കൊച്ചി: മീന്‍ വിഭവങ്ങള്‍ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. കേരളത്തിലെ കരിമീന്‍ പൊള്ളിച്ചതും മത്തിയും കപ്പയുമെല്ലാം ലോക പ്രസിദ്ധമാണ്. ഇപ്പോഴിതാ മറ്റൊരു കിടിലന്‍ മീന്‍ വിഭവത്തിന്റെ റെസിപ്പിയുമായി എത്തിയിരിക്കുകയാണ് ഷെഫ് സുരേഷ് പിള്ള.
ഷെഫ് പിള്ളയുടെ സ്‌പെഷ്യല്‍ മീനച്ചാറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വ്യത്യസ്ത വിഭവങ്ങളുടെ റെസിപ്പികള്‍ തന്റെ ഫേസ്ബുക്കിലൂടെ ഷെഫ് സുരേഷ് പിള്ള വീഡിയോകളായി പങ്കുവെയ്ക്കാറുണ്ട്.
ഈ വീഡിയോകള്‍ക്ക് നിരവധി ആരാധകരാണ് ഉള്ളത്. റാവിസ് ഗ്രൂപ്പ് കോര്‍പ്പറേറ്റ് ഷെഫ് ആണ് സുരേഷ് പിള്ള. നാടന്‍ ചൂര മീന്‍ ഉപയോഗിച്ചാണ് മീന്‍ അച്ചാര്‍ ഉണ്ടാക്കിയിരിക്കുന്നത്.
‘ചൂരെടെ സീസണ്‍ വന്നാല്‍ ഒന്നും നോക്കരുത്, പച്ചക്ക് വാങ്ങി കണ്ടിച്ച് മുറിച്ച് അച്ചാറിട്ടേക്കണം’ എന്നാണ് ഷെഫ് പറയുന്നത്. ബി.ബി.സിയുടെ മാസ്റ്റര്‍ ഷെഫ് പരിപാടിയില്‍ പങ്കെടുത്ത അപൂര്‍വ്വം ഇന്ത്യക്കാരില്‍ ഒരാളാണ് ഷെഫ് സുരേഷ് പിള്ള.
ഷെഫ് പിള്ളയുടെ സ്‌പെഷ്യല്‍ മീനച്ചാര്‍ റെസിപ്പി,
മീന്‍ തയ്യാറാക്കുന്നതിനുള്ള വസ്തുക്കള്‍
ചൂര മീന്‍ – 1.5 കിലോ
കശ്മീരി മുളക് പൊടി – 20 ഗ്രാം
കുരുമുളക് പൊടി – 10 ഗ്രാം
മഞ്ഞള്‍ പൊടി – 5 ഗ്രാം
വിനാഗിരി – 20 മില്ലി
ഉപ്പ് – ആവശ്യത്തിന്
അരിഞ്ഞ കറിവേപ്പില – ആവശ്യത്തിന്
അച്ചാറിലേക്ക് ആവശ്യമായ വസ്തുക്കള്‍
എള്ളെണ്ണ 50 മില്ലി
കടുക് – 5 ഗ്രാം
ഉലുവ – 2 ഗ്രാം
വെളുത്തുള്ളി – 150 ഗ്രാം
ഇഞ്ചി – 40 ഗ്രാം
പച്ചമുളക് – 3-4
കശ്മീരി മുളക് പൊടി
മഞ്ഞള്‍ പൊടി
വറുത്ത ഉലുവ പൊടി
കായപ്പൊടി
ഉപ്പ്
കറി വേപ്പില
തയ്യാറാക്കുന്ന വിധം
കഷ്ണങ്ങളായി മുറിച്ച ചൂര മീനില്‍ കശ്മീരി മുളക് പൊടി, മഞ്ഞള്‍ പൊടി, കുരുമുളക് പൊടി, മഞ്ഞള്‍ പൊടി, വിനാഗിരി, ഉപ്പ്, കറിവേപ്പില എന്നിവ നന്നായി മിക്‌സ് ചെയ്ത് തേച്ചു പിടിപ്പിക്കുക്ക. മുപ്പത് മിനിറ്റിന് ശേഷം മീന്‍ ഒരു ചട്ടിയില്‍ പൊടിഞ്ഞ് പോകാതെ കറിവേപ്പില ചേര്‍ത്ത് മുക്കാല്‍ ഭാഗം വറുത്ത് എടുത്ത് മാറ്റി വെയ്ക്കുക.
പിന്നീട് ഒരു മണ്‍ ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകും ഉലുവയും ഇട്ട് പൊട്ടിക്കുക. തുടര്‍ന്ന് വെളുത്തുള്ളിയിട്ട് ഇളക്കുക. തുടര്‍ന്ന് ഇഞ്ചി പൊടിയായി അരിഞ്ഞത് ചേര്‍ക്കുക. തുടര്‍ന്ന് കറിവേപ്പിലയും ചേര്‍ത്ത് ഇളക്കുക. നന്നായി മൂത്ത് വരുമ്പോള്‍ മുളക് പൊടിയും മഞ്ഞള്‍ പൊടിയും ഉലുവ പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക.
ഇതിലേക്ക് ആവശ്യത്തിന് ഉപ്പും വറുത്ത് വെച്ച മീനും ചേര്‍ത്ത് ഉടഞ്ഞ് പോകാതെ ഇളക്കുക. തുടര്‍ന്ന് കുഴമ്പ് പരുവം ആകുന്ന വിധത്തില്‍ വിനാഗിരിയും ഒരല്‍പം കായപ്പൊടിയും ചേര്‍ക്കുക. എരിവും പുളിയും ആവശ്യത്തിന് അനുസരിച്ച് സെറ്റ് ആക്കിയ ശേഷം തണുക്കാന്‍ വെയ്ക്കുക. മീനച്ചാര്‍ റെഡി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക