ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ജയം. ക്രിസ്റ്റല്‍ പാലസിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലൂസിന്റെ വിജയം. ഈ മികച്ച വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ചെല്‍സിയെ തേടിയെത്തിയിരിക്കുന്നത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി ഫുട്‌ബോള്‍ ക്ലബ്ബിന്റെ ചരിത്രത്തില്‍ ആദ്യമായാണ് തുടര്‍ച്ചയായ 12 മത്സരങ്ങളില്‍ ഒരു ടീമിനെതിരെ വിജയിക്കുന്നത്. ക്രിസ്റ്റല്‍ പാലസിനെ കഴിഞ്ഞ തുടര്‍ച്ചയായ 12 മത്സരങ്ങളിലും തോല്‍പ്പിച്ചു എന്ന തകര്‍പ്പന്‍ നേട്ടമാണ് ചെല്‍സി സ്വന്തമാക്കിയത്.
Chelsea have won 12 consecutive top-flight league games against a single opponent for the first time in the club’s history.
ചെല്‍സിയുടെ തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനില്‍ ആണ് ചെല്‍സി കളത്തില്‍ ഇറങ്ങിയത്. അതേസമയം മറുഭാഗത്ത് 4-3-3 എന്ന ശൈലിയും ആയിരുന്നു സന്ദര്‍ശകര്‍ പിന്തുടര്‍ന്നത്.
മത്സരത്തിന്റെ 13ാം മിനിട്ടില്‍ മൈകൈലോ മുഡ്രിക്കിലൂടെ ചെല്‍സിയാണ് ആദ്യം മത്സരത്തില്‍ മുന്നിലെത്തിയത്. എന്നാല്‍ ആദ്യപകുതിയിലെ ഇഞ്ചുറി ടൈമില്‍ മൈക്കല്‍ ഒലിസിലൂടെ ക്രിസ്റ്റല്‍ പാലസ് മറുപടി നേടുകയായിരുന്നു. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.
രണ്ടാം പകുതിയില്‍ വിജയഗോളിനായി ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലായിരുന്നു ചെല്‍സി വിജയഗോള്‍ നേടിയത്. 89ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് നോനി മദുകെയാണ് ചെല്‍സിക്ക് ത്രില്ലര്‍ വിജയം നേടിക്കൊടുത്തത്.
കഴിഞ്ഞ മത്സരത്തിലെ വോള്‍വ്‌സിനെതിരെയുള്ള തോല്‍വിക്ക് ശേഷം തുടര്‍ച്ചയായ നാല് എവേ മത്സരങ്ങള്‍ പരാജയപ്പെട്ടുവെന്ന മോശം നേട്ടം ചെല്‍സി സ്വന്തമാക്കിയിരുന്നു. ഈ തിരിച്ചടികള്‍ക്ക് എല്ലാം ശേഷം ചെല്‍സി വീണ്ടും വിജയവഴിയില്‍ എത്തിയത് ടീമിനും ആരാധകര്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്.
ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 19 മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും നാല് സമനിലയും എട്ട് തോല്‍വിയും അടക്കം 25 പോയിന്റുമായി പത്താം സ്ഥാനത്താണ് ചെല്‍സി. അതേസമയം ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും 18 പോയിന്റുമായി 15ാം സ്ഥാനത്താണ് ക്രിസ്റ്റൽ പാലസ്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഡിസംബര്‍ 30ന് ലുട്ടോണ്‍ ടൗണിനെതിരെയാണ് ചെല്‍സിയുടെ അടുത്ത മത്സരം. അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ ക്രിസ്റ്റൽ പാലസ് ബ്രൻഡ്ഫോർട്ടിനേയും നേരിടും.
Content Highlight: Chelsea won against crystal palace in EPL.