പി.എസ്.ജി വിടുകയാണോ? എന്നാല്‍ ഇങ്ങ് പോര്; നെയ്മറിനെ സ്വന്തമാക്കാന്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍
Sports News
പി.എസ്.ജി വിടുകയാണോ? എന്നാല്‍ ഇങ്ങ് പോര്; നെയ്മറിനെ സ്വന്തമാക്കാന്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 14th July 2023, 11:35 am

 

ഈ സമ്മറില്‍ പാരീസ് സെന്റ് ഷെര്‍മാങ്ങിനോട് നെയ്മര്‍ വിട പറയുകയാണെങ്കില്‍ താരത്തെ ടീമിലെത്തിക്കാനൊരുങ്ങി മുന്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ചെല്‍സി. പ്രീമിയര്‍ ലീഗില്‍ മുന്നേറ്റമുണ്ടാക്കാമെന്ന് കണക്കുകൂട്ടിയാണ് ലണ്ടന്‍ വമ്പന്‍മാര്‍ ബ്രസീലിയന്‍ സൂപ്പര്‍ താരത്തെ ടീമിലെത്തിക്കാനൊരുങ്ങുന്നത്.

ലെ പേര്‍ഷ്യനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നെയ്മര്‍ ഈ സീസണോടെ പാരീസ് വിടാന്‍ സാധ്യതയുണ്ടെന്നും പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ചെല്‍സിയുമായി കൈകോര്‍ക്കുമെന്ന് നേരത്തെ സ്‌കൈ സ്‌പോര്‍ട്‌സും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

 

ഈ സീസണില്‍ പരിക്കിന്റെ പിടിയിലാതോടെ നെയ്മറിനെ സംബന്ധിച്ച് കാര്യങ്ങള്‍ അത്ര പന്തിയായിരുന്നില്ല. ഫെബ്രുവരി 19ന് ലീഗ് വണ്ണില്‍ ലില്ലെക്കെതിരായ മത്സരത്തിലായിരുന്നു നെയ്മറിന് പരിക്കേറ്റത്. പാര്‍ക് ഡെസ് പ്രിന്‍സെസില്‍ വെച്ച് നടന്ന മത്സരത്തില്‍ ഗോള്‍ നേടിയതിന് ശേഷമായിരുന്നു താരത്തിന് പരിക്കേറ്റത്. ഇതിന് പിന്നാലെ താരം ശസ്ത്രക്രിയക്ക് വിധേയനാവുകയും സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവുകയും ചെയ്തിരുന്നു.

 

എന്നാല്‍ പരിക്കേല്‍ക്കുന്നതിന് മുമ്പ് മികച്ച പ്രകടനമാണ് താരം ടീമിനൊപ്പം നടത്തിയത്. 29 മത്സരത്തില്‍ നിന്നും നെയ്മര്‍ 18 ഗോള്‍ നേടുകയും 17 തവണ സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

2024-25 സീസണ്‍ വരെ നെയ്മറിന് പി.എസ്.ജിയുമായി കരാറുണ്ട്. അഥവാ താരം ടീം വിടാന്‍ തീരുമാനിക്കുകയാണെങ്കില്‍ 50 മില്യണ്‍ മുതല്‍ 70 മില്യണ്‍ യൂറോ വരെയായിരിക്കും താരത്തെ സ്വന്തമാക്കുന്ന ടീം പി.എസ്.ജിക്ക് നല്‍കേണ്ടി വരിക.

താരത്തെ ഓഫ്‌ലോഡ് ചെയ്യാന്‍ ടീം പദ്ധതിയിടുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതോടെ ക്ലബ്ബില്‍ വന്‍ അഴിച്ചുപണി നടത്താന്‍ തീരുമാനിച്ച പി.എസ്.ജി നെയ്മറടക്കം പലരെയും പുറത്താക്കാന്‍ പദ്ധതിയിടുകയായിരുന്നു.

എന്നാല്‍ താരത്തെ ടീമില്‍ നിലനിര്‍ത്താന്‍ പുതിയ പരിശീലകന്‍ ലൂയീസ് എന്റിക്വ് പദ്ധതിയിടുന്നുണ്ടെന്ന് സ്പാനിഷ് ഔട്ട്‌ലെറ്റായ റെലെവോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റിപ്പോര്‍ട്ട് പ്രകാരം നെയ്മറിനെ ക്ലബ്ബില്‍ നിലനിര്‍ത്താന്‍ എന്റിക്വ് പി.എസ്.ജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2015ല്‍ ബാഴ്‌സലോണ യുവേഫ ചാമ്പ്യന്‍സ് ലീഗ് ട്രോഫി നേടുമ്പോള്‍ ക്ലബ്ബില്‍ ഇരുവരും ഒരുമിച്ചായിരുന്നു.

 

താരത്തെ സ്‌ക്വാഡില്‍ നിലനിര്‍ത്തിയാല്‍ അദ്ദേഹത്തിന് പഴയ ഫോമിലേക്ക് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയും എന്റിക്വ് പി.എസ്.ജിക്ക് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Content Highlight: Chelsea is reportedly interested in signing Neymar