ജാക്‌സണ്‍ ഹാട്രിക്കില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം; തകര്‍ന്നടിഞ്ഞ് ടോട്ടന്‍ഹാം
Football
ജാക്‌സണ്‍ ഹാട്രിക്കില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം; തകര്‍ന്നടിഞ്ഞ് ടോട്ടന്‍ഹാം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 7th November 2023, 8:06 am

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം. ടോട്ടന്‍ഹാം ഹോട്‌സ്പറിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ചെല്‍സി തകര്‍ത്തത്. സീസണിലെ ടോട്ടന്‍ഹാമിന്റെ ആദ്യ തോല്‍വിയായിരുന്നു ഇത്. മത്സരത്തില്‍ സെനഗല്‍ താരം നിക്കോളാസ് ജാക്‌സണ്‍ ഹാട്രിക് നേടി മിന്നും പ്രകടനം കാഴ്ചവെച്ചു.

ടോട്ടന്‍ഹാമിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. ടോട്ടന്‍ഹാമിന്റെ രണ്ട് താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് കളിയില്‍ ഏറെ ശ്രദ്ധേയമായി.

ക്രിസ്റ്റ്യന്‍ റൊമേറോ 33ാം മിനിട്ടിലും ഡെസ്റ്റിനി ഉഡോഗിയും 55ാം മിനിട്ടിലും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ബാക്കിയുള്ള നിമിഷങ്ങളില്‍ ഒന്‍പത് പേരുമായാണ് സ്പര്‍സ് കളിച്ചത്. ഇത് കൃത്യമായി മുതലെടുക്കാന്‍ പോച്ചറ്റീനോക്കും കൂട്ടര്‍ക്കും സാധിച്ചു.

മത്സരത്തിന്റെ ആറാം മിനിട്ടില്‍ ഡെജാന്‍ കുലുസെവ്സ്‌കിയിലൂടെ ടോട്ടന്‍ഹാം ആണ് ആദ്യം ഗോള്‍ നേടിയത്. 33ാം മിനിട്ടിലാണ് റൊമേറോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്.

35ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് കോള്‍ പാല്‍മര്‍ ചെല്‍സിയെ മത്സരത്തില്‍ ഒപ്പമെത്തിച്ചു. ഒടുവില്‍ നാടകീയമായ ആദ്യ പകുതി അവസാനിക്കുമ്പോള്‍ 1-1 എന്ന നിലയില്‍ ഇരുടീമും സമനിലയില്‍ പിരിയുകയായിരുന്നു.

രണ്ടാം പകുതിയിലെ 55ാം മിനിട്ടില്‍ ഉഡോഗിയും റെഡ് കാര്‍ഡ് കണ്ടതോടെ ടോട്ടന്‍ഹാം ഒന്‍പത് പേരായി ചുരുങ്ങുകയായിരുന്നു. 75ാം മിനിട്ടില്‍ ജാക്‌സണ്‍ന്റെ ഗോളിലൂടെ ചെല്‍സി വീണ്ടും മുന്നിലെത്തി. ഇഞ്ചുറി ടൈമില്‍ ജാക്‌സണ്‍ നേടിയ രണ്ട് ഗോളിലൂടെ താരം ഹാട്രിക് നേടുകയും ചെല്‍സിക്ക് നാല് ഗോളിന്റെ തകര്‍പ്പന്‍ ജയം നേടുകയും ചെയ്തു.

സീസണിലെ ചെല്‍സിയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. അത്ര മികച്ച തുടക്കമായിരുന്നില്ല ചെല്‍സിക്ക് ലഭിച്ചത്. തുടര്‍തോല്‍വികളും സമനിലകളുമായ ചെല്‍സിക്ക് ഈ വിജയം വലിയ ആത്മവിശ്വാസമാവും നല്‍കുക.

അതേസമയം സ്പര്‍സിന്റെ സീസണിലെ ആദ്യ തോല്‍വിയാണിത്. തുടര്‍വിജയങ്ങളുമായി അണ്‍ബീറ്റണ്‍ റണ്‍ നടത്തിയ ടോട്ടന്‍ഹാമിന് ഈ തോല്‍വി വലിയ തിരിച്ചടിയായിരിക്കും നല്‍കുക.

ജയത്തോടെ 11 മത്സരങ്ങളില്‍ നിന്ന് നാല് വിജയവും മൂന്ന് സമനിലയും നാല് തോല്‍വിയും അടക്കം പത്താം സ്ഥാനത്താണ് പോച്ചറ്റീനോയും കൂട്ടരും. തോറ്റെങ്കിലും 11 മത്സരങ്ങളില്‍ നിന്നും എട്ട് വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയും അടക്കം 26 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ടോട്ടന്‍ഹാം.

നവംബര്‍ 12ന് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയാണ് ചെല്‍സിയുടെ അടുത്ത മത്സരം. ചെല്‍സിയുടെ തട്ടകമായ സ്റ്റാന്‍ഫോഡ് ബ്രിഡ്ജില്‍ ആണ് മത്സരം നടക്കുക.

അതേസമയം നവംബര്‍ 11ന് വോള്‍വസ് ആണ് സ്പര്‍സിന്റെ എതിരാളികള്‍. വോള്‍വസിന്റെ ഹോം ഗ്രൗണ്ടായ മോളിന്യൂക്‌സ് സ്റ്റേഡിയമാണ് മത്സരം.

Content Highlight: Chelsea won against Tottenham Hotspur fc in EPL.