Advertisement
Entertainment news
'പത്ത് പന്ത്രണ്ട് പേര്‍ ഭക്ഷണം കഴിച്ച ടേബിള്‍ സ്വന്തം വീട്ടിലെന്ന പോലെ ലാലേട്ടന്‍ വൃത്തിയാക്കി'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 02, 04:03 am
Wednesday, 2nd August 2023, 9:33 am

മോഹന്‍ലാലിനൊപ്പമുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ഷെഫ് സുരേഷ് പിള്ള. ദോഹയില്‍ ഫുട്‌ബോള്‍ വേള്‍ഡ് കപ്പ് കാണാന്‍ വന്ന സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് മേശ മോഹന്‍ലാല്‍ വൃത്തിയാക്കിയെന്ന് ഷെഫ് പിള്ള പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വേള്‍ഡ് കപ്പ് ടൈമില്‍ ലാലേട്ടന്‍ കളി കാണാന്‍ ദോഹയില്‍ വന്നിരുന്നു. അദ്ദേഹത്തിന്റെ ഒരു സുഹൃത്തുണ്ട്. അവിടെ വരുമ്പോള്‍ ആ സുഹൃത്തിന്റെ വീട്ടിലാണ് ലാലേട്ടന്‍ താമസിക്കാറുള്ളത്. ലാലേട്ടന്‍ ഒരു സ്ഥലത്ത് ചെന്നാല്‍ അവിടെ ചുരുങ്ങിയത് ഒരു 20 സുഹൃത്തുക്കള്‍ കാണും. അവരെല്ലാം അദ്ദേഹത്തെ കാണാന്‍ വരും.

അവിടെ നമ്മുടെ റെസ്റ്ററന്റ് ഓപ്പണ്‍ ചെയ്ത സമയമാണ്. അവിടെ നിന്നും ബിരിയാണി കൊണ്ടുവന്നു. എല്ലാവരും ഭക്ഷണം കഴിച്ചു. അതിന് ശേഷം ഇനിയും ഗസ്റ്റുകള്‍ വരാനുണ്ട്. അവര്‍ക്കുള്ള ഭക്ഷണവും ടേബിളില്‍ ഇരിപ്പുണ്ട്. ഭക്ഷണം കഴിച്ച് കഴിഞ്ഞ് എല്ലാവരും ലാലേട്ടന് ചുറ്റും നിന്ന് വര്‍ത്തമാനം പറയുകയാണ്. അദ്ദേഹം തിരിഞ്ഞ് നോക്കുമ്പോള്‍ ഡൈനിങ്ങ് ടേബിളിലെ ഭക്ഷണമൊക്കെ അതേപടി ഇരിക്കുകയാണ്.

പുള്ളി വന്ന് എല്ലാം എടുത്തുമാറ്റി, ടേബിള്‍ വൃത്തിയാക്കി. ബിരിയാണി അടച്ചുവെച്ചു. അദ്ദേഹം ചെയ്യുന്നത് കണ്ടപ്പോള്‍ എല്ലാവരും ഓടിവന്നു. ആ വീട്ടില്‍ ഒരുപാട് സ്റ്റാഫുകള്‍ ഉള്ളതാണ്. ഭക്ഷണം ഇനിയും ആളുകള്‍ കഴിക്കാനുണ്ട് അത് ചൂടോടെ കഴിക്കണം എന്ന് ലാലേട്ടന്‍ പറഞ്ഞു.

പുള്ളി അവിടുത്തെ ഗസ്റ്റാണ്. അദ്ദേഹം അതെല്ലാം ക്ലിയര്‍ ചെയ്യുകയാണ്. പത്ത് പന്ത്രണ്ട് പേര് കഴിച്ച ടേബിളാണ്. പുള്ളി സ്വന്തം വീട് പോലെ ഇനിയും ആളുകള്‍ വരാനുണ്ട് എന്ന് ചിന്തിച്ച് വൃത്തിയാക്കി,’ ഷെഫ് പിള്ള പറഞ്ഞു.

Content Highlight: Chef Suresh Pillai shares his experience with Mohanlal