| Friday, 3rd March 2023, 5:15 pm

സൂപ്പര്‍കോച്ചിനെ ക്ലബ്ബിലെത്തിക്കാനൊരുങ്ങി ചെല്‍സി; എണ്ണപ്പെട്ട് ഗ്രഹാം പോട്ടറുടെ നാളുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

സ്പാനിഷ് ദേശീയ ടീമിന്റെ പരിശീലകന്‍ ലൂയിസ് എന്റിക്വിനെ ക്ലബ്ബിലെത്തിക്കാനൊരുങ്ങി ചെല്‍സി. ഗ്രഹാം പോട്ടറെ പുറത്താക്കി എന്റിക്വിനെ നിയമിക്കാന്‍ ചെല്‍സി പദ്ധതിയിടുന്നതായി വാര്‍ത്താ മാധ്യമമായ എ.എസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം മൂന്ന് വര്‍ഷത്തെ കരാറില്‍ 12 മില്യണ്‍ യൂറോക്കാണ് എന്റിക്വിനെ ചെല്‍സി ക്ലബ്ബിലെത്തിക്കുന്നത്.

ചെല്‍സി മാത്രമല്ല മുന്‍ ബാഴ്‌സലോണ താരത്തെ നോട്ടമിട്ടിരിക്കുന്നതെന്നും അത്‌ലെറ്റികോ മാഡ്രിഡും എന്റിക്വിനെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ഡീഗോ സിമിയോണി സ്ഥാനമൊഴിഞ്ഞാല്‍ അത്‌ലെറ്റികോ മാഡ്രിഡ് അദ്ദേഹത്തെ പരിഗണിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

ഖത്തര്‍ ലോകകപ്പില്‍ സ്പെയ്നിനെ മികച്ച നിലയിലെത്തിക്കാന്‍ സഹായിച്ച എന്റ്വിക് ലോകകപ്പ് തോല്‍വിക്ക് ശേഷം പരിശീലകസ്ഥാനം ഒഴിയുകയായിരുന്നു.

നിലവില്‍ ഫ്രീ ഏജന്റായ കോച്ചിനെ ടീമിലെത്തിക്കാന്‍ ബ്രസീല്‍ ദേശീയ ടീം പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അദ്ദേഹം ക്ലബ്ബ് ഫുട്‌ബോളില്‍ തുടരാനാണ് താത്പര്യം പ്രകടിപ്പിച്ചത്.

അതേസമയം, ചെല്‍സി അവസാനം കളിച്ച 14 കളികളില്‍ രണ്ടെണ്ണം മാത്രമാണ് ജയിച്ചത്. ഏറ്റവുമൊടുവില്‍ സതാംപ്ടണോടും ടീം തോല്‍വി വഴങ്ങിയിരുന്നു.

ലീഗില്‍ 12ാം സ്ഥാനത്ത് തുടരുന്ന മുന്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍ക്ക് ഉടന്‍ ഫോമിലേക്ക് തിരികെയെത്തിക്കാന്‍ സാധിക്കില്ലേയെന്ന ആശങ്കയിലാണ് ചെല്‍സി കോച്ചിനെ മാറ്റുന്നതെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Chelsea wants to sign with Spanish coach Louis Enrique

Latest Stories

We use cookies to give you the best possible experience. Learn more