| Sunday, 7th November 2021, 7:13 pm

ചേക്കുട്ടിയും ആമു സാഹിബുമൊക്കെയാണ് സമുദായത്തിന് ഗുണം ചെയ്തത്; വിപ്ലവ സിങ്കങ്ങള്‍ എന്തുസംഭാവനയാണ് ചെയ്തത്: ഇ.കെ. സമസ്ത നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം സമുദായം കുറച്ചെങ്കിലും പിച്ചവച്ചത് ആനക്കയം ഖാന്‍ ബഹാദൂര്‍ ചേക്കുട്ടയുടെയും ആമു സാഹിബിന്റെയുമൊക്കെ ഇടപെടല്‍ കൊണ്ടാണെന്ന് എസ്.കെ.എസ്.എസ്.എഫ്. മുഖപത്രമായ സത്യധാരയുടെ എഡിറ്റര്‍ അന്‍വര്‍ സാദിഖ് ഫൈസി താനൂര്‍.

ആവേശപ്പുറത്തേറിയ ആള്‍ക്കൂട്ടം വിപ്ലവത്തിനിറങ്ങിയപ്പോള്‍, വിചാരപ്പെട്ടുമാറി നിന്ന വിവേകങ്ങളെ ‘വിപ്ലവമത’ക്കാര്‍ ‘ചേക്കുട്ടി’ എന്നു പരിഹസിക്കുന്ന തിരക്കിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

‘വിചാരപ്പെടുമെങ്കില്‍, അവരോടു ചിലത് പറയാം: ഉമ്മത്തീങ്ങളേ, സര്‍ സയ്യിദ് അഹ്‌മദ് ഖാന്‍ അങ്ങനെയൊരു ചേക്കുട്ടിയായതു കൊണ്ടാണ് അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി ഉണ്ടായത്. സയ്യിദ് സനാഉല്ലാഹ് മക്തി തങ്ങള്‍ അങ്ങനെയൊരു ചേക്കുട്ടിയായതു കൊണ്ടാണ് മാപ്പിളമാര്‍ ആര്യനെഴുത്തും ആംഗലയ ഭാഷയും പഠിക്കാനിറങ്ങിയത്.

മഖ്ദൂം കുഞ്ഞന്‍ബാവ മുസ്‌ലിയാര്‍ അങ്ങനെയൊരു ‘ചേക്കുട്ടി’യായതു കൊണ്ടാണ് പൊന്നാനിയില്‍ മഊനത്തുല്‍ ഇസ്‌ലാം സഭ പൊന്തിയത്. കോഴിക്കോട് തര്‍ബിയത്തുല്‍ ഇസ്ലാം സഭ ഉണ്ടായത്. ഹിമായത്തുല്‍ ഇസ്‌ലാം സ്‌കൂള്‍ ഉണ്ടായത്. അങ്ങനെ പലതും ഉണ്ടായത്. ഈ ഉമ്മത്ത് പിടിച്ചുനിന്നത്,’ അന്‍വര്‍ സാദിഖ് ഫൈസി എഴുതി.

ആനക്കയം ഖാന്‍ ബഹാദൂര്‍ ചേക്കുട്ടി സാഹിബ് മഞ്ചേരി പരിസരങ്ങളിലെ പല ദീനീ സ്ഥാപനങ്ങളുടെയും സംരക്ഷകനും നടത്തിപ്പുകാരനും മതഭക്തനുമായിരുന്നു. പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്ന നിലക്ക് കലാപകാരികളെ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നത് ശരി. ആ സമയത്ത് പോലും വിപ്ലവകാരികളുടെ നായകന്‍ ആലി മുസ്‌ലിയാരെ അയാള്‍ സന്ദര്‍ശിച്ചിരുന്നു.

മുസ്‌ലിയാരെ സന്ദര്‍ശിച്ചു ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സായുധ പോരാട്ടം വന്‍വിപത്തുകള്‍ ക്ഷണിച്ചുവരുത്തുമെന്നും അതിനാല്‍ പിന്തിരിയണമെന്നും ഉണര്‍ത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘കലാപവുമായി ബന്ധപ്പെട്ടു പെരിന്തല്‍മണ്ണയില്‍ 400 മാപ്പിളമാരെ പിടികൂടുകയും പകുതിയോളം പേരെ വെടിവച്ചു കൊല്ലാന്‍ സ്‌പെഷ്യല്‍ കോര്‍ട്ട് സ്‌പെഷ്യല്‍ മജിസ്‌ട്രേറ്റ് ടി. ഓസ്റ്റിനും ശേഖരന്‍ കുറുപ്പും ഉത്തരവിട്ടപ്പോള്‍, ആ വിധി നടപ്പാന്‍ പാടില്ലെന്ന് ഉറക്കെ പറഞ്ഞ ഒരു സമുദായ സ്‌നേഹി ഉണ്ടായിരുന്നു. ഡി.വൈ.എസ്.പി ആമു.

നിങ്ങള്‍ കാഫിറാണെന്ന് വിധിയെഴുതിയ ആമു സൂപ്രണ്ട്. ഈ സമുദായം കുറച്ചെങ്കിലും പിച്ചവച്ചത് അവരുടെ കൂടി ഇടപെടല്‍ കൊണ്ടാണ്.
ഇനി പറയൂ, നിങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്ന വിപ്ലവ സിങ്കങ്ങള്‍ ഈ സമുദായത്തിനു വേണ്ടി എന്തു സംഭാവന ചെയ്തു? രക്തം കിനിഞ്ഞു കൊണ്ടേയിരിക്കുന്ന കുറേ മുറിപ്പാടുകളല്ലാതെ!,’ അന്‍വര്‍ സാദിഖ് ഫൈസി കൂട്ടിച്ചേര്‍ത്തു.

നേരത്തെ മലബാര്‍ കലാപം സംബന്ധിച്ച്  അന്‍വര്‍ സാദിഖ് ഫൈസി പറഞ്ഞതും വലിയ വാര്‍ത്തയായിരുന്നു.

കേരളത്തിലെ മുസ്‌ലിങ്ങള്‍ക്ക് സംഭവിച്ച ദുരന്തമാണ് മലബാര്‍ കലാപം എന്നാണ് അന്‍വര്‍ സാദിഖ് ഫൈസി പറഞ്ഞിരുന്നത്. ഒരു ഭരണകൂടത്തിനെതിരെയും സായുധ കലാപം പാടില്ലെന്ന ഇസ്‌ലാമിക കാഴ്ചപ്പാടാണ് ഇക്കാര്യത്തില്‍ സമസ്തയുടേതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Chekkutty and Amu Sahib have benefited the Muslim community, says EK samstha leader

We use cookies to give you the best possible experience. Learn more