ഫുട്‌ബോളില്‍ ഇത് ട്രാന്‍സ്ഫറുകളുടെ കാലമാണ്. ഓരോ ടീമുകളും ടീമിന് ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ ട്രാന്‍സ്ഫറുകളെ ഉപയോഗിക്കാറുണ്ട്.
ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സി എതിരാളികളായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്‌ട്രൈക്കറായ റഹീം സ്റ്റെര്‍ലിങ്ങിനെ സ്വന്തമാക്കാനായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഒരു പ്രോപര്‍ സ്‌ട്രൈക്കറെ ചെല്‍സി മിസ് ചെയ്തിരുന്നു.
ഇടനിലക്കാര്‍ വഴിയാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് വാര്‍ത്ത പുറത്തുവിടുന്നത്.
27കാരനെ സൈന്‍ ചെയ്യാന്‍ ചെല്‍സിക്ക് താല്‍പര്യമുണ്ടെന്നും എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റി മുന്നോട്ടുവെക്കുന്ന സ്റ്റെര്‍ലിങ്ങിന്റെ മൂല്യത്തില്‍ നിന്നും വളരെ അകലെയാണ് ചെല്‍സി എന്നും റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘റഹീം സ്റ്റെര്‍ലിങ്ങാണ് ചെല്‍സി ആക്രമണ പട്ടികയിലേക്ക് കൊണ്ടുവരുവാന്‍ ശ്രമിക്കുന്ന കളിക്കാരന്‍. ഇടനിലക്കാര്‍ മുഖേനയുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്, ക്ലബ്ബുകള്‍ക്കിടയില്‍ ഇതുവരെ നേരിട്ട് സംസാരിച്ചിട്ടില്ല. 25 യൂറോ പ്ലസ് ആഡ്-ഓണുകളുമായി ചെല്‍സി സിറ്റിയെ സമീപിച്ചു, എന്നാല്‍ ഈ ഫീസിന് സ്‌റ്റെര്‍ലിങ്ങിനെ ലഭിക്കാന്‍ സാധ്യതയില്ല. സിറ്റി സ്റ്റെര്‍ലിങ്ങിനായി ഏകദേശം 55/60 മില്യണ്‍ യൂറോ ആവശ്യപ്പെടും,’ റൊമാനോ പറഞ്ഞു.
സ്‌റ്റെര്‍ലിങ് ഗോള്‍ സ്‌കോറര്‍ ആണെന്ന് തെളിയിക്കപ്പെട്ടതിനാല്‍ താരത്തിന് ചോദിക്കുന്ന വില കൊടുക്കുവാന്‍ തോമസ് ടുച്ചലിന്റെ ടീമിന് കഴിയും. ഹക്കിം സിയെച്ച്, ക്രിസ്റ്റ്യന്‍ പുലിസിച്ച്, ടിമോ വെര്‍ണര്‍ എന്നിവര്‍ കഴിഞ്ഞ സീസണില്‍ 14 പ്രീമിയര്‍ ലീഗ് ഗോളുകള്‍ മാത്രമാണ് നേടിയത്.
കൂടാതെ, റഹീം സ്റ്റെര്‍ലിങ് തന്റെ കരിയറിലെ ഏറ്റവും നല്ല കാലഘട്ടത്തിലാണ്. അടുത്ത സീസണില്‍ മികച്ച പ്രകടനം നടത്താനും ഈ വര്‍ഷാവസാനം ഖത്തറില്‍ നടക്കുന്ന ഫിഫാ ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് മികച്ച ഫോമിലെത്താനും അദ്ദേഹം ആഗ്രഹിക്കുന്നു.
സിറ്റിക്കായി 339 മത്സരത്തില്‍ നിന്നും 131 ഗോളാണ് സ്‌റ്റെര്‍ലിങ് നേടിയത്. കഴിഞ്ഞ അഞ്ച് പ്രിമിയര്‍ ലീഗ് സീസണുകളിലും 10 ഗോളിന് മുകളില്‍ നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം വരെയാണ് താരത്തിന്റെ സിറ്റിയുമായുള്ള കരാര്‍.