| Saturday, 3rd August 2024, 12:25 pm

വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തില്‍, പുനരധിവാസം ഉടന്‍: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പലയിടത്തായി കുടുങ്ങിയപ്പോയ എല്ലാവരേയും കണ്ടെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനമാണ് ആദ്യഘട്ടത്തില്‍ നടന്നതെന്നും എന്നാല്‍ പ്രതീക്ഷ കൈവിടാതെ പരമാവധി ജീവനുകള്‍ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ആ ടീം പ്രവര്‍ത്തിച്ചുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കില്‍ അത് കണ്ടെത്തി രക്ഷപ്പെടുത്താനാണ് സ്വജീവന്‍ പോലും പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചത്.

നിലമ്പൂര്‍ മേഖലയില്‍ ചാലിയാറില്‍ നിന്ന് കണ്ടെടുക്കുന്ന മൃദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയാന്‍ വലിയ പ്രയാസം നേരിടുകയാണ്.

ഇതുവരെ ആകെ കണ്ടെടുത്തത് 215 മൃതദേഹങ്ങളാണ്. 87 സ്ത്രീകള്‍, 98 പുരുഷന്‍മാര്‍, 30 കുട്ടികള്‍. ഇതില്‍ 148 മൃതശരീരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഇനിയും കണ്ടെത്താന്‍ 206 പേരുണ്ട്. 81 പേര്‍ പരിക്കേറ്റ് ആശുപത്രികളില്‍ തുടരുകയാണ്.

34 സ്ത്രീകള്‍, 36 പുരുഷന്‍മാര്‍ 11 കുട്ടികള്‍ 206 പേരെ ഡിസ്ചാര്‍ജ് ചെയ്തു കഴിഞ്ഞിട്ടുണ്ട്. അവരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ വയനാട്ടില്‍ 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10042 പേര്‍ താമസിക്കുന്നുണ്ട്.

ചൂരല്‍മലയില്‍ 10 ക്യാമ്പുകളിലായി 1707 പേര്‍ താമസിക്കുന്നുണ്ട്. ദുരന്തമേഖലയിലും ചാലിയാറിലും തിരച്ചില്‍ തുടരുന്നുണ്ട്. ഇന്നലെ മാത്രം 40 ടീമുകള്‍ ആറ് സെക്ടറുകളായി തിരിഞ്ഞ് രാവിലെ ഏഴ് മണി മുതല്‍ തിരച്ചില്‍ ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

സിവില്‍ ഡിഫന്‍സ് ഉള്‍പ്പെടെ ഫയര്‍ഫോഴ്‌സില്‍ നിന്നും 460 പേര്‍, ദേശീയ ദുരന്ത നിവാരണ സേനയുടെ 120 അംഗങ്ങള്‍. വനംവകുപ്പില്‍ നിന്ന് 56 പേര്‍, പൊലീസ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് 64 പേര്‍. ഇന്ത്യന്‍ സേനയുടെ വിവിധ വിഭാഗങ്ങളായി മിലിട്ടറി എഞ്ചിനിയറിങ് ഗ്രൂപ്പ്, ഇലക്ട്രോണിക്‌സ് മെക്കാനിക്കല്‍ ബ്രാഞ്ച് ടെറിറ്റോറിയല്‍ ആര്‍മി, ഡിഫന്‍സ് ഗ്രൂപ്പ്, നേവി, കോസ്റ്റ്ഗാര്‍ഡ് ഇവയില്‍ നിന്നായി 640 പേര്‍. തമിഴ്‌നാട് ഫയര്‍ഫോഴ്‌സില്‍ നിന്ന് 44 പേര്‍. കേരള പൊലീസിന്റെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ നിന്ന് 15 പേര്‍ ഇങ്ങനെ ആകെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി 1419 പേരാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി അവിടെ തുടരുന്നത്. കേരള പൊലീസിന്റെ കെ 9 സ്‌ക്വാഡില്‍പ്പെട്ട നാല് നായകളും കരസേനയുടെ മൂന്ന് നായകളും ഈ ദൗത്യത്തില്‍ ഉണ്ട്.

തമിഴ്‌നാട് മെഡിക്കല്‍ ടീമില്‍ നിന്നുള്ള ഏഴ് പേരും സന്നദ്ധരായി രക്ഷാദൗത്യത്തില്‍ ഉണ്ട്. അട്ടമല, വെള്ളാര്‍മല, പുഞ്ചിരിമട്ടം ജി.വി.എച്ച്.എസ്.എസ് വെള്ളാര്‍മല, പുഴയുടെ അടിവാരം തുടങ്ങിയ സോണുകളില്‍ നടത്തിയ തിരച്ചിലില്‍ ഇന്നലെ 11 മൃതദേഹങ്ങള്‍ കണ്ടെത്തനായി.

തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന്റെ അംശം ഉണ്ടെങ്കില്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഹ്യൂമണ്‍ റെസക്യൂ റഡാര്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായിരുന്നു.

16 അടി താഴ്ചയിലുള്ള ജീവന്റെ അനക്കം കണ്ടെത്താന്‍ ഉപകരണത്തിന് കഴിയും. മണ്ണില്‍ പുതഞ്ഞ മൃതദേഹം കണ്ടെത്താന്‍ ഡ്രോണ്‍ ബേസ്ഡ് റഡാര്‍ ഉടന്‍ എത്തും.

പൊലീസും നീന്തല്‍ വിദഗ്ധരായ നാട്ടുകാരും ചാലിയാര്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ തുടരും. കേരള ജനതയൊന്നാകെ വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ നമ്മള്‍ ഒന്നിച്ചുനില്‍ക്കുകയാണ്.

പൊലീസും സൈന്യവും ഉള്‍പ്പൈയുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകര്‍, കെ.എസ്.ഇ.ബി, വനം, റവന്യു വകുപ്പുകള്‍, എല്ലാ പിന്തുണയും നല്‍കുന്ന നാട്ടുകാര്‍. തങ്ങളാല്‍ കഴിയുന്ന ഏത് സഹായത്തിനും സജ്ജരായ എണ്ണമറ്റ സഹോദരങ്ങള്‍ എല്ലാവരും ചേര്‍ന്ന് സഹായഹസ്തം നീട്ടുന്നു. മനുഷ്യരാണ് നാം ഏവരും എന്ന സഹോദര്യത്തിന്റേയും മാനവികതയുടേയും പതറാത്ത ബോധ്യമാണ് ഇന്ന് കേരളത്തില്‍ മുഴങ്ങുന്നത്.

അട്ടമലയിലെ ഉള്‍വനത്തില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഗോത്രവിഭാഗത്തിലെ നാല് കുട്ടികള്‍ ഉള്‍പ്പെടെ ആറംഗ കുടുംബത്തെ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. പാലം നിര്‍മാണം പൂര്‍ത്തിയായ ശേഷം കൂടുതല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയും നടന്നുവരുന്നുണ്ട്.

മൃതദേഹങ്ങള്‍ അടക്കം ചെയ്യുമ്പോള്‍ സര്‍വമതപ്രാര്‍ത്ഥന നടത്തുന്നതിന് പഞ്ചായത്തിന് മുന്‍കൈ എടുക്കാം. പുനരധിവാസം മികച്ച രീതിയില്‍ നടത്താനാവണം എന്നാണ് ആലോചിച്ചിട്ടുള്ളത്. വലിയ അധ്വാനവും മികച്ച ആസൂത്രണവും അതിന് ആവശ്യമാണ്.

അത് അതിവേഗം പൂര്‍ത്തിയാക്കണം. ഒരു വലിയ ജനവാസ മേഖലയാണ് മറഞ്ഞുപോയത്. അതിന് പകരം കൂടുതല്‍ സുരക്ഷിതമായ പ്രദേശം കണ്ടെത്തി ഒരു ടൗണ്‍ഷിപ്പ് തന്നെ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. ആവശ്യമായ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഏറ്റവും മാതൃകാപരമായ രീതിയില്‍ പുനരധിവാസ പദ്ധതി അതിവേഗം പൂര്‍ത്തിയാക്കാന്‍ ലഭ്യമായ എല്ലാ സൗകര്യവും ഉപയോഗിച്ച് പ്രവര്‍ത്തിക്കും.

വെള്ളാര്‍മല സ്‌കൂളിന്റെ അവസ്ഥ നമ്മള്‍ കണ്ടതാണ്. നിരവധി വിദ്യാര്‍ത്ഥികളെ ദുരന്തം കൊണ്ടുപോയി. പഠനം മുടങ്ങി. ഈ പ്രതിസന്ധി കാരണം കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുടക്കം വരാന്‍ പാടില്ല. ആവശ്യമായ സംവിധാനം ഉടനടി ഏര്‍പ്പെടുത്തും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് നമ്മള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അത് വലിയ രീതിയില്‍ ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ ചെവിക്കൊണ്ടു. ലോകത്താകെയുള്ള സുമനസുകള്‍ സഹായ സന്നദ്ധരായി.

ഓക്‌സ്‌ഫോര്‍ഡ് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ കേരളത്തെ സഹായിക്കണമെന്ന അഭ്യര്‍ത്ഥിച്ച് വീഡിയോ ചെയ്യാന്‍ തയ്യാറായി. സി.എം.ഡി.ആര്‍.എഫ് സംഭാവന ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ധനവകുപ്പിന്റെ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം ചുമതല നല്‍കും. ധനസെക്രട്ടറിയുടെ കീഴില്‍ തന്നെ പ്രത്യേക ഉദ്യോഗസ്ഥന്‍ അതിന്റെ ചുമതല വഹിച്ചുകൊണ്ട് പ്രവര്‍ത്തിക്കും, മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: Pinarayi Vijayan On Wayanad landslide and Rehabilitation

We use cookies to give you the best possible experience. Learn more