| Wednesday, 17th July 2024, 4:14 pm

വിവേചനപരമായ പെരുമാറ്റം ഒരിക്കലും സ്വീകരിക്കില്ല, എൻസോക്കെതിരെ നടപടിയുണ്ടാകും; പ്രസ്താവനയുമായി ചെൽസി

സ്പോര്‍ട്സ് ഡെസ്‌ക്

2024 കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയിരുന്നു. കോപ്പ അമേരിക്ക വിജയത്തിന് പിന്നാലെ അര്‍ജന്റീനയുടെ ചെല്‍സി സൂപ്പര്‍താരം എന്‍സോ ഫെര്‍ണാണ്ടസ് ടീമിന്റെ വിജയാഘോഷം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്‍സോ വംശീയ അധിക്ഷേപം നടത്തികൊണ്ട് പാട്ട് പാടുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ഫ്രാന്‍സ് ഫുട്‌ബോള്‍ ടീമിനെ അപമാനിക്കുന്ന രീതിയിലായിരുന്നു എന്‍സോ പാട്ട് പാടിയത്.

‘അവര്‍ ഫ്രാന്‍സിനായി കളിക്കുന്നു, പക്ഷേ അവര്‍ അംഗോളയില്‍ നിന്നുള്ളവരാണ്. അവരുടെ അമ്മ നൈജീരിയക്കാരിയാണ്, അച്ഛന്‍ കാമറൂണിയന്‍ എന്നാല്‍ പാസ്‌പോര്‍ട്ടില്‍ അവര്‍ ഫ്രഞ്ചുകാരാണ്,’ എന്നായിരുന്നു എന്‍സൊ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഉണ്ടായിരുന്ന പാട്ട്.

എന്നാല്‍ ഈ വിഷയത്തിനെതിരെ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ നിയമപരമായി പരാതി നല്‍കിയിരുന്നു. ഈ വിഷയത്തിനെതിരെ മാപ്പ് പറഞ്ഞുകൊണ്ട് എന്‍സോയും നേരത്തേ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഫ്രഞ്ച് ഫുട്‌ബോളിനെ അപമാനിക്കുന്ന രീതിയില്‍ വംശീയ വിദ്വേഷം നടത്തിയ എന്‍സോക്കെതിരെ പ്രസ്താവനയുമായി മുന്നോട്ടു വന്നിരിക്കുകയാണ് ചെല്‍സി ക്ലബ്ബ്. വംശീയ വിദ്വേഷം നടത്തിയതിനെതിരെ എന്‍സോക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് ചെല്‍സി അറിയിച്ചത്.

‘എല്ലാ തരത്തിലുമുള്ള വിവേചനമായ പെരുമാറ്റം പൂര്‍ണമായും സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് ചെല്‍സി ഫുട്‌ബോള്‍ ക്ലബ്ബ് മനസിലാക്കുന്നു. വ്യത്യസ്തമായ സംസ്‌കാരങ്ങളിലും സമൂഹത്തിലും സ്വത്വത്തിനും ഉള്ള ആളുകളെ സ്വാഗതം ചെയ്യുന്ന വൈവിധ്യമാര്‍ന്ന ഒരു ക്ലബ്ബ് ആയതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഞങ്ങളുടെ കളിക്കാരന്‍ പരസ്യമായി ഇതിനെതിരെ ക്ഷമാപണം നടത്തിയത് ഞങ്ങള്‍ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. ക്ലബ്ബ് ഇതിനെതിരെ ഒരു അച്ചടക്ക നടപടിയെടുക്കാന്‍ തയ്യാറായിട്ടുണ്ട്. ഇത് ഒരു അവസരമായി ഉപയോഗിക്കും,’ ചെല്‍സി ക്ലബ്ബ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

അതേസമയം ചെൽസി പുതിയ പരിശീലകൻ എൻസോ മരസ്കയുടെ കീഴിൽ പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പിലാണ്. ഈമാസം അവസാനം പ്രീ സീസൺ ടൂറിന് വേണ്ടി ചെൽസി അമേരിക്കയിലേക്ക് പോകും.

Content Highlight: Chelsea release official statement against Enzo Fernandez for racially abusing France Football Team 

We use cookies to give you the best possible experience. Learn more