| Wednesday, 10th January 2024, 8:43 am

ഒറ്റ ഗോള്‍, തകര്‍ന്നത് 18 വര്‍ഷത്തെ റെക്കോഡ്; ചെല്‍സി വീണു

സ്പോര്‍ട്സ് ഡെസ്‌ക്

ഇ.എഫ്.എല്‍ കപ്പ് സെമി ഫൈനലിലെ ആദ്യ ലെഗില്‍ നടന്ന മത്സരത്തില്‍ ചെല്‍സിക്ക് തോല്‍വി. മിഡില്‍സ്‌ബ്രോ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചെല്‍സിയെ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ മിഡില്‍സ്‌ബ്രോയുടെ വിജയഗോള്‍ നേടിയത് ഹെയ്ഡന്‍ ഹാക്ക്നിയാണ്. ഈ ഗോളിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും ഹെയ്ഡന്‍ ഹാക്ക്നിക്ക് സാധിച്ചു. 2006ന് ശേഷം ചെല്‍സിക്കെതിരെ ഗോള്‍ നേടുന്ന ആദ്യ മിഡില്‍സ്‌ബ്രോസ് താരം എന്ന നേട്ടമാണ് ഹെയ്ഡന്‍ സ്വന്തം പേരില്‍ക്കുറിച്ചത്.

ഇതിന് മുമ്പ് 2006 ഓഗസ്റ്റില്‍ മാര്‍ക്ക് വിഡുകയായിരുന്നു ചെല്‍സിക്കെതിരെ അവസാനമായി ഗോള്‍ നേടിയ മിഡില്‍ബ്രോസ് താരം. 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഹെയ്ഡനിലൂടെ ഈ നേട്ടം ആവര്‍ത്തിക്കപ്പെട്ടത്.

മിഡില്‍സ്‌ബ്രോസിന്റെ ഹോം ഗ്രൗണ്ടായ റിവര്‍ സൈഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-4-2-1 എന്ന ഫോര്‍മേഷനില്‍ ആയിരുന്നു ആതിഥേയര്‍ കളത്തില്‍ ഇറങ്ങിയത്. അതേസമയം മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയും ആയിരുന്നു ചെല്‍സി പിന്തുടര്‍ന്നത്.

മത്സരത്തിന്റെ 37ാം മിനിട്ടിലാണ് ഹെയ്ഡന്‍ ഹാക്ക്‌നിയാണ് മിഡില്‍ബ്രോസിന് വേണ്ടി മത്സരത്തിലെ ഏകഗോളും വിജഗോളും നേടിയത്. ഒടുവില്‍ ആദ്യപകുതി പിന്നിട്ടപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് ആതിഥേയര്‍ മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ മറുപടി ഗോളിനായി മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും മിഡില്‍സ്‌ബ്രോയുടെ പ്രതിരോധം മറികടക്കാന്‍ സാധിക്കാതെ പോയത് കനത്ത തിരിച്ചടിയാണ് പോച്ചറ്റീനോക്കും കൂട്ടര്‍ക്കും നല്‍കിയത്.

മത്സരത്തില്‍ 18 ഷോട്ടുകള്‍ എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഒന്നും കൃത്യമായി ലക്ഷ്യത്തിലെത്തിക്കാന്‍ ചെല്‍സിക്ക് സാധിച്ചില്ല. മത്സരത്തില്‍ 72% പന്ത് കൈവശം വെച്ച് ചെല്‍സി ആധിപത്യം പുലര്‍ത്തിയിട്ടും ഗോള്‍ കണ്ടെത്താനാവാതെ പോയതും നീലപ്പടക്ക് തിരിച്ചടി നല്‍കി.

ജനുവരി 24നാണ് സെമി ഫൈനലിന്റെ സെക്കന്റ് ലെഗ് നടക്കുക. ചെല്‍സിയുടെ തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജില്‍ നടക്കുന്ന മത്സരത്തില്‍ മിഡില്‍ബ്രോസിനെതിരെ തിരിച്ചു വരണമെങ്കില്‍ രണ്ട് ഗോളുകള്‍ ചെല്‍സി നേടേണ്ടിവരും.

അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 20 മത്സരങ്ങളില്‍ നിന്നും എട്ട് വിജയവും നാല് സമനിലയും എട്ടു തോല്‍വിയും അടക്കം 28 പോയിന്റുമായി പത്താം സ്ഥാനത്താണ് ചെല്‍സി. ജനുവരി 13ന് ഫുള്‍ ഹാമിനെതിരെയാണ് ചെല്‍സിയുടെ അടുത്ത മത്സരം. ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോഡ് ബ്രിഡ്ജാണ് വേദി.

Content Highlight: Chelsea loss in EFL cup semi final.

We use cookies to give you the best possible experience. Learn more