| Thursday, 1st January 2015, 10:53 am

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം: സി.പി.ഐ.എം നിലപാടിനെതിരെ പരാതിയുമായി ചെല്ലിക്കണ്ടം വീട്ടുകാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ സി.പി.ഐ.എം നിലപാടിനെതിരെ പരാതിയുമായി പി. കൃഷ്ണപിള്ള വിഷം തീണ്ടിമരിച്ച ചെല്ലിക്കണ്ടം വീടിന്റെ ഉടമസ്ഥര്‍. സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം വേണമെന്നാവശ്യം സി.പി.ഐ.എം പരിഗണിക്കുന്നില്ലെന്നാണ് ചെല്ലിക്കണ്ടം വീട്ടുകാരുടെ പരാതി.

ചെല്ലിക്കണ്ടം വീട്ടുകരുടെ പരാതിയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദനെതിരെയും വിമര്‍ശനമുണ്ട്. പളനിയാണ് സ്മാരകം തകര്‍ത്തതെന്ന വി.എസിന്റെ പ്രസ്താവന അനവസരതതിലായിരുന്നെന്നും വി.എസിന്റെ നിലപാട് ശരിയല്ലെന്നും പരാതിയില്‍ പറയുന്നു.

“പളനിയെ പോലുള്ള ഒരു നേതാവിനെ ഈ വിഷയത്തിലേക്ക് വലിച്ചിഴച്ചത് ശരിയായില്ല. തോമസ് ഐസക്, സി.ബി ചന്ദ്രബാബു തുടങ്ങിയ നേതാക്കളെ സംഭവവുമായി ബന്ധപ്പെടുത്തുന്നത് കുബുദ്ധികളാണ്.” കത്തില്‍ ആരോപിക്കുന്നു.

ചെല്ലിക്കണ്ടം വീട്ടുകാര്‍ സ്മാരകം തകര്‍ത്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ പരാതി നല്‍കി മൂന്ന് ആഴ്ച പിന്നിട്ടിട്ടും പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ചെല്ലിക്കണ്ടം കുടുംബാംഗവും പാര്‍ട്ടി അംഗവുമായ സി.ആര്‍ രാജന്‍ പറഞ്ഞു.

സ്മാരകം തകര്‍ത്ത കേസിലെ രണ്ടാം പ്രതി  പി.സാബു അടക്കമുള്ളവര്‍ തങ്ങളെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ലോക്കല്‍ പോലീസ് ആദ്യം മുതല്‍ തങ്ങളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

” പി.സാബു കേസില്‍ നിന്ന് രക്ഷപെടാനായി ചെല്ലിക്കണ്ടം വീട്ടുകാര്‍ക്കെതിരെ ദുഷ്പ്രചരണം നടത്തുകയാണ്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നത്.” ജയന്‍ കൂട്ടിച്ചേര്‍ത്തു.

കത്തില്‍ ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് പോകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മില്‍ വിവാദം കത്തിപ്പടരുന്ന സമയത്താണ് ചെല്ലിക്കണ്ടം കുടുംബങ്ങള്‍ പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.

അതേസമയം, സി.പി.ഐ.എം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമായി. കടുത്ത വിഭാഗീയത വീണ്ടും തല പൊക്കിയ സാഹചര്യത്തില്‍ കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെട്ട സംഭവത്തിലടക്കം കൂടുതല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ചലനങ്ങള്‍ക്കുമുള്ള വേദിയാവും ജില്ലാ സമ്മേളനങ്ങള്‍.

We use cookies to give you the best possible experience. Learn more