പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് വീണ്ടും തോല്‍വി. കഴിഞ്ഞ ദിവസം ഹോം സ്‌റ്റേഡിയമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റാണ് ബ്ലൂസിനെ തോല്‍പിച്ചുവിട്ടത്.
എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നോട്ടിങ്ഹാം ഫോറസ്റ്റിന്റെ വിജയം. മത്സരത്തിന്റെ 48ാം മിനിട്ടില്‍ ആന്തണി എലാങ്കയാണ് ട്രിക്കി ട്രീസിന്റെ വിജയ ഗോള്‍ നേടിയത്.
3-4-2-1 എന്ന രീതിയിലാണ് പോച്ചെറ്റീനോ തന്റെ കുട്ടികളെ കളത്തില്‍ വിന്യസിച്ചത്. അതേസമയം, 3-4-2-1 എന്ന ശൈലി തന്നെയാണ് നോട്ടിങ്ഹാം കോച്ച് എസ്. കൂപ്പറും അവലംബിച്ചത്.
മത്സരത്തിന്റെ സിംഹഭാഗവും നിന്ത്രിച്ചത് ചെല്‍സി തന്നെയായിരുന്നു. 77 ശതമാനം ബോള്‍ പൊസെഷനും 713 പാസുകളുമായി കളം നിറഞ്ഞ് കളിച്ചെങ്കിലും ഗോളടിക്കാന്‍ മാത്രം ഹോം ടീമിന് സാധിച്ചിരുന്നില്ല. 21 ഷോട്ടുകള്‍ ചെല്‍സി താരങ്ങള്‍ തൊടുത്തപ്പോള്‍ ഗോള്‍മുഖം ലക്ഷ്യമാക്കിയെത്തിയത് രണ്ടേ രണ്ട് ഷോട്ട് മാത്രമാണ്.
23 ശതമാനം ബോള്‍ പൊസെഷനും 230 പാസുകളും മാത്രമാണ് നോട്ടിങ്ഹാമിന് ഉണ്ടായിരുന്നതെങ്കിലും 48ാം മിനിട്ടില്‍ നേടിയ ഏക ഗോള്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ടി. അവോനിയുടെ അസിസ്റ്റിലൂടെയായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.
നിലവില്‍ നാല് മത്സരത്തില്‍ നിന്നും രണ്ട് ജയവും രണ്ട് സമനിലയുമായി പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് നോട്ടിങ്ഹാം ഫോറസ്റ്റ്. ആറ് പോയിന്റാണ് ട്രിക്കി ട്രീസിനുള്ളത്.
അതേസമയം, സീസണിലെ രണ്ടാം ജയത്തിനായുള്ള ചെല്‍സിയുടെ കാത്തിരിപ്പ് നീളുകയാണ്. നാല് മത്സരത്തില്‍ നിന്നും ഒരു ജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമായി നാല് പോയിന്റോടെ 11ാം സ്ഥാനത്താണ് ചെല്‍സി.
പ്രീമിയര്‍ ലീഗ് 23-24ലെ ആദ്യ മത്സരത്തില്‍ ആഴ്‌സണലിനോട് സമനില വഴങ്ങിയ ചെല്‍സി വെസ്റ്റ് ഹാമിനോട് ഞെട്ടിക്കുന്ന പരാജയം ഏറ്റവാങ്ങിയിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഹാമ്മേഴ്‌സ് ചെല്‍സിയെ പരാജയപ്പെടുത്തിയത്.
ശേഷം ലുട്ടണ്‍ ടൗണിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് വിജയിച്ച ചെല്‍സി നാലാം മത്സരത്തില്‍ ഫോറസ്റ്റിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുകയായിരുന്നു.
സെപ്റ്റംബര്‍ 17നാണ് പ്രീമിയല്‍ ലീഗില്‍ ചെല്‍സിയുടെ അടുത്ത മത്സരം. വൈറ്റാലിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബേണ്‍മൗത്താണ് എതിരാളികള്‍.
Content highlight: Chelsea lost to Nottingham Forest