|

ഹോം സ്‌റ്റേഡിയത്തില്‍ നോമ്പുതുറ; ചരിത്രം സൃഷ്ടിക്കാന്‍ ചെല്‍സി

സ്പോര്‍ട്സ് ഡെസ്‌ക്

റംസാനില്‍ സ്വന്തം തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ആരാധകര്‍ക്കും പൊതുജനങ്ങള്‍ക്കും നോമ്പുതുറ സംഘടിപ്പിക്കാനൊരുങ്ങി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ചെല്‍സി. മാര്‍ച്ച് 26നാണ് ക്ലബ്ബ് ഓപ്പണ്‍ ഇഫ്താര്‍ സംഘടിപ്പിക്കുന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു ഫുട്‌ബോള്‍ ടീം ഇത്തരത്തില്‍ നോമ്പുതുറ സംഘടിപ്പിക്കുന്നതെന്ന് ക്ലബ്ബ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ചെല്‍സി ടീമിലെ താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കുമൊപ്പം ഇഫ്താറില്‍ പങ്കെടുക്കാന്‍ പ്രദേശത്തെ പള്ളികള്‍ക്കും പ്രത്യേക ക്ഷണമുണ്ട്. ഇവര്‍ക്ക് പുറമെ സ്‌കൂള്‍ വിദ്യാര്‍ത്ഥികകള്‍, ആരാധകര്‍, ചെല്‍സിയുടെ മുസ്‌ലിം കൂട്ടായ്മയിലെ അംഗങ്ങള്‍ എന്നിവരെയും ക്ലബ്ബ് ക്ഷണിക്കുന്നുണ്ട്.

മുസ്‌ലിം വിഭാഗത്തെ ഒന്നിച്ചുകൊണ്ടുവരുന്നതിനും റമദാനെ കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കുന്നതിനും 2013ല്‍ സ്ഥാപിതമായ റമദാന്‍ ടെന്റ് പ്രൊജക്ടുമായി സഹകരിച്ചാണ് ചെല്‍സി ഈ ഇഫ്താര്‍ ഒരുക്കുന്നത്.

‘2023ല്‍, ഞങ്ങളുടെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ഒരു ഓപ്പണ്‍ ഇഫ്താര്‍ സംഘടിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ചരിത്രത്തിലാദ്യമായി ഇത്തരത്തില്‍ ഒരു ഓപ്പണ്‍ ഇഫ്താര്‍ സംഘടിപ്പിക്കുന്നത് ‘ദി പ്രൈഡ് ഓഫ് ലണ്ടന്‍’ ആണ്,’ റമദാന്‍ ടെന്റ് പ്രൊജക്ട് വക്താക്കള്‍ പറഞ്ഞു.

ഫുട്‌ബോളും റമദാനും ആളുകളെ എല്ലായ്‌പ്പോഴും ഒന്നിച്ച് കൊണ്ടുവരുന്നുവെന്നും എല്ലാ പശ്ചാത്തലത്തില്‍ നിന്നുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കുചേരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 26ന് നടക്കുന്ന ഇഫ്താര്‍ വിരുന്നിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി ചെല്‍സി ഫൗണ്ടേഷന്‍ ചീഫ് സെെമണ്‍ ടെയ്‌ലര്‍ പറഞ്ഞു. മതസൗഹാര്‍ദവും സഹിഷ്ണുതയും ഉറപ്പാക്കാനായണ് തങ്ങള്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സീസണില്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനമല്ല ചെല്‍സിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കഴിഞ്ഞ അഞ്ച് മത്സരത്തില്‍ രണ്ട് കളിയില്‍ മാത്രമാണ് ചെല്‍സിക്ക് ജയിക്കാന്‍ സാധിച്ചത്. രണ്ട് തോല്‍വിയും ഒരു സമനിലയുമാണ് മറ്റ് മത്സരങ്ങളില്‍ ചെല്‍സിക്ക് വഴങ്ങേണ്ടി വന്നത്.

നിലവില്‍ പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ് ചെല്‍സി. 26 മത്സരത്തില്‍ നിന്നും പത്ത് ജയവും അഞ്ച് സമനിലയും 11 തോല്‍വിയുമായി 37 പോയിന്റാണ് മുന്‍ ചാമ്പ്യന്‍മാര്‍ക്കുള്ളത്.

മാര്‍ച്ച് 18നാണ് ചെല്‍സിയുടെ അടുത്ത മത്സരം. എവര്‍ട്ടണാണ് എതിരാളികള്‍.

Content Highlight: Chelsea to host open Iftar in their home stadium