്ള പരിപാടിയാണ് പ്രൊഡക്ഷനിൽ നിന്ന് വിളിക്കും, കാര്യങ്ങളൊക്കെ അവര് പറയും എന്ന് ലോകേഷ് പറഞ്ഞു. പ്രൊഡക്ഷനിൽ നിന്നും വിളിക്കുന്നു.
അതൊരു വലിയ പ്രോജക്ട് ആയിരുന്നു പാൻ ഇന്ത്യൻ അല്ല അതൊരു നോർമൽ വേർഡാണ് അതിനും മേലെ പോയിട്ടുള്ള ഒരു പടമാണത്. അതിന്റെ ഭാഗമാവാൻ സാധിച്ചതിൽ വളരെ സന്തോഷം.

നമ്മൾ അഭിനയിക്കാൻ ചെല്ലുമ്പോൾ, പുറത്തുനിന്ന് വരുന്ന ആർട്ടിസ്റ്റിന്റെ എഗ്രിമെന്റ് വെക്കുമല്ലോ. എന്റെ എഗ്രിമെന്റിൽ ഒരു ഒപ്പിട്ടിരിക്കുന്നത് ഞാനും മറ്റേ ഒപ്പിട്ടിരിക്കുന്നത് കമൽ ഹാസനുമാണ്. അത് എന്നെ സംബന്ധിച്ച് വലിയൊരു അച്ചീവ്മെന്റാണ്,’ ചെമ്പൻ വിനോദ് പറയുന്നു.

Content Highlight: Chemban vinod about how he entered vikram movie

We use cookies to give you the best possible experience. Learn more