| Wednesday, 15th June 2022, 6:53 pm

ഹാവൂ പോയല്ലോ സമാധാനമായി; സൂപ്പര്‍താരം ടീം വിടുന്നതില്‍ ആശ്വാസം കണ്ടെത്തി ചെല്‍സി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളില്‍ ട്രാന്‍സ്ഫറുകളുടെ കാലമാണിപ്പോള്‍. പല ടീമുകളും പുത്തന്‍ പരീക്ഷണങ്ങള്‍ക്കും ടീം മെച്ചപ്പെടുത്താനുമായി പുതിയ താരങ്ങളെ ടീമില്‍ എത്തിക്കുകയും ആവശ്യമില്ലാത്ത കളിക്കാരെ ടീമില്‍ നിന്നും ഒഴിവാക്കുകയും ചെയ്യും. ഇപ്പോള്‍ കളിക്കുന്ന ടീമുകളില്‍ നിന്നും മാറാന്‍ ആഗ്രഹിക്കുന്ന കളിക്കാര്‍ മറ്റ് ടീമുകളിലേക്ക് കുടിയേറുകയും ചെയ്യും.

ചെല്‍സിയുടെ സ്‌ട്രൈക്കറായ ബെല്‍ജിയം സൂപ്പര്‍ താരം റൊമേലു ലുക്കാകു ടീം വിടുകയാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തന്റെ മുന്‍ ക്ലബ്ബായ ഇന്റര്‍ മിലാനിലേക്കാണ് താരം തിരിച്ചുപോകുന്നത് എന്നാണ് പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ താരം പോകുന്നതിന് സന്തോഷം മാത്രമേയുള്ളൂ എന്നാണ് ചെല്‍സി ആരാധകരുടെ റിയാക്ഷന്‍. ചെല്‍സിക്ക് വേണ്ടി താരം മോശം പ്രകടനമാണ് സീസണില്‍ കാഴ്ചവെച്ചത്. 44 മത്സരത്തില്‍ നിന്നും വെറും 15 ഗോള്‍ മാത്രമാണ് താരം ചെല്‍സിക്കായ് നേടിയത്.

ഡിസംബറില്‍ സ്‌കൈ ഇറ്റാലിയയുമായി ഒരു അഭിമുഖം നടത്തിയപ്പോള്‍ ലുക്കാകു ചെല്‍സി ആരാധകരുടെ വെറുപ്പ് സമ്പാദിച്ചിരുന്നു. അഭിമുഖത്തില്‍ ക്ലബിനെ ആക്ഷേപിക്കുകയും ഇന്റര്‍ മിലാനിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും താരം തുറന്നു പറഞ്ഞിരുന്നു.

ആ കുപ്രസിദ്ധ പരാമര്‍ശങ്ങളെ തുടര്‍ന്ന് 29 കാരനായ സ്ട്രൈക്കറുടെ ഫോം കുറഞ്ഞിരുന്നു. മാനേജര്‍ തോമസ് ടുച്ചല്‍ ഇടയ്ക്കിടെ അവസരം നല്‍കിയിരുന്നെങ്കിലും മോശം പ്രകടനങ്ങളാണ് താരം പുറത്തെടുത്തത്. നിരവധി വലിയ അവസരങ്ങള്‍ ലുക്കാകു നഷ്ടപ്പെടുത്തിയിരുന്നു. ഈ സമ്മര്‍ ട്രാന്‍സ്ഫറില്‍ ഇന്ററിലേക്ക് തിരികെ പോകാനുള്ള നീക്കവുമായി ലുക്കാകു സ്ഥിരമായി ബന്ധപ്പെട്ടിരിക്കുന്നു.

ഈ സമ്മറില്‍ ക്ലബ് വിടാന്‍ അനുവദിക്കണമെന്ന് ചെല്‍സിയോട് താരം നിര്‍ബന്ധിച്ചിരുന്നു എന്ന് റൊമാനോ ട്വിറ്ററില്‍ കുറിച്ചു.

രണ്ട് തവണ യൂറോപ്യന്‍ ചാമ്പ്യന്‍മാരായിട്ടുള്ള ചെല്‍സിയുടെ ആരാധകര്‍ കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ റെക്കോര്‍ഡ് നീക്കത്തിന് ശേഷം ഹൈപ്പിന് അനുസരിച്ച് കളിക്കാന്‍ പരാജയപ്പെട്ട ലുക്കാകുവിന്റെ മടക്കം കാണാന്‍ തയ്യാറാണെന്ന് തോന്നുന്ന തരത്തിലുള്ള റിയാക്ഷന്‍സാണ് ട്വിറ്ററില്‍ വരുന്നത്.

Content Highlights: Chelsea Fans reaction for Lukaku’s transfer reported by fabrizio romano

We use cookies to give you the best possible experience. Learn more