| Monday, 25th December 2023, 4:13 pm

23 വര്‍ഷത്തിനുശേഷം ഇതാദ്യം; നാണക്കേടിന്റെ പടുകുഴിയില്‍ നീലപ്പട

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് വീണ്ടും തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വോൾവ്സ് ആണ് ചെല്‍സിയെ പരാജയപ്പെടുത്തിയത്. തോല്‍വിയോടെ ഒരു മോശം റെക്കോഡും ചെല്‍സിയെ തേടിയെത്തി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ നാല് എവേ മത്സരങ്ങള്‍ പരാജയപ്പെടുന്നുവെന്ന മോശം നേട്ടത്തിലേക്കാണ് ചെല്‍സി നടന്നുകയറിയത്.

ഇതിന് മുമ്പ് ചെല്‍സി നാല് എവേ മത്സരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടത് 2000ത്തിലെ പ്രീമിയര്‍ ലീഗ് സീസണില്‍ ആയിരുന്നു. ഇതോടെ 23 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ചെല്‍സി ഇതുപോലുള്ള മോശം പ്രകടനം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍  നടത്തുന്നത്.

ചെല്‍സിയുടെ നാല് എവേ മത്സരങ്ങളുടെ റിസള്‍ട്ട്

[എതിര്‍ ടീം, സ്‌കോര്‍ എന്നീ ക്രമത്തില്‍]

ന്യൂകാസില്‍ യുണൈറ്റഡ്- 4-1

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-2-1

എവര്‍ട്ടണ്‍- 2-0

വോൾവ്സ്- 2-1

വോൾവ്സ്ന്റെ ഹോം ഗ്രൗണ്ടായ മോളിന്യൂക്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ചെല്‍സി കളത്തിലിറങ്ങിയത്. മറുഭാഗത്ത് 3-4-2-1 എന്ന ശൈലിയാണ് വോള്‍വസ് പിന്തുടര്‍ന്നത്.

മത്സരത്തിന്റെ ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയില്‍ 51ാം മിനിട്ടില്‍ മരിയോ ലെമിനയിലൂടെ വോൾവ്സ് ആണ് ആദ്യം മുന്നിലെത്തിയത്. ഇഞ്ചുറി ടൈമില്‍ മാറ്റ് ദോഹര്‍ട്ടി വോള്‍വസിന്റെ രണ്ടാം ഗോള്‍ നേടി.

എന്നാല്‍ ഇഞ്ചുറി ടൈമില്‍ തന്നെ ക്രിസ്റ്റഫര്‍ എന്‍ഗുംഗു ചെല്‍സിയുടെ ആശ്വാസഗോള്‍ നേടി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ വോള്‍വസ് സ്വന്തം ആരാധകരുടെ മുന്നില്‍ 2-1ന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ 18 മത്സരങ്ങളില്‍ നിന്നും ആറ് വിജയവും നാല് സമനിലയും എട്ട് തോൽവിയുമടക്കം 22 പോയിന്റുമായി 11ാം സ്ഥാനത്താണ് വോൾവ്സ്. അതേസമയം ചെല്‍സി ഇത്ര തന്നെ മത്സരങ്ങളില്‍ നിന്നും 22 പോയിന്റുമായി പത്താം സ്ഥാനത്താണ്. ചെല്‍സിയുമായി ഏഴ് ഗോളുകള്‍ക്ക് പിറകിലാണ് വോൾവ്സ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഡിസംബര്‍ 28ന് ക്രിസ്റ്റല്‍ പാലസിനെതിരെയാണ്‌ചെല്‍സിയുടെ അടുത്ത മത്സരം. അന്നേ ദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ വോൾവ്സ് ബ്രന്റ്‌ഫോര്‍ട്ടിനേയും നേരിടും.

Content Highlight: Chelsea lost four consecutive away matches in English Premiere League.

We use cookies to give you the best possible experience. Learn more