ലണ്ടന്‍: ഫീല്‍ഡിലാണെങ്കിലും പുറത്താണെങ്കിലും ചെല്‍സിയുടെ ഇതിഹാസ താരം ജോണ്‍ ടെറി എന്നും വാര്‍ത്തകളുടെ തോഴനാണ്. ചെല്‍സിയോട് വിട പറഞ്ഞ ടെറി ഈ സീസണില്‍ ആസ്റ്റണ്‍ വില്ലയില്‍ ചേക്കേറിയിരുന്നു. ചെല്‍സിയുടെ ചരിത്ര വിജയങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച താരമിപ്പോള്‍ അല്‍പ്പം ദേഷ്യത്തിലാണ്.
ഇന്ത്യന്‍ പുകയില ഉല്‍പ്പന്നമായ ഗോള്‍ഡ് ഫ്‌ളേക്കാണ് ടെറിയെ ചൊടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ താരം സിഗരറ്റ് കമ്പനിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു.
എന്താണ് കാരണമെന്നല്ലേ? ഗോള്‍ഡ് ഫ്‌ളേക്കിന്റെ കവറില്‍ പുകിയില ആരോഗ്യത്തിന് ഹാനികരമെന്ന് എഴുതിയ ജാഗ്രത നിര്‍ദ്ദേശത്തിനൊപ്പമുള്ള ചിത്രമില്ലേ, അതാണ് പ്രശ്‌നമായത്. തന്റെ ചിത്രമാണ് അതെന്നാണ് ടെറി ആരോപിക്കുന്നത്.
കടുത്ത പുകയില വിരോധിയായ തന്റെ ചിത്രം സിഗരറ്റ് പാക്കറ്റില്‍ ഉപയോഗിച്ചതിനെതിരെ ഇന്‍സ്റ്റഗ്രാമിലൂടെ ആഞ്ഞടിച്ചിരിക്കുകയാണ് ആസ്റ്റണ്‍ വില്ല താരമായ ജോണ്‍ ടെറി. തോന്ന്യാസമായ പരിപാടിയെന്നായിരുന്നു ടെറിയുടെ പ്രതികരണം.
നേരത്തേയും കമ്പനിക്കെതിരെ ടെറി രംഗത്തെത്തിയിരുന്നു. 2012 ല്‍ തന്റെ ചിത്രമാണ് കമ്പനി തങ്ങളുടെ പാക്കറ്റില്‍ ഉപയോഗിക്കുന്നതെന്ന് തിരിച്ചറിഞ്ഞ താരം പരാതി നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്ന് നടപടികള്‍ ഉണ്ടായില്ല. ഇത്തവണത്തെ പ്രതികരണം അതുപോലെയാകരുതെന്നാണ് താരത്തിന്റെ ആഗ്രഹം.