| Saturday, 5th October 2024, 12:29 pm

ടീം വിട്ട റൊണാള്‍ഡോക്ക് ബാലണ്‍ ഡി ഓര്‍ ലഭിക്കരുതെന്ന് റയല്‍ മാഡ്രിഡ് തീരുമാനിച്ചു; ലഭിച്ചത് മറ്റൊരു റയല്‍ താരത്തിന്: ചെല്ലിനി

സ്പോര്‍ട്സ് ഡെസ്‌ക്

2018ല്‍ റൊണാള്‍ഡോക്ക് ബാലണ്‍ ഡി ഓര്‍ നഷ്ടപ്പെടാന്‍ കാരണം റയല്‍ മാഡ്രിഡാണെന്ന് ഇറ്റാലിയന്‍ സൂപ്പര്‍ താരവും യുവന്റസ് ഇതിഹാസവുമായ ജോര്‍ജിയോ ചെല്ലിനി. 2018ല്‍ റയല്‍ ഇതിഹാസവും ക്രൊയേഷ്യന്‍ ഇന്റര്‍നാഷണലുമായ ലൂകാ മോഡ്രിച്ചിനാണ് പുരസ്‌കാരം ലഭിച്ചത്. 2018 ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനലിലെത്തിച്ചതിന് പിന്നാലെയായിരുന്നു താരത്തിന്റെ പുരസ്‌കാര നേട്ടം.

എന്നാല്‍ മോഡ്രിച്ച് ആ പുരസ്‌കാരം അര്‍ഹിച്ചിരുന്നില്ല എന്നാണ് ചെല്ലിനി പറയുന്നത്.

2019ലെ ഒരു അഭിമുഖത്തില്‍ ചെല്ലിനി പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ച് ദി സ്റ്റാന്‍ഡേര്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചെല്ലിനിയുടെ വാക്കുകള്‍

‘ഓക്കെ, മെസി ഈ വര്‍ഷത്തെ (2019) ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കി. എന്നാല്‍ ഇതിലെ ഏറ്റവും വലിയ കള്ളത്തരം നടന്നത് കഴിഞ്ഞ വര്‍ഷമാണ് (2018). ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബാലണ്‍ ഡി ഓര്‍ നേടരുതെന്ന് റയല്‍ മാഡ്രിഡ് തീരുമാനിച്ചു, ഇത് തീര്‍ത്തും വിചിത്രമായിരുന്നു.

ക്രിസ്റ്റിയാനോ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയിരുന്നു, എന്നാല്‍ ആ ലോജിക് വെച്ച് നോക്കുകയാണെങ്കില്‍ വിര്‍ജില്‍ വാന്‍ ജിക്കിനായിരുന്നു ആ വര്‍ഷം പുരസ്‌കാരം ലഭിക്കേണ്ടിയിരുന്നത്,’ ഇറ്റാലിയന്‍ സൂപ്പര്‍ താരം പറഞ്ഞു.

മോഡ്രിച്ച് ആ പുരസ്‌കാരത്തിന് അര്‍ഹനായിരുന്നില്ല എന്ന് പറഞ്ഞ ചെല്ലിനി ലോകകപ്പിലെ മികച്ച പ്രകടനത്തില്‍ ഫ്രഞ്ച് ദേശീയ ടീമിലെ താരത്തിന് പുരസ്‌കാരം നല്‍കാമായിരുന്നു എന്നും അഭിപ്രായപ്പെട്ടു.

‘2018 ലോകകപ്പിലെ മികച്ച പ്രകടനം കണക്കിലെടുത്ത് ഒരുപക്ഷേ കഴിഞ്ഞ വര്‍ഷം ഗ്രീസ്മാനോ പോള്‍ പോഗ്ബക്കോ എംബാപ്പെക്കോ ജയിക്കാനുള്ള അവസരമുണ്ടായിരുന്നു. മോഡ്രിച്ചിന് ബാലണ്‍ ഡി ഓര്‍ നല്‍കിയത് ഒരു തരത്തിലും അംഗീകരിക്കാനകുന്നതല്ല,’ ചെല്ലിനി പറഞ്ഞു.

മെസിയും റൊണാള്‍ഡോയുമല്ലാത്ത മറ്റൊരാള്‍

2018ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം ഹാട്രിക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ താരമാണ് മോഡ്രിച്ച്. റയലിന്റെ മത്സരങ്ങളിലെല്ലാം തന്നെ മധ്യനിരയിലെ മാന്ത്രികന്‍ കളിയുടെ ഗതി തിരിച്ചിരുന്നു.

2018 ലോകകപ്പിന്റെ ഫൈനലിലേക്ക് ക്രൊയേഷ്യയെ കൊണ്ടുചെന്നെത്തിച്ചതും മോഡ്രിച്ചിന്റെ മികവിലായിരുന്നു.

ഒരു പതിറ്റാണ്ടിലധികം മെസിയും റൊണാള്‍ഡോയും മാറി മാറി വിജയിച്ച ബാലണ്‍ ഡി ഓറിന്റെ സുവര്‍ണ ഗോളം സ്വന്തമാക്കിയാണ് ലൂകാ മോഡ്രിച്ച് ഇതിഹാസങ്ങളുടെ കുത്തക തകര്‍ത്തത്.

2007ല്‍ കക്ക പുരസ്‌കാരം നേടിയതിന് ശേഷം 2021 വരെ ഒരിക്കല്‍ മാത്രമാണ് മെസിയോ റോണാള്‍ഡോയോ അല്ലാത്ത മറ്റൊരാള്‍ പുരസ്‌കാത്തിന് അര്‍ഹനായത്, 2018ല്‍ ഈ നേട്ടവും മോഡ്രിച്ചിന്റെ പേരില്‍ കുറിക്കപ്പെട്ടു.

(കൊവിഡ് കാരണം 2020ല്‍ പുരസ്‌കാരം നല്‍കിയിരുന്നില്ല. ആ വര്‍ഷം റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക് പുരസ്‌കാരം നല്‍കണമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്)

Content highlight: Chellini on Cristiano Ronaldo not receiving 2018 Ballon d’Or award

We use cookies to give you the best possible experience. Learn more