എല്ലാം സംശയത്തോടെ കാണണം; നടപടികളിലും തീരുമാനങ്ങളിലും രാഷ്ട്രീയ പരിഗണ ഉണ്ടാകരുത്: പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് മുന്നറിയിപ്പുമായി പിണറായി വിജയന്‍
Daily News
എല്ലാം സംശയത്തോടെ കാണണം; നടപടികളിലും തീരുമാനങ്ങളിലും രാഷ്ട്രീയ പരിഗണ ഉണ്ടാകരുത്: പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് മുന്നറിയിപ്പുമായി പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th December 2016, 11:44 am

pinarayi668w

തിരുവനന്തപുരം: പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ യാതൊരു വിധത്തിലുള്ള പാരിതോഷികങ്ങളും സ്വീകരിക്കരുതെന്നും കാര്യങ്ങള്‍ നേടിയെടുക്കാന്‍ വരുന്ന ഏജന്റുമാരെ ശ്രദ്ധിക്കണമെന്നും പിണറായി മുന്നറിയിപ്പ് നല്‍കി.

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടേതായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

നടപടികളിലും തീരുമാനങ്ങളിലും രാഷ്ട്രീയ പരിഗണന ഉണ്ടാകരുതെന്നും എല്ലാ കാര്യങ്ങളും സംശയത്തോടെ കാണണമെന്നും പിണറായി പറഞ്ഞു. എന്നാല്‍ സംശയം രോഗമാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു വകുപ്പിലേയും അഴിമതി വെച്ച് പൊറുപ്പിക്കില്ല. അത്തരത്തില്‍ എന്തെങ്കിലും കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ശക്തമായ നടപടി തന്നെ പ്രതീക്ഷിക്കാമെന്നും പിണറായി പറഞ്ഞു.

പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി ഇന്ന് യോഗം വിളിച്ചുചേര്‍ത്തത്.


വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തിലെ കാലതാമസവും പേഴ്സണല്‍ സ്റ്റാഫുകള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളും യോഗത്തില്‍ ചര്‍ച്ചാ വിഷയമായി. ഫയല്‍ നീക്കം വേഗത്തിലാക്കാനും ഓഫീസ് പ്രവര്‍ത്തനത്തിലെ അപാകത ഒഴിവാക്കാനുമായി മുഖ്യമന്ത്രി നിര്‍ദേശങ്ങള്‍ നല്‍കി.

കഴിഞ്ഞവാരം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പേഴ്സണല്‍ സ്റ്റാഫുകളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചത്. മന്ത്രിമാര്‍ വഴിയാണു യോഗത്തില്‍ പങ്കെടുക്കാന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കിയത്.

താല്‍പര്യമുണ്ടെങ്കില്‍ മന്ത്രിമാര്‍ക്കും യോഗത്തില്‍ പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. രാവിലെ 9.30ന് തൈക്കാട് ഗസ്റ്റ് ഹൗസിലായിരുന്നു യോഗം.