ഇംഗ്ലീഷ് ക്ലബ്ബായ ചെൽസിയിലേക്ക് ജനുവരി ട്രാൻസ്ഫറിലൂടെ എത്തുകയാണ് ഉക്രൈൻ യുവതാരമായ മൈക്കലോ മുഡ്രൈക്ക്.
ലോക ഫുട്ബോളിലെ തന്നെ ഭാവി വാഗ്ദാനമായി കരുതപ്പെടുന്ന മുഡ്രൈക്കിനെ ഉക്രൈനിയൻ ക്ലബ്ബായ ഷക്തറിൽ നിന്നുമാണ് ചെൽസി തങ്ങളുടെ തട്ടകത്തിലെത്തിച്ചിരിക്കുന്നത്.
ആഴ്സണൽ നോട്ടമിട്ട താരത്തെ തങ്ങളുടെ ക്ലബ്ബിലേക്കെത്തിച്ചതോടെ പ്രീമിയർ ലീഗിൽ തങ്ങൾ നേരിടുന്ന പരിതാപാവസ്ഥയിൽ നിന്നും കര കയറാനുള്ള വ്യക്തമായ പ്ലാനിങ്ങിലാണ് ചെൽസി എന്ന സൂചനകളാണ് ക്ലബ്ബ് ആരാധകർക്ക് നൽകുന്നത്.
എന്നാലിപ്പോൾ ചെൽസിയുടെ മൈക്കലോ മുഡ്രൈക്കിന്റെ സൈനിങിനെ റൊണാൾഡോയെ സൈൻ ചെയ്തത് പോലെയാണ് എന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ബ്രിട്ടീഷ് ഉക്രൈനിയൻ മാധ്യമപ്രവർത്തകനായ ആൻഡ്രൂ ടോഡോസ്.
റൊണാൾഡോയെ പോലെ കഠിനാധ്വാനം ചെയ്യുന്ന താരമാണ് മൈക്കലോ മുഡ്രൈക്ക് എന്നാണ് ആൻഡ്രൂ ടോഡോസ് പറഞ്ഞത്.
ടോക്ക് സ്പോർട്സിന് നൽകിയ അഭിമുഖത്തിലായിരുന്നു ടോഡോസിന്റെ വാദം.
” ഉക്രൈൻ ജനതയൊന്നാകെ അവരുടെ നായകനായി ഈ പയ്യനെ കാണുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അവൻ ഒരു ക്യാപ്റ്റൻ മെറ്റീരിയൽ ആണ് എന്ന നിലയിലല്ല ഞാൻ സംസാരിക്കുന്നത്. മറിച്ച് അവരുടെ ദേശീയ ടീമിലെ മികച്ചൊരു താരമായി മാറാൻ മൈക്കലോ മുഡ്രൈക്കിന് കഴിയും,’ ടോഡോസ് പറഞ്ഞു.
“അവനെ നന്നായി കഠിനാധ്വാനം ചെയ്യുന്ന പ്രതിഭയുള്ള കളിക്കാരനായാണ് അവർ കാണുന്നത്. റൊണാൾഡോയെപ്പോലെയുള്ള ഡെഡിക്കേഷൻ മെന്റാലിറ്റി അവനുണ്ട്. എല്ലാ ദിവസവും അവൻ ട്രെയിനിങ് സെഷനുകളിൽ പങ്കെടുക്കും.
തന്റെ ലക്ഷ്യങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യങ്ങളുള്ള മുഡ്രൈക്കിന് അവ നേടണ മെന്നുള്ള ആഗ്രഹവും പരിശ്രമിക്കാനുള്ള മനസ്സുമുണ്ട്. ബാലൻ ഡി ഓറും അത് പോലുള്ള എല്ലാ പുരസ്കാരങ്ങളും നേടണമെന്നാണ് അവൻ ലക്ഷ്യമിടുന്നത്,’ആൻഡ്രൂ ടോഡോസ് കൂട്ടിച്ചേർത്തു.