| Monday, 16th January 2017, 11:44 am

ഗാന്ധിയുടെ ചിത്രത്തിന് പകരം മോദിയുടെ ചിത്രം വെച്ചത് അല്‍പ്പത്തരം: ഇഷ്ടപ്പെടാത്ത അഭിപ്രായം പറയുന്നവരോട് രാജ്യം വിടാന്‍ പറയാന്‍ ആര്‍.എസ്.എസ്സിന് എന്തവകാശമെന്നും പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായം പറയുന്നവരോട് രാജ്യം വിട്ടുപോകാന്‍ പറയാന്‍ ആര്‍.എസ്.എസ്സുകാര്‍ക്ക് എന്ത് അവകാശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. അത് മസസ്സിലാക്കാന്‍ തയ്യാറാകാതെ ആര്‍.എസ്.എസ് പ്രകോപനം സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ആര്‍.എസ്.എസ് പ്രചാരകനായ നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനത്തിരുന്ന് ജനാധിപത്യവിരുദ്ധ നിലപാടുകളാണ് തുടര്‍ച്ചയായി സ്വീകരിക്കുന്നത്. അതു കണ്ട് കേരളത്തിലും ആര്‍.എസ്.എസ്സുകാര്‍ ഉറഞ്ഞുതുള്ളുകയാണ്.

നോട്ട് പിന്‍വലിച്ചത് ജനങ്ങള്‍ക്ക് ദുരിതമായെന്ന് പറഞ്ഞ എം.ടി വാസുദേവന്‍ നായരെ മ്ലേച്ഛമായി ആക്രമിക്കുന്നത് ആ മനോനില വെച്ചാണ്. നിങ്ങളാര് അങ്ങിനെ പറയാന്‍ എന്നാണ് ആര്‍.എസ്.എസ്സിന്റെ ചോദ്യം. സ്വന്തം അനുഭവം വിളിച്ചുപറയാന്‍ ആരുടെയെങ്കിലും അനുമതി ആവശ്യമുണ്ടോ.

ജനങ്ങള്‍ അംഗീകരിക്കുന്ന കലാകാരനാണ് കമല്‍. അദ്ദേഹത്തോട് പാകിസ്ഥാനിലേക്ക് പോകാനാണ് പറയുന്നത്. എങ്ങോട്ടാണ് ഇവര്‍ ഈ നാടിനെ കൊണ്ടുപോകുന്നത്. അതേസമയം സി.കെ പത്മനാഭനെപ്പോലുള്ളവരുടെ അഭിപ്രായവും കാണേണ്ടതുണ്ട്. അവര്‍ക്കിടയിലും നേരെ ചൊവ്വേ ചിന്തിക്കുന്നവര്‍ വരുന്നുണ്ട് എന്നാണിത് കാണിക്കുന്നത്.


സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കും വഹിക്കാത്തവര്‍ ഇപ്പോള്‍ ഗാന്ധിജിയുടെ ചിത്രത്തെപ്പോലും വെച്ചേക്കില്ലെന്ന നിലപാടിലാണ്. ഒരു പ്രധാനമന്ത്രി ഇത്രയും താഴാന്‍ പാടില്ല. ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന ഗാന്ധിജിയുടെ ചിത്രം ആളുകളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. ആ ചിത്രം മാറ്റി മോദിയുടെ ചിത്രം പ്രതിഷ്ഠിച്ചതിനെ അല്‍പ്പത്തരത്തിന്റെ അങ്ങേയറ്റമെന്നേ പറയാനാവൂ.

മതനിരപേക്ഷത തകര്‍ക്കാനള്ള ആര്‍.എസ്.എസ് നീക്കങ്ങള്‍ക്ക് പിന്തുണയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഓരോ നടപടികളും. ഇത് ചെറുക്കാനും തുറന്നു കാട്ടാനും മനുഷ്യത്വത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന എല്ലാവരും തയാറാകേണ്ടതുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more