ബാഴ്‌സലോണ എഫ്.സിയുടെ ഡ്രസിങ് റൂം സന്ദര്‍ശിച്ചെന്ന കാരണത്താല്‍ മുന്‍ ബാഴ്‌സ താരം പിയറി എമറിക്ക് ഒബമെയാങ്ങനെ പുറത്താക്കാനൊരുങ്ങി ചെല്‍സി. കഴിഞ്ഞ ദിവസം നടന്ന എല്‍ ക്ലാസിക്കോ കാണാന്‍ ഒബെമയാങ്ങും പോയിരുന്നുവെന്നും മത്സരത്തില്‍ ബാഴ്‌സലോണ ജയിച്ചതിന് ശേഷം താരം ബ്ലൂഗാരനയുടെ ഡ്രസിങ് റൂം സെലിബ്രേഷനില്‍ പങ്കെടുത്തിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
താരത്തിന് ബാഴ്‌സയിലേക്ക് തിരിച്ചുപോകണമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹത്തെ പുറത്താക്കാന്‍ ചെല്‍സ് തീരുമാനിക്കുകയായിരുന്നുവെന്നും ‘സ്‌പോര്‍ട്‌സ്’ റിപ്പോര്‍ട്ട് ചെയ്തു.
വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ ഒബമെയാങ്ങിനെ ബാഴ്സലോണ ഫ്രീ ഏജന്റായി സൈന്‍ ചെയ്യിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചെല്‍സി കോച്ച് ഗ്രഹാം പോട്ടറുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഒബമെയാങ് ക്ലബ്ബ് വിടുന്നതെന്നാണ് റിപ്പോര്‍ട്ട്.
താരം ചെല്‍സിയിലെത്തിയതിന് ശേഷവും ബ്ലൂഗ്രാനയുമായി അടുത്ത ബന്ധം പുലര്‍ത്തുണ്ടായിരുന്നെന്നും ഇപ്പോള്‍ അദ്ദേഹത്തെ ക്യാമ്പ് നൗവിലേക്ക് തിരിച്ചെത്തിക്കാന്‍ ബാഴ്സ ശ്രമം നടത്തുന്നുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ ഈവനിങ് സ്റ്റാന്‍ഡേര്‍ഡ്സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
ബാഴ്സലോണക്ക് പുറമെ എ.സി. മിലാനും അത്ലെറ്റികോ മാഡ്രിഡും താരത്തെ സ്വന്തമാക്കാന്‍ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒബമെയാങ്ങിന് ബാഴ്സയിലേക്ക് തിരിച്ചുപോകാനാണ് താത്പര്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സീസണില്‍ ചെല്‍സിക്കായി കളിച്ച 18 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോള്‍ മാത്രമാണ് താരത്തിന് നേടാനായത്.
നേരത്തെ ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് ആഴ്സണലിലെത്തിയ ഒബമെയാങ് പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടേറ്റയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ക്ലബ്ബ് വിട്ട് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ബാഴ്സയിലെത്തിയത്. സെപ്റ്റംബറില്‍ 12 ലക്ഷം യൂറോക്ക് താരത്തെ ചെല്‍സി സ്വന്തമാക്കുകയായിരുന്നു.