ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ ക്ലബ്ബുകളിലൊന്നാണ് ലണ്ടൻ ആസ്ഥാനമായ ചെൽസി ക്ലബ്ബ്. മറ്റു പ്രധാന ലണ്ടൻ ക്ലബ്ബുകളായ ആഴ്സണൽ, ടോട്ടൻഹാം എന്നിവയെ അപേക്ഷിച്ച് ട്രോഫികളുടെ എണ്ണം കൊണ്ടും ആരാധക പിന്തുണകൊണ്ടും ഏറെ മുമ്പിലാണ് ചെൽസിയുടെ സ്ഥാനം. എന്നാൽ ഈ സീസണിൽ വളരെ മോശം പ്രകടനമാണ് ചെൽസി കാഴ്ചവെക്കുന്നത്.
മികച്ച സ്‌ക്വാഡ് ഡെപ്ത്തുള്ള ടീമാണെങ്കിലും കടലാസിലെ കരുത്ത് മൈതാനത്ത് കാഴ്ചവെക്കാൻ ലണ്ടൻ ക്ലബ്ബിന് സാധിക്കുന്നില്ല. മാത്രമല്ല ഈ സീസണിൽ തന്നെ പന്ത്രണ്ടോളം സൈനിങ് നടത്തിയ ടീമിന് അതിനൊത്ത പ്രകടനം മൈതാനത്ത് കാഴ്ച വെക്കാൻ സാധിക്കുന്നില്ല.
പ്രീമിയർ ലീഗിൽ നിലവിൽ പത്താം സ്ഥാനത്തുള്ള ക്ലബ്ബ് ഇത് വരെ 20 ഗോളുകൾ മാത്രമാണ് സ്വന്തമാക്കിയത്. പുലിസിച്ച്, റഹീം സ്റ്റെർലിങ്, ഒബോമയാങ് മുതലായ താരങ്ങളുള്ള മുന്നേറ്റ നിരയിൽ നിന്നാണ് ഇത്ര മാത്രം ഗോളുകൾ പിറന്നത് എന്നത് ലജ്ജിപ്പിക്കുന്ന കാര്യമാണ്.
ഇപ്പോൾ ചെൽസിയെ സംബന്ധിച്ച രസകരമായ ഒരു കാര്യമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.
17 മത്സരങ്ങളിൽ നിന്നും ഏഴ് വിജയത്തോടെ 25 പോയിന്റോടെ ടേബിളിൽ പത്താം സ്ഥാനത്തുള്ള ചെൽസിക്ക് പോയിന്റ് ടേബിളിലെ നാലാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനോടും റെലിഗേഷൻ സോണിലെ ആദ്യ സ്ഥാനക്കാരായ എവർട്ടണോടും പത്ത് പോയിന്റ് വ്യത്യാസം മാത്രമേയുള്ളൂ.
അഥവാ പത്ത് പോയിന്റ് അധികം നേടിയാൽ ചെൽസിക്ക് പോയിന്റ് ടേബിളിലെ ആദ്യ നാലിൽ ഒരു ടീമാകാം. ഇനി പത്ത് പോയിന്റ് കുറവ് നേടുകയാണെങ്കിൽ തരം താഴ്ത്തപ്പെടുന്ന ടീമുകളുടെ പട്ടികയിൽ ചെൽസി ഇടം പിടിക്കും.
ഈ രസകരമായ വസ്തുതയെ കൂട്ടുപിടിച്ച് ‘കയ്യാലപ്പുറത്തെ തേങ്ങ’ എന്ന മട്ടിലാണ് ഫുട്ബോൾ ആരാധകർ ചെൽസിയുടെ അവസ്ഥയെ വിലയിരുത്തുന്നത്.
ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ ക്ലബ്ബിന് കഴിയുന്നുണ്ടെങ്കിലും പ്രീമിയർ ലീഗിലും, കരബാവോ കപ്പ്, എഫ്. എ കപ്പ് മുതലായ ടൂർണമെന്റുകളിലും ദയനീയ പ്രകടനമാണ് ലണ്ടൻ ക്ലബ്ബ് കാഴ്ച വെക്കുന്നത്.
കൂടാതെ ചെൽസി ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനായ തോമസ് ടുഷേലിനെ ഒഴിവാക്കി ഗ്രഹാം പോട്ടറെ ടീമിലെത്തിച്ചത് വലിയ തിരിച്ചടിയായി പോയെന്നാണ് മാനേജ്മെന്റിന്റെ പോലും ഭാഷ്യം.
ജനുവരി 13ന് ഇന്ത്യൻ സമയം രാത്രി 1:30ന് മറ്റൊരു ലണ്ടൻ ക്ലബ്ബായ ഫുൾഹാമുമായിട്ടാണ് ചെൽസിയുടെ അടുത്ത മത്സരം.
ജനുവരിയിൽ തുറന്ന ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബിലെത്തിയ ജാവോ ഫെലിക്സിനെ വെള്ളിയാഴ്ചത്തെ കളിയിൽ ചെൽസി കളത്തിലിറക്കുമോ എന്നാണ് ആരാധകർ നോക്കിക്കാണുന്നത്.
Content Highlights: chelsea underperfome in premiure league, team face religation